|    Oct 17 Tue, 2017 3:13 pm

കൊട്ടിക്കലാശം ഇന്ന്; സ്ഥാനാര്‍ഥികള്‍ക്ക് ജീവന്‍മരണ വോട്ടോട്ടം

Published : 14th May 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു ഇന്നു വൈകീട്ട് അഞ്ചിനു തിരശ്ശീല വീഴുമെന്നതിനാല്‍ സ്ഥാനാര്‍ഥികളെല്ലാം ജീവന്‍മരണ വോട്ടോട്ടത്തില്‍. സ്ഥാനാര്‍ഥി നിര്‍ണയവും വിവാദങ്ങളും വിമതപ്രശ്‌നവുമെല്ലാം മാറ്റിനിര്‍ത്തി ഇനി അടിയൊഴുക്കുകള്‍ തടയാനുള്ള തീവ്രവെപ്രാളം.
കലാശക്കൊട്ടിലെ സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ മണ്ഡലങ്ങളിലും വിവിധ കേന്ദ്രങ്ങള്‍ വിവിധ പാര്‍ട്ടികള്‍ക്കായി പോലിസ് തരംതിരിച്ചു നല്‍കിയിട്ടുണ്ട്. തളിപ്പറമ്പില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട മണ്ഡലങ്ങളിലെ പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടിക്കലാശത്തിന്റെ സ്ഥലങ്ങള്‍ നിര്‍ണയിച്ചത്. പരസ്യപ്രചാരണത്തിന്റെ അന്തിമനിമിഷങ്ങള്‍ തങ്ങളുടേതാക്കി മാറ്റാന്‍ അടവുകളെല്ലാം പയറ്റുകയാണ് സ്ഥാനാര്‍ഥികള്‍.
ഇന്നു വൈകീട്ട് അഞ്ചിനു ശേഷം ഒരു ദിവസം നിശബ്ദ പ്രചാരണത്തിനുള്ളതാണ്. ഇത്രയേറെ ദേശീയ-സംസ്ഥാന നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയത് കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. മാത്രമല്ല, കൊട്ടിക്കലാശത്തിനു ബൈക്ക് റാലി വിലക്കിയതിനാല്‍ മിക്ക സ്ഥാനാര്‍ഥികളും ഇന്നലെയാണ് റോഡ് ഷോ നടത്തിയത്. യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ എം ഷാജിയുടെ കൊട്ടിക്കലാശം ഇന്നു വൈകീട്ട് 4നു വളപട്ടണം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് പുതിയതെരുവില്‍ സമാപിക്കും.
പ്രധാനമന്ത്രി മുതല്‍ ചലച്ചിത്ര താരങ്ങള്‍ വരെ വോട്ട് പിടിക്കാനെത്തി. ന്യൂജെന്‍ രീതിയായ ഫഌഷ് മോബും തെരുവുനാടകവും സഞ്ചരിക്കുന്ന സ്‌ക്രീനുകളും മണിക്കൂറുകള്‍ നീണ്ട കലാസന്ധ്യ വരെ തിരഞ്ഞെടുപ്പിനു കൊഴുപ്പേകി. സാധാരണയായി ജില്ലയില്‍ ഉയര്‍ന്നുവരുന്ന കള്ളവോട്ട് ആരോപണം ഇക്കുറിയും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും കനത്ത സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ അടിയൊഴുക്കുകളും വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം പരസ്യമായി പ്രകടിപ്പിക്കാനുള്ള സമയം ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയായിരിക്കുമ്പോള്‍ മുന്നണികളും മറ്റു പാര്‍ട്ടികളുമെല്ലാം തികച്ചും ആത്മവിശ്വാസത്തിലും അതോടൊപ്പം ആശങ്കയിലും തന്നെയാണ്.
പ്രവചനാതീതമെന്നതിനു പുറമെ അഴീക്കോട്ടും കൂത്തുപറമ്പും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. കണ്ണൂരിലും ഇരിക്കൂറിലും പേരാവൂരിലും യുഡിഎഫിനു വിമതഭീഷണിയുണ്ടെങ്കിലും ജയിച്ചുകയറാനാവുമെന്നു തന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫാവട്ടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം രണ്ടുസീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വാശിയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക