|    Dec 18 Tue, 2018 1:26 am
FLASH NEWS

കൊച്ചുകടവ്-കണക്കന്‍കടവ് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടിയില്ല

Published : 21st May 2018 | Posted By: kasim kzm

മാള: സഞ്ചാരയോഗ്യമല്ലാതായ കൊച്ചുകടവ്-കണക്കന്‍കടവ് റോഡ് നന്നാക്കാനുള്ള ഫണ്ടനുവദിച്ച് ആറ് മാസം പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ കാര്യമായി നീങ്ങാത്തതിനെതിരെ വ്യാപക പ്രതിഷേധം. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമുള്ള 40 ലക്ഷം രൂപയാണ് ആറുമാസം മുന്‍പനുവദിച്ചത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വാര്‍ത്ത വന്നതിനെതുടര്‍ന്നാണ് ഫണ്ടനുവദിച്ചത്.
രണ്ടാഴച മുന്‍പ് മാത്രമാണ് റോഡ് പണിയുടെ ഭാഗമായി എസ്റ്റിമേറ്റ് എടുത്തുപോയത്. ഇതിന്റെ പരിശോധന നടത്തി ടെണ്ടര്‍ ക്ഷണിച്ച് ടെണ്ടറാകണമെങ്കില്‍ ഇനിയും ഒന്നര മാസത്തോളമെടുക്കും. മഴക്കാലം തുടങ്ങാന്‍ ഇനി ഒന്നരയാഴ്ചയേയുള്ളൂ എന്നിരിക്കേ ടെണ്ടര്‍ ആയാലും റോഡിന്റെ പണി നീണ്ട് പോകാനാണ് സാദ്ധ്യത. നിലവില്‍ തന്നെ പാടെ തകര്‍ന്ന റോഡ് മഴക്കാലം കഴിയുന്നതോടെ കൂടുതല്‍ സഞ്ചാരയോഗ്യമല്ലാതാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പണിയുമെന്ന പ്രതീക്ഷയോടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടിനെ സ്‌നേഹിക്കുന്ന കുറേയേറെയാളുകള്‍ ചേര്‍ന്ന് റോഡിന്റെ വീതി എട്ടു മീറ്ററാക്കിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കി പൊതുമരാമത്ത് വകുപ്പ് പിന്‍മാറുകയായിരുന്നു. നാടിന്റെ സ്വപ്‌നമായ നല്ല റോഡെന്നതിന് സ്ഥലം വിട്ട് നല്‍കാത്തയിടങ്ങളില്‍ നിന്നും നാട്ടുകാര്‍ ഒന്നടങ്കം ബലമായി മതില്‍ പൊളിച്ചും മറ്റും റോഡിന്റെ വീതി കൂട്ടിയതിനെതിരെ ഏതാനും കേസുകള്‍ ഉണ്ടായിരുന്നതാണ് കാരണം.
നേതൃത്വം നല്‍കിയ ഏതാനും പേര്‍ക്ക് നല്ലൊരു തുക ബാദ്ധ്യത വരുത്തി കേസുക ള്‍ ഒത്തുതീര്‍പ്പാക്കിയെങ്കിലും റോഡിന്റെ അവസ്ഥക്ക് മാറ്റം വന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്ര വാര്‍ത്തകളേയും മറ്റും തുടര്‍ന്ന് ആവശ്യമായ വീതിയില്‍ സ്ഥലം നല്‍കിയാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി 2010 ജൂലൈ അഞ്ചിനാണ് ശ്രമദാനത്തിലൂടെ റോഡിന് എട്ടുമീറ്റര്‍ വീതി വരുത്തിയത്.
എന്നാല്‍ ചിലര്‍ തങ്ങളുടെ മതിലും മറ്റും പൊളിച്ച് റോഡിന് വീതി കൂട്ടിയതിനെതിരെ കോടതിയില്‍ കേസ് കൊടുത്തു. നൂറു കണക്കിന് ആളുകള്‍ മതിലും വേലിയും പൊളിച്ച് റോഡിന് വീതി കൂട്ടാനുണ്ടായിരുന്നെങ്കിലും നാല് പേരെ തിരഞ്ഞുപിടിച്ചാണ് അവര്‍ക്കെതിരെ കേസ് കൊടുത്തത്.
നാല് വര്‍ഷത്തിലധികമാണിവര്‍ കോടതികള്‍ കയറിയിറങ്ങിയത്. കേസ് ഒത്തുതീര്‍ന്നതോടെ അത്രയും നാള്‍ പൊളിഞ്ഞു കിടന്ന മതിലുകള്‍ റോഡിനെടുത്ത സ്ഥലം വിട്ട് വീട്ടുകാര്‍ പണിയുകയുമുണ്ടായി. റോഡ് ശ്രമദാനത്തിലൂടെ വീതി കൂട്ടിയ വേളയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ധേശാനുസരണം പി ഡബ്ല്യൂ ഡി എന്ന് രേഖപ്പെടുത്തിയ അതിര്‍ത്തി കുറ്റികള്‍ സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ വീതം മൂന്നു സെക്ഷനായി 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു. റോഡ് കേസിലകപ്പെട്ടതോടെ അനുവദിക്കപ്പെട്ട തുക മാരേക്കാട് റോഡിനായി വകമാറ്റി.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളിലായി വരുന്ന റോഡിന്റെ പണി നടത്താനായി ഗ്രാമപഞ്ചായത്തും യാതൊരു നീക്കവും നടത്തിയിരുന്നില്ല. കൊച്ചുകടവ് മുതല്‍ കണക്കന്‍കടവ് വരെ ആറ് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ പല ഭാഗങ്ങളും തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്. എളുപ്പവഴിയാണെങ്കിലും ദുരിതയാത്ര ഭയന്ന് പറവൂര്‍ക്കും മറ്റും കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വേറെ വഴിക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലം കഴിയുമ്പോള്‍ റോഡിലൂടെയുള്ള യാത്ര നടക്കുമോയെന്നാണ് വ്യാപകമായി ഉയരുന്ന ആശങ്ക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss