|    Apr 27 Fri, 2018 2:33 am
FLASH NEWS

കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികള്‍; അങ്കമാലിയില്‍ സംഘര്‍ഷം

Published : 15th May 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടര മാസത്തോളം നീണ്ടുനിന്നു പരസ്യ പ്രചാരണം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും നേതൃത്വത്തില്‍ വാദ്യഘോഷങ്ങള്‍ക്കൊപ്പം മുദ്രാവാക്യങ്ങളും കൊടി തോരണങ്ങളും ലഹരി തീര്‍ത്ത് കൊട്ടികലാശിച്ചു.
അങ്കമാലിയില്‍ ഇടത് വലത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലേറു നടത്തിയതൊഴിച്ചാല്‍ ജില്ലയിലെ കൊട്ടിക്കലാശം പൊതുവെ സമാധാനപരമായിരുന്നു. പ്രകടനത്തിനിടെ ടൗണില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ പ്രവര്‍ത്തകര്‍ കൊടി ഉയര്‍ത്താന്‍ ശ്രമിച്ചതുമാണ് അങ്കമാലിയില്‍ സംഘര്‍ഷത്തിനു വഴിവച്ചത്.
ഇരു പക്ഷവും ചേരി തിരിഞ്ഞ് കല്ലേറു നടത്തിയതോടെ ദേശീയപാത അല്‍പനേരത്തേയ്ക്ക് സംഘര്‍ഷ ഭൂമിയായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് പോലിസും കേന്ദ്ര സേനയും ലാത്തി വീശി പ്രവര്‍ത്തകരെ ഒഴിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു.
ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള നിരത്തുകളും ജങ്ഷനുകളും കീഴടക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും നേതൃത്വത്തില്‍ ശബ്ദ പ്രചാരണത്തിന് ഇന്നലെ വൈകീട്ട് ആറോടെ സമാപനം കുറിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് എന്നി മുന്നണികള്‍ക്കൊപ്പം എസ്ഡിപിഐ-എസ്പി സഖ്യം, എന്‍ഡിഎ എന്നീ പാര്‍ട്ടികളും കൊട്ടിക്കലാശം ആഘോഷമാക്കി മാറ്റി.
കാലടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ സമാപനമായി നടന്ന കൊട്ടിക്കലാശം കാലടിയില്‍ ദൃശ്യവിസ്മയമായി. കാലടി ടൗണില്‍ യുഡിഎഫിനും മറ്റൂര്‍ കവല എല്‍ഡിഎഫിനുമാണ് അനുവദിച്ചിരുന്നത്. ഇരുകൂട്ടരും പരസ്പരം ചെളിവാരിയെറിഞ്ഞും പാരഡി ഗാനാലാപനം, ബാന്റ് മേളം, നിരവധി വാഹനങ്ങളില്‍ താളവാദ്യങ്ങളോടെയെത്തിയ പ്രവര്‍ത്തകരും ഇവരെ നിയന്ത്രിക്കാനും ഗതാഗതതടസ്സം ഒഴിവാക്കുന്നതിനും നിരന്ന നേതാക്കളുമായപ്പോള്‍ സംഗതി കൊഴുത്തു. കൂടാതെ പോലിസ്, കേന്ദ്രസേന എന്നിവരുടെ ബന്തവസ്സും കൂടിയായപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചുവന്നു. മുന്‍ വര്‍ഷങ്ങളിലെ ഓര്‍മവച്ച് സമാപനസമയം 5 മണിയെന്നുധരിച്ച് നാലുമണിക്ക് ടൗണില്‍ പ്രചാരണ വാഹനങ്ങള്‍ എത്തിത്തുടങ്ങി. ഇരുകൂട്ടരുടേയും നേതാക്കള്‍പോലും അഞ്ചുമണിയെന്നാണ് കരുതിയിരുന്നതെന്നത് വിചിത്രമായി. ആറുമണിയോടെ ഇരുകവലകളും ജനങ്ങളും വാഹനങ്ങളും വന്ന് തിങ്ങിയ നിലയിലായിരുന്നു. ഇരുകൂട്ടരുടേയും സമാപനകേന്ദ്രങ്ങള്‍ ദൂരെയായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കാലടിയില്‍ കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടത്തിയത്.
മൂവാറ്റുപുഴ: പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പ് വാനോളമുയര്‍ത്തി മൂവാറ്റുപുഴയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കലാശക്കൊട്ട്. ഇന്നലെ ഉച്ചമുതലാണ് മുന്നണി സ്ഥാനാര്‍ഥികളുടെയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകര്‍ കലാശക്കൊട്ടിന് ആവേശം പകരാന്‍ ശബ്ദ കോലാഹലങ്ങളുടെ അകമ്പടിയോടെ രംഗത്തിറങ്ങിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ പോസ്‌റ്റോഫിസ് കവലയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രാഹം കച്ചേരിത്താഴത്തും എസ്ഡിപിഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ കുഞ്ഞ് എവറസ്റ്റ് കവലയിലും ബിജെപി സ്ഥാനാര്‍ഥി പി ജെ തോമസ് നെഹ്‌റു പാര്‍ക്കിലും പിഡിപി സ്ഥാനാര്‍ഥി അബൂബക്കര്‍ തങ്ങള്‍ പായിപ്ര കവലയിലും കേന്ദ്രീകരിച്ചാണ് പ്രചാരണത്തിനു സമാപനം കുറിച്ചത്.
സ്ഥാനാര്‍ഥികള്‍ക്ക് കലാശക്കൊട്ടിന് പ്രത്യേക സ്ഥലങ്ങള്‍ നേരത്തെതന്നെ അധികൃതര്‍ അനുവദിച്ചിരുന്നു. പ്രചാരണം അവസാനിപ്പിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പിരിഞ്ഞുപോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് നഗരത്തിലും എംസി റോഡിലെ പായിപ്ര കവലയിലും അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിച്ചത്. കലാശക്കൊട്ടിന് നഗരത്തിലും പ്രധാന കേന്ദ്രങ്ങളിലും വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss