|    Jan 22 Sun, 2017 7:21 am
FLASH NEWS

കൊട്ടാരക്കര റിങ് റോഡ്: ബജറ്റില്‍ പ്രതീക്ഷ കൈവിട്ടില്ല

Published : 9th July 2016 | Posted By: SMR

കൊല്ലം: കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട റിങ് റോഡിന് ബജറ്റില്‍ 15 കോടി. ഇതോടെ പദ്ധതിക്ക് വീണ്ടും പുതുജീവന്‍ വച്ചിരിക്കുകയാണ്.

കൊല്ലം- തിരുമംഗലം ദേശീയപാതയും എംസി റോഡും ടൗണിലാണ് സന്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വാഹന ഗതാഗതവും വളരെ കൂടുതലാണ്. റോഡുകള്‍ക്കാകട്ടെ വീതി വളരെ കുറവും. റോഡുകളുടെ വീതികൂട്ടുന്നത് പ്രായോഗകമല്ലെന്ന് കണ്ടതോടെയാണ് റിങ് റോഡെന്ന ആശയം ഉദിച്ചത്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് റിങ് റോഡിനായി സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫണ്ട് അനുവദിച്ചതോടെ പദ്ധതി യാഥാര്‍ത്യമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. അഴിക്കാന്‍ ശ്രമിക്കുംതോറും കൂടുതല്‍ മുറുകുന്നതാണ് കൊട്ടാരക്കരയിലെ ഗതാഗത കുരുക്ക്. കുരുക്ക് ഒഴിവാക്കാനുള്ള ഏക പോംവഴി റിങ് റോഡ് യാഥാര്‍ഥ്യമാക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കു മൂലം ഈ പ്രധാന റോഡുകള്‍ സംഗമിക്കുന്ന പുലമണ്‍ കവലയില്‍ ഗതാഗത സ്തംഭനം പതിവാണ്. ദിവസവും അടുത്തടുത്ത സമയങ്ങളില്‍ ഗതാഗത സ്തംഭനമുണ്ടാക്കുന്നത് വാഹനയാത്രികരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡ്യൂട്ടിയിലുണ്ടാകുന്ന പോലിസിന്റെയോ ട്രാഫിക് സിഗ്നല്‍ സിസ്റ്റത്തിന്റെയോ നിയന്ത്രണത്തിലൊതുങ്ങുന്നതല്ല ഇവിടുത്തെ ഗതാഗത പ്രശ്‌നം. ചുരുങ്ങിയത് അരമണിക്കൂറെങ്കിലുമെടുത്ത് ഒരു കുരുക്ക് അഴിക്കുമ്പോള്‍ അടുത്ത കുരുക്ക് ആരംഭിച്ചിരിക്കും. അടിക്കടി തകരാറിലാകുന്ന ട്രാഫിക് സിഗ്നല്‍ സിസ്റ്റമാണ് ഇവിടെയുള്ളതും.അതേസമയം, ബൈപാസോ, റിങ്‌റോഡോ നിലവില്‍ വരുന്നതുവരെ ഉള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് കൊട്ടാരക്കരയിലെ ഗതാഗത കുരുക്കഴിക്കാന്‍ 12 ഇന കര്‍മ പരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പോലിസ്. കോളജ് ജങ്ഷന്‍ മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍വേ സൈഡ് പാര്‍ക്കിങ് നടപ്പാക്കുമെന്നതാണ് ആദ്യനിര്‍ദ്ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യും. സ്ഥിരം പാര്‍ക്കിങ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയും. മര്‍മ്മപ്രധാനമായ 30 സ്ഥലങ്ങളില്‍ സിസിടിവി കാമറ സ്ഥാപിച്ച് ടൗണിനെ കാമറ കണ്ണിനുള്ളിലാക്കും. ഇതിനെ എസ്പി ഓഫിസുമായി ബന്ധിപ്പിക്കും.ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിങ് നിരോധിക്കാനും പോലിസ് നടപടികള്‍ ആരംഭിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക