|    Jun 23 Fri, 2017 9:16 pm
FLASH NEWS

കൊടിഞ്ഞി ഫൈസല്‍ വധം; ഗൂഢാലോചന തെളിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം

Published : 25th November 2016 | Posted By: SMR

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗര്‍ ഫൈസല്‍ വധക്കേസിലെ ഗൂഢാലോചന തെളിഞ്ഞെങ്കിലും അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. കൊല നടത്താന്‍ ഗൂഢാലോചന നടത്തിയവരും ബന്ധുക്കളും ഉള്‍പ്പെടെ ആറോളം പേരാണ് പോലിസ് കസ്റ്റഡിയില്‍ ഇപ്പോഴുള്ളത്. ഭാര്യയും മക്കളും മതം മാറുമെന്ന ഭീതിയിലാണ് ഫൈസലിനെ മതംമാറ്റത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടപ്പോളാണ് തീവ്രഹിന്ദു സംഘടനയുടെ സഹായം തേടിയത്. ഇവര്‍ യോഗംചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരും പോലിസ് വലയിലാണ്. അന്വേഷണം മുഖ്യസംഘാടകനിലേക്കാണ്. ഫൈസലിന്റെ ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ചര്‍ച്ച ചെയ്ത യോഗം സംഘടിപ്പിച്ചയാളെയാണ് പോലിസ് തിരയുന്നത്. ഇയാളെ കിട്ടിയാല്‍ കൊലപാതക കൃത്യം നടത്തിയവരെ കണ്ടെത്താനാവുമെന്നാണ് പോലിസിന്റെ നിഗമനം. മലപ്പുറം ഡിവൈഎസ്പി ടിഎം പ്രദീപിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയവരെ കുറിച്ച് പോലിസ് അന്വേഷിച്ചു വരികയാണ്. ഇതിനായി സിസിടിവി കാമറയിലെ ദൃശ്യങ്ങളും മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നുണ്ട്. ഞായറാഴ്ച വിദേശത്ത് പോവാനിരിക്കുന്ന ഫൈസലിനെ ശനിയാഴ്ച പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് വരുന്ന ഭാര്യാ മാതാപിതാക്കളെ താനൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി ശനിയാഴ്ച പുലര്‍ത്തെ സുഹൃത്തിന്റെ ഓട്ടോറിക്ഷയുമായി പുറപ്പെട്ടതായിരുന്നു ഫൈസല്‍. ബൈക്കിലെത്തിയ സംഘമാണ് ഫൈസലിനെ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. പരിശീലനം ലഭിച്ച സംഘം മിനുട്ടുകള്‍ക്കകം കൃത്യം നിര്‍വഹിച്ചതായാണ് സംഭവം തെളിയിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റുള്ളവരെയും പിടികൂടാന്‍ അന്വേഷണസംഘം വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇവര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുകളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ളവര്‍ ഗൂഢാലോചന നടത്തിയതായുള്ള വ്യക്തമായ തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എൈന്നിട്ടും സംഭവം നടന്ന് ദിവസങ്ങളായിട്ടും ആരെയും അറസ്റ്റ് ചെയ്യാനാവാത്തതില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക