|    Aug 20 Sun, 2017 12:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസ് : അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപോര്‍ട്ട്‌

Published : 8th August 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി നേതാക്കളില്‍ നിന്നു കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപോര്‍ട്ട്. പ്രതികള്‍ക്കെതിരേ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്ന രീതിയില്‍ കേസ് ചുരുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ല. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ്  അന്വേഷണ ചുമതല. എന്നാല്‍, ഇദ്ദേഹവും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സിഐമാരില്‍ ഒരാളും ദിവസങ്ങളായി വകുപ്പുതല കോഴ്‌സുകളിലായിരുന്നു. സംഘത്തില്‍ അംഗമായ തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്ക് കൊല്ലങ്കോട് സിഐ ആയി സ്ഥലംമാറ്റം കിട്ടുകയും ചെയ്തു.  കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലാണ് ക്രൈംബ്രാഞ്ച് ഇപ്പോഴെന്നാണ് സൂചന. യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രാജീവിന്റെ സഹോദരന്‍ രാജേഷ്, ഇവരുടെ പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില്‍ നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്‌സ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. കള്ളനോട്ടടി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റമൊന്നും ചുമത്താതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.  കേസില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതെന്നാണ് റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക