|    Jan 20 Fri, 2017 11:29 am
FLASH NEWS

കൊടും ചൂടുണ്ടാവും; ആശുപത്രികള്‍ ജാഗ്രത പാലിക്കണം 

Published : 28th April 2016 | Posted By: SMR

_heat-Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടുണ്ടാവുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഇനിയും ഉയരും. ഉഷ്ണക്കാറ്റ് (ഹീറ്റ് വേവ്) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഇന്ന് അതികഠിനമായ ചൂടുണ്ടാവുമെന്നുമാണു മുന്നറിയിപ്പ്.
പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണജല പ്രവാഹമായ എല്‍നിനോ പ്രതിഭാസം ശക്തമായി തുടരുന്നതും വരണ്ട കാറ്റു വീശുന്നതുമാണു ചൂട് വര്‍ധിക്കാന്‍ കാരണം. ഇതോടൊപ്പം, ഭൂമധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളിലും ചൂട് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ ഭൂപ്രദേശങ്ങളിലെയും അവസ്ഥ അനുസരിച്ച് മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണു മുന്നറിയിപ്പ്.
ചൂട് പ്രതീക്ഷിച്ചതിനേക്കാള്‍ ഏറിയതോടെ സംസ്ഥാനം കൊടും വരള്‍ച്ചയിലേക്കാണു നീങ്ങുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ആശുപത്രികള്‍ക്കും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നാണു നിര്‍ദേശം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രികളില്‍ ഉണ്ടാവണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പുറംജോലികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. പോലിസടക്കം പൊതുനിരത്തില്‍ ജോലിചെയ്യുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ഇതു പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. പുറത്തേക്ക് ഇറങ്ങേണ്ടിവന്നാല്‍ കുട കൈയില്‍ കരുതണം. ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലേറ്റതിനെത്തുടര്‍ന്ന് എന്തെങ്കിലും ക്ഷീണം അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം. അങ്കണവാടികളിലും ആശുപത്രികളിലും തൊഴിലിടങ്ങളിലും വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ചൂടാണ് ഇപ്പോള്‍ സംസ്ഥാനത്ത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് റെക്കോഡ് ചൂട് (41.9) രേഖപ്പെടുത്തിയ പാലക്കാട്ട് ഇന്നലെ 41.6 ഡിഗ്രി സെല്‍ഷ്യസായി താപനില കുറഞ്ഞിട്ടുണ്ട്. ചൂട് കൂടിയതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. സൂര്യതാപം സൂര്യാഘാതത്തിനു വഴിമാറാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.
ഇതിനിടെ പത്തനംതിട്ടയില്‍ പൊതുനിരത്തില്‍ ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പോലിസുകാര്‍ക്ക് സൂര്യതാപമേറ്റു. കോഴഞ്ചേരി സിഐ എസ് വിദ്യാധരന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അശോക്കുമാര്‍ എന്നിവര്‍ക്കാണു സൂര്യതാപമേറ്റത്. അയിരൂര്‍ ഇടത്രാമണ്ണില്‍ കേസന്വേഷണത്തിനു പോയപ്പോഴായിരുന്നു ഇത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ 70 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നതായി ഭൂജല വകുപ്പ് അറിയിച്ചു.

 

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ സൂര്യതാപമേറ്റ് ഇതുവരെ മരിച്ചത് ആറുപേര്‍. 147 പേര്‍ക്കു പൊള്ളലേറ്റതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വയനാട്, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യതാപമേറ്റത് പാലക്കാട് ജില്ലയിലാണ്- 67 പേര്‍ക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനിലയും പാലക്കാട് ജില്ലയിലാണ്. ഇതാണ് ഇവിടെ സൂര്യതാപമേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
മലപ്പുറം, കൊല്ലം- 17, ആലപ്പുഴ- 9, എറണാകുളം-7, കോഴിക്കോട്, വയനാട്- 5, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍- 4, കണ്ണൂര്‍-3, ഇടുക്കി-1 എന്നിങ്ങനെയാണ് സൂര്യതാപമേറ്റവരുടെ മറ്റു ജില്ലകളിലെ കണക്ക്. വയനാട് ജില്ലയിലെ നല്ല തമ്പിയാണ് ഈ വര്‍ഷം സൂര്യതാപമേറ്റ് ആദ്യം മരണമടഞ്ഞത്. ഈ മാസം 16ന് ആലപ്പുഴ കായംകുളം ചേരാംപള്ളി സ്വദേശി സുഭാഷാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.
പകല്‍, പ്രത്യേകിച്ച് ഉച്ചസമയത്ത് പൊതുഇടങ്ങളില്‍ തൊഴിലെടുക്കുന്നവരാണ് സൂര്യതാപമേല്‍ക്കുന്നവരില്‍ കൂടുതലും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ശേഷം 3 മണിവരെ വീടിനുപുറത്തു പണിയെടുക്കരുതെന്നാണ് ആരോഗ്യ, ദുരന്തനിവാരണ, തൊഴില്‍ വകുപ്പ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, കരാറുകാര്‍ പലരും ഇക്കാര്യം പാലിക്കാറില്ലെന്നാണ് ആക്ഷേപം.
തൊഴില്‍മേഖലയില്‍ ജോലിസമയത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ലേബര്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വേനലവധിയായതിനാല്‍ കുട്ടികളെയും ഈ സമയം പുറത്തിറക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളും ആരോഗ്യവകുപ്പു നല്‍കിയിട്ടുണ്ട്. വെയിലുള്ളപ്പോള്‍ കഴിവതും ജോലികള്‍ ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനം.അഥവാ പുറത്തിറങ്ങിയാല്‍ കുടയോ തൊപ്പിയോ ഉപയോഗിക്ക ണം. പണിയെടുക്കുന്നവര്‍ ഇടയ്ക്കിടെ തണലില്‍ വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ പോലും ദിവസേന 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഇളംനിറമുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ ഏറെ മുന്‍കരുതലെടുക്കണം. ബൈക്ക് യാത്രികര്‍ തുടര്‍ച്ചയായി കടുത്ത വെയിലില്‍ സഞ്ചരിക്കരുത്. 60 വയസ്സ് കഴിഞ്ഞവര്‍ ചൂടുകാലം പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത വെയിലില്‍ ഇവരുടെ ശാരീരികക്ഷമത പെട്ടെന്നു കുറയാനും തളര്‍ന്നുപോവാനും സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാനുള്ള സാഹചര്യമുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. സൂര്യാഘാതമേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മരണം വരെ സംഭവിക്കാമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
തൃശൂര്‍: സൂര്യതാപമേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക ന്‍ മരിച്ചു. പുഴയ്ക്കലിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാടസ്വാമി(55)യാണു മരിച്ചത്. പുഴയ്ക്കല്‍ കേളത്തു മെറ്റല്‍സിലെ ജീവനക്കാരനായ ഇയാള്‍ക്കു ജോലിക്കിടെ കഴിഞ്ഞ ദിവസമാണു പൊള്ളലേറ്റത്.
വെയിലത്ത് ഇരുമ്പുകമ്പി മുറിക്കുകയായിരുന്ന മാടസ്വാമിയെ മറ്റു ജോലിക്കാര്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, അമല ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരിച്ചു. ഒരാഴ്ചയായി അര ഡസനിലധികം പേരാണു സൂര്യതാപമേറ്റു ചികില്‍സ തേടിയെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് സാനു എം പരമേശ്വരന്‍ പറഞ്ഞു.
ഇരിക്കൂര്‍: സൂര്യതാപമേറ്റ് ചെങ്കല്‍ ക്വാറിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടക കാവേരിയില്‍ മുഹമ്മദ് ഇഖ്ബാല്‍(40) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂര്‍ ചെങ്കല്‍പണയില്‍ മെഷീന്‍ ഓപറേറ്ററായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സഹതൊഴിലാളികള്‍ സ്വദേശത്തേക്കു കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 132 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക