|    Sep 26 Tue, 2017 11:26 am
Home   >  Todays Paper  >  page 12  >  

കൊച്ചി മെട്രോ: 1350 കോടിയുടെ ഫ്രഞ്ച് വായ്പ ലഭ്യമാക്കും

Published : 8th November 2016 | Posted By: SMR

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിനും നഗര വികസന പദ്ധതികള്‍ക്കുമായി 1,350 കോടിയുടെ ഫ്രഞ്ച് സഹായം. കൊച്ചി മെട്രോയുടെ കാക്കനാടേക്കുള്ള രണ്ടാംഘട്ട വികസനത്തിനുള്‍പ്പെടെ വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയുടെ (എഎഫ്ഡി) ഉന്നതതലസംഘം സന്നദ്ധത അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതരും എഎഫ്ഡി പ്രതിനിധികളും തമ്മില്‍ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് വായ്പ ന ല്‍കാന്‍ സന്നദ്ധത അറിയിച്ചത്. മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താനാണ് ഫ്രഞ്ച് പ്രതിനിധികള്‍ കൊച്ചിയിലെത്തിയത്. ഫ്രഞ്ച് സഹായത്തോടെ ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികള്‍ നാളെയും മറ്റന്നാളും പാരിസില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം കൊച്ചി മെട്രോയെ പ്രതിനിധീകരിച്ച് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി മെട്രോ കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതിന് 2,100 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. ഇതിനൊപ്പം ആദ്യഘട്ടത്തിന്റെ ഭാഗമായി 161 കോടി രൂപ ചെലവില്‍ നഗര വികസന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഉള്‍പ്പെടെയാണ് 1,350 കോടി രൂപ ഫ്രഞ്ച് വായ്പ ഉദ്ദേശിക്കുന്നത്. മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണപുരോഗതിയില്‍ ഫ്രഞ്ച് പ്രതിനിധികള്‍ തൃപ്തി പ്രകടിപ്പിച്ചു. കൊച്ചിയുമായി കൂടുതല്‍ സഹകരണത്തിന് താല്‍പര്യമുണ്ടെന്ന് എഎഫ്ഡിയുടെ ഗതാഗതവിഭാഗം മേധാവി റിമ ലെ കോഗ്വെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാംഘട്ടത്തിലും നഗര വികസന പദ്ധതിയിലും സഹകരിക്കാന്‍ എഎഫ്ഡി നേരത്തേ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 161 കോടി രൂപ ചെലവില്‍ മെട്രോയ്ക്ക് അനുബന്ധമായി നഗരസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയുടെ 22 സ്‌റ്റേഷനുകളുടെ വികസനത്തിന് 100 കോടി, ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളുടെ വികസനത്തിന് 30 കോടി, നടപ്പാതയും സൈക്കിള്‍ ട്രാക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ 31 കോടി എന്നിങ്ങനെയാണു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കാക്കനാടേക്കുള്ള രണ്ടാംഘട്ടത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. പദ്ധതിക്ക് പൊതുനിക്ഷേപക ബോ ര്‍ഡിന്റെ (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്) അനുമതി പ്രതീക്ഷിക്കുകയാണ്. ഈ മാസാവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മറ്റ് മെട്രോകളില്‍ നിന്ന് കൊച്ചി മെട്രോയ്ക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഏറെയുള്ള മെട്രോയെന്നതാണ് ഇതില്‍ ഒന്ന്. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ മെട്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നലിംഗ വിഭാഗത്തിലുള്ളവര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനമുണ്ട്. ഇവയിലെല്ലാം ഫ്രഞ്ച് പ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക