|    Apr 23 Mon, 2018 7:46 am
FLASH NEWS

കൊട്ടിക്കലാശം ജില്ലയില്‍ ആവേശമായി

Published : 4th November 2015 | Posted By: SMR

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി ദിവസങ്ങള്‍ നീണ്ട പരസ്യ പ്രചരണത്തിന് ജില്ലയില്‍ ആവേശകരമായ കൊട്ടിക്കലാശം. വിവിധ മുന്നണികളും പാര്‍ട്ടികളും സമാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തന്നെ വലിയ ആവേശത്തിലായിരുന്നു.
ഓരോ ഡിവിഷന്‍ കേന്ദ്രീകരിച്ച് ചെറുജാഥകളും ബൈക്ക് റാലികളുമായി വിവിധ പാര്‍ട്ടിപ്രവര്‍ത്തകര്‍ സമാപന മണിക്കൂറുകള്‍ ആഘോഷമാക്കിയപ്പോ ള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും തങ്ങളാല്‍ കഴിയും വിധം കൊട്ടിക്കലാശം കെങ്കേമമാക്കി. നഗര, ഗ്രാമ വ്യത്യാസമില്ലതെ ഒാ രോ മുക്കിലും മൂലയിലും വരെ വാദ്യമേളങ്ങളും മൈക്ക് അനൗണ്‍സ്‌മെന്റുകളും പ്രകടനങ്ങളും തകര്‍ത്താടുകയായിരുന്നു. ഭൂരിഭാഗം സ്ഥാനാര്‍ഥികളും ഇന്നലെ ഒരിക്കല്‍ കൂടി പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായി ഡിവിഷന്‍ ചുറ്റി വോട്ട് അഭ്യര്‍ഥിച്ചു. മൂന്നു മണിമുതല്‍ കൊട്ടിക്കലാശത്തിന്റെ തീവ്രത വര്‍ധിച്ച് നാലുമണിയായതോടെ ഉച്ചസ്ഥായിയിലെത്തി. കൊച്ചി നഗരത്തില്‍ മേനക ജങ്ഷന്‍, ഹൈ ക്കോര്‍ട്ട് ജങ്ഷന്‍,— കറുകപ്പള്ളി, തമ്മനം, കടവന്ത്ര, തേവര, രവിപുരം, നോര്‍ത്ത്, കലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രചരണം പൊടിപാറി.
കാലടി: ടൗണിലും സമീപപഞ്ചായത്തുകളിലും കൊട്ടിക്കലാശം ആര്‍ഭാടമായിട്ടാണ് നടന്നത്. ഇവിടെ പ്രശ്‌നങ്ങളും വാഹനക്കുരുക്കും ഒഴിവാക്കാന്‍ യുഡിഎഫിന് ടൗണ്‍ ജങ്ഷനിലും എല്‍ഡിഎഫിന് മറ്റൂര്‍ കവലയും ബിജെപിക്ക് ബസ് സ്റ്റാന്റ് പരിസരവുമാണ് അനുവദിച്ചിരുന്നത്. അനുവദിച്ചിരുന്ന സ്ഥലങ്ങളില്‍ അതത് വിഭാഗക്കാര്‍ പരമാവധി മികവാര്‍ന്നതും ആര്‍ഭാടപൂര്‍ണവുമാക്കി. വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. പ്രശ്‌നങ്ങളില്ലാതെ സുഗമമായ രീതിയില്‍ അഞ്ചുമണിയോടെ എല്ലാത്തരം പരസ്യപ്രചരണങ്ങളും പര്യവസാനിച്ചു. ശ്രീമൂലനഗരം, കാഞ്ഞൂര്‍, മലയാറ്റൂര്‍, അയ്യമ്പുഴ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ വന്‍ ജനാവലിയാണ് കൊട്ടിക്കലാശം കാണുന്നതിന് തടിച്ചുകൂടിയിരുന്നത്. ശ്രീമൂലനഗരത്ത് ആശുപത്രികവലയിലായിരുന്നു ജനസഞ്ചയം തടിച്ചുകൂടിയത്. ഇതുമൂലം റോഡിലൂടെ ഒരു സൈക്കിള്‍ പോലും കടന്നുപോവാത്ത സ്ഥിതിയായിരുന്നു. നീലീശ്വരം കവല, ഇല്ലിത്തോട്, കാഞ്ഞൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും സമാനരീതിയിലാണ് ഉണ്ടായത്. ഇന്ന് നിശബ്ദപ്രചരണം നടക്കും.
മൂവാറ്റുപുഴ: തദ്ദേശതിരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ആഘോഷമാക്കി. കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ സ്ഥാനാര്‍ഥികള്‍ വാര്‍ഡുകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ അവസാനശ്രമവും നടത്തുകയായിരുന്നു. ഇടത്-വലത് മുന്നണികള്‍ക്ക് പുറമെ എസ്ഡിപി ഐയും ബിജെപിയും വിമത സ്വതന്ത്രരും അണിനിരന്നതോടെ കൊട്ടിക്കലാശത്തിന് വീറും വാശിയും ഏറെയായിരുന്നു. മുന്നണി പ്രവര്‍ത്തകര്‍ മുഖത്തും ശരീരത്തിലും ചായം തേച്ചാണ് പലയിടത്തും രംഗത്തിറങ്ങിയത്.
നഗരത്തില്‍ കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ മുഹമ്മദിന്റെ മുഖത്തും കണ്ണിലും ചായം വീണ് അസ്വസ്ഥതയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളെയപേക്ഷിച്ച് ഇക്കുറി നഗരം കൊട്ടിക്കലാശത്തിന് വേദിയായില്ല. വന്‍ പോലിസ് സന്നാഹം നഗരത്തില്‍ വിന്യസിച്ചിരുന്നെങ്കിലും കാര്യമായി വാഹനങ്ങളുടെ തിരക്ക് അനുഭപ്പെട്ടില്ല. പായിപ്ര പഞ്ചായത്തിലെ കൊട്ടിക്കലാശത്തെത്തുടര്‍ന്ന് എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളിയിലും ദേശീയപാതയില്‍ പെരുമറ്റത്തും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന പ്രചരണം അവസാനിക്കുമ്പോള്‍ ശുഭപ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. ഇന്ന് നിശബ്ദ പ്രചരണത്തിലൂടെ പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം.
വൈപ്പിന്‍: വൈപ്പിനിലെ ചെറായി, ഗോശ്രീ ജങ്ഷന്‍ എന്നിവടങ്ങളില്‍ കൊട്ടിക്കലാശം നടന്നു. ചെറായിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികള്‍ക്കു പുറമെ ബിജെപിയും പ്രചാരണ കൊട്ടികലാശത്തില്‍ ആവേശത്തോടെ പങ്കെടുത്തു.ഗോശ്രീ ജങ്ഷനി ല്‍ നടന്ന കൊട്ടികലാശത്തി ല്‍ നാലരയോടെ ആദ്യം ബിജെപി പ്രവര്‍ത്തകരും പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകരും അവസാനം യുഡിഎഫ് പ്രവര്‍ത്തകരുമെത്തി. അതേസമയം പൊലിസും സ്ഥലത്തെത്തി.കൊടികളും ബോര്‍ഡുകളും ചെണ്ട, ബാ ന്റ് തുടിയ വാദ്യോപകരണങ്ങളും പ്രചാരണത്തിന് കൊഴുപ്പേകി.അഞ്ചായപ്പോള്‍ത്തന്നെ കൊട്ടിക്കലാശം അവസാനിപ്പിച്ചു.
പെരുമ്പാവൂര്‍: കൊട്ടികലാശത്തില്‍ എസ്ഡിപിഐ പ്രചരണ രീതികള്‍ ജനങ്ങളില്‍ ശ്രദ്ധേയമായി. പെരുമ്പാവൂര്‍ നഗരസഭയിലെ കാഞ്ഞിരക്കാടും ഒക്കല്‍ പഞ്ചായത്തിലെ ഒണംമ്പിള്ളിയിലും രായമംഗലം പഞ്ചായത്തിലെ വെങ്ങോലയിലെ ചെറുവേലിക്കുന്നിലുമാണ് കൊട്ടികലാശം നടന്നത്.
നഗരസഭയിലെ കാഞ്ഞിരക്കട് നടന്ന പ്രചരണത്തില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരാണ് രണ്ടാം വാര്‍ഡില്‍ മല്‍സരിക്കുന്ന സുല്‍ഫിക്കറിനും മൂന്നാം വാര്‍ഡിലെ ഷാനവാസിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വാഹനങ്ങളുടേയും മറ്റും അകമ്പടിയോടെ കൊട്ടികലാശം നടത്തിയത്. ഒക്കല്‍ പഞ്ചായത്തില്‍ മൂന്നും നാലും വാര്‍ഡുകളില്‍ എസ്പിപിഐ ശ്രദ്ധേയമായി മല്‍സരരംഗത്തുള്ള എം എച്ച് ഷമീറിന്റെയും സി എ മുഹമ്മദിന്റെയും കൊട്ടികലാശം ഉച്ചയ്ക്ക് മൂന്നു മുതല്‍ ആരംഭിച്ചു. ബൈക്ക് റാലി രണ്ടു വാര്‍ഡുകളിലൂടേയും ചുറ്റി സഞ്ചരിച്ച് ഓണംമ്പിള്ളിയില്‍ സമാപിച്ചു. രായമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സരിക്കുന്ന കെ എ ഹബീബാണ് കൊട്ടികലാശത്തില്‍ പഞ്ചായത്തില്‍ മുന്നിട്ട് നിന്നത്. വട്ടക്കാട്ടുപടിയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രചരണം കൊഴുപ്പിച്ചത്. വാഴക്കുളം ബ്ലോക്ക് വഞ്ചിനാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ബാബിയ ടീച്ചറും വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുബൈദ സിദ്ധീഖിന്റേയും കൊട്ടികലാശം വാഹനപ്രചരണത്തോടെ മാവിന്‍ചുവടില്‍ നിന്നും ആരംഭിച്ച് മുടിക്കലില്‍ ചുറ്റി സഞ്ചരിച്ച് ചെറുവേലിക്കുന്നില്‍ സമാപിച്ചു.
കാക്കനാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ നടത്തിയ കലാശകൊട്ട് വളരെ സമാധാനപരമായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ ശാന്തമായ പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ തൃക്കാക്കരയില്‍ നടന്നത്. അതിന്റെ അവാസന ഘട്ടമായിരുന്നു ഇന്നലെ വൈകുന്നേരം അഞ്ചിന് എല്ലായിടത്തും ഒരേ സമയം തീര്‍ന്നത്. ഇന്നലെ രാത്രി മുതല്‍ ഇന്നും ലഭ്യമാവുന്ന വോട്ടിന്റെ കൂട്ടലും കുറക്കലുമാണ് നടക്കുന്നത്. കലാശക്കൊട്ട് കഴിഞ്ഞ ശേഷം തൃക്കാക്കരയിലെ എല്ലാവാര്‍ഡുകളിലും ബെന്നി ബഹനാന്‍ എംഎല്‍എയും മണ്ഡലം പ്രസിഡന്റ് എം ഒ വര്‍ഗീസും ഒന്നിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികളെ കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇനിയുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്താണ് അവസാനിപ്പിച്ചത്.
മരട്: നഗരസഭയില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തിലൂടെ പരിസമാപ്തി കുറിച്ചു. മരട് കൊട്ടാരം ജങ്ഷനിലും നെട്ടൂര്‍ ധന്യാ ജങ്ഷനിലും നെട്ടൂര്‍ ജുമാ മസ്ജിദ് ജങ്ഷന്‍ എന്നിവിടങ്ങളിലായിട്ടാണ് കൊട്ടിക്കലാശം നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss