|    Mar 26 Sun, 2017 2:51 pm
FLASH NEWS

കൊച്ചി മെട്രോ: റീ ടെന്‍ഡര്‍ കാലാവധി അവസാനിച്ചു കരാറുകാര്‍ പങ്കെടുത്തില്ല; നടപടിയുമായി ഡിഎംആര്‍സി

Published : 23rd August 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോയുടെ എറണാകുളം മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനില്ലെന്ന് കരാറുകാരായ എല്‍ആന്റ്ടി കമ്പനി. സ്ഥലമെടുപ്പ് പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് മുഖ്യ കരാറുകാര്‍ പിന്‍മാറിയത്.
കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പേട്ട വരെയുള്ള നിര്‍മാണം വിവിധ കരാറുകാര്‍ക്കായിട്ടാണ് വീതിച്ചുനല്‍കിയിരിക്കുന്നത്. ആലുവ മുതല്‍ കലൂര്‍ വരെയുള്ള ഭാഗം കൂടാതെ മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തേ എല്‍ ആന്റ്ടി ആയിരുന്നു ഏറ്റെടുത്തിരുന്നത്. ഈ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ കമ്പനിയുമായുള്ള കരാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് സോമ ഈ ഭാഗത്തെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍, സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്ന് അവരും അറിയിച്ചു. ഇതോടെ ഡിഎംആര്‍സി റീ ടെന്‍ഡര്‍ വിളിക്കുകയായിരുന്നു.
നിര്‍മാണസാമഗ്രികള്‍ വയ്ക്കാനും മറ്റുമായി വാടകയിനത്തില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്നതിനാല്‍ ഈ മേഖലയിലെ നിര്‍മാണം ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കുമെന്നാണ് കരാറുകാരുടെ നിലപാട്. അതിനിടെ ഡിഎംആര്‍സി റീ ടെന്‍ഡര്‍ ക്ഷണിച്ച കാലാവധി ഇന്നലെ അവസാനിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സഹിച്ച് മെട്രോ നിര്‍മാണത്തിന് ഇനിയില്ലെന്ന് നിലവിലെ കരാറുകാരായ സോമ അറിയിച്ചു. മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് വരെയുള്ള നിര്‍മാണത്തിന്റെ റീടെന്‍ഡറില്‍ സോമ പങ്കെടുത്തില്ല. ആലുവ മുതല്‍ കലൂര്‍ വരെയുള്ള ഭാഗങ്ങളില്‍  എല്‍ആന്റ്ടിയും കലൂര്‍ മുതല്‍ സൗത്ത് വരെ സോമയുമാണ് നിലവില്‍ മെട്രോയുടെ നിര്‍മാണം നടത്തുന്നത്. 2013ല്‍ ഉണ്ടാക്കിയ കരാര്‍ തുകയായ 434 കോടി രൂപയ്ക്ക് നിര്‍മാണം തുടരാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ ഡിഎംആര്‍സിയെ അറിയിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്തു നല്‍കാത്തതിനാലാണ് നിര്‍മാണം കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാതിരുന്നത്. 24 മണിക്കൂറും മെട്രോ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് അവകാശവാദമെങ്കിലും രാത്രി 11 മണിക്കുശേഷം മാത്രമേ എക്‌സ്‌കവേറ്റര്‍ അടക്കമുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ പദ്ധതി സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുന്നുള്ളൂവെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിന് പ്രതിദിനം ഏതാണ്ട് 14 ലക്ഷം രൂപയാണ് സോമയ്ക്കു മേ ല്‍ ഡിഎംആര്‍എസി പിഴ ചുമത്തിയിരിക്കുന്നത്. എല്‍ആന്റ്ടിക്കു മേല്‍ പ്രതിദിനം 20 ലക്ഷവും. ഇതുവരെയുള്ള നിര്‍മാണത്തില്‍ സോമയ്ക്ക് 30 കോടിയിലേറെയും എല്‍ആന്റ്ടിക്ക് 100 കോടിയിലേറെയും നഷ്ടം വന്നിട്ടുണ്ടെന്നാണ് കമ്പനിവൃത്തങ്ങ ള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇനിയും നഷ്ടം സഹിച്ച് റീ ടെന്‍ഡറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കരാറുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക