|    Sep 26 Wed, 2018 12:06 pm
Home   >  Todays Paper  >  page 9  >  

കൊടുങ്കാറ്റിന് പിന്നാലെ ജപ്പാനില്‍ വന്‍ ഭൂചലനം

Published : 7th September 2018 | Posted By: kasim kzm

ടോക്കിയോ: കാല്‍നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിന് പിന്നാലെ ജപ്പാനില്‍ ഭൂചലനം. ജപ്പാന്റെ വടക്കന്‍ മേഖലയായ ഹൊക്കയിഡോ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രാദേശികസമയം 1.15ഓടെയാണ് ആദ്യ പ്രകമ്പനമുണ്ടായത്. മൂന്നോടെ വീണ്ടും ഭൂചലനമുണ്ടായി.
സാപ്പോറോ പട്ടണത്തെയാണ് ഭൂചലനം രൂക്ഷമായി ബാധിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഒമ്പതു പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. 18 പേരെ കാണാതായി. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹൊക്കായിഡോയിലെ തൊമാരി ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. എന്നാല്‍ അടയന്തര പവര്‍ സപ്ലൈ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിച്ചു. 20,000 ദുരിതാശ്വാസ പ്രവര്‍ത്തകരെ പ്രദേശത്തേക്കു നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ജെബി കൊടുങ്കാറ്റിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ജപ്പാനിലെ പ്രധാന എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. കൊടുങ്കാറ്റില്‍ ഇന്നലെ വൈകീട്ട് വരെ 10 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു. ഒസാക്ക, കോബെ, ക്യോട്ടോ നഗരങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന കന്‍സായി എയര്‍പോര്‍ട്ടാണ് അടച്ചത്. ടാങ്കര്‍ ഇടിച്ച് ഇവിടേക്കുള്ള പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അടയ്‌ക്കേണ്ടി വന്നത്.
ദ്വീപില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് പാലം വഴിയാണു ജപ്പാന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത്. 3000 യാത്രക്കാരാണു രാത്രി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെ പിന്നീട് സ്പീഡ് ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. പലയിടത്തും കാറുകളും മറ്റു വാഹനങ്ങളും കാറ്റില്‍ പറന്നുപോയി. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം നിലച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss