കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണ ഓട്ടവും വിജയകരം
Published : 22nd March 2016 | Posted By: SMR
കൊച്ചി: കൊച്ചി മെട്രോ യാഥാ ര്ഥ്യമാവുന്നതിനുള്ള കാത്തിരിപ്പിന്റെ ദൂരം കുറയുന്നു. മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടവും ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ മുട്ടം യാര്‍ഡ് മുതല്‍ ഇടപ്പള്ളിവരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ഓട്ടം. രാവിലെ 9.45ന് ആലുവ മുട്ടം യാര്‍ഡില്‍നിന്ന് ആരംഭിച്ച് ഇടപ്പള്ളി ലുലുമാളിനു സമീപം അവസാനിച്ചു.
ഒന്നാംഘട്ടത്തിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിനായി മെട്രോ ട്രാക്കിലെത്തിയത്. രണ്ടാംഘട്ടത്തില്‍ അഞ്ചു തവണ ഇടപ്പള്ളിയിലെത്തി മെട്രോ ട്രെയിന്‍ മടങ്ങി. ആദ്യം 10 കിലോമീറ്റര്‍ വേഗത്തിലും രണ്ടാമതും മൂന്നാമതും 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലുമായിരുന്നു ഓടിയത്. വൈകീട്ട് മൂന്നോടെയാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. മെട്രോയുടെ സാരഥികളെക്കൂടാതെ ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന്(ഡിഎംആര്‍സി), കൊച്ചി മെട്രോ റെയില്‍ കോര്പറേഷന്(കെഎംആര്‍എല്‍) പ്രതിനിധികള്‍ ഉള്‍പ്പെടെ 60ഓളം പേര് മെട്രോ ട്രെയിനില്‍ ഉണ്ടായിരുന്നു.
രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും അധികൃതര്‍ പറഞ്ഞു. വന്‍ ജനസഞ്ചയമാണ് മെട്രോയുടെ സഞ്ചാരത്തിനു സാക്ഷ്യം വഹിച്ചത്. ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള വലിയ കെട്ടിടങ്ങളുടെയും ഫഌറ്റുകളുടെയും മുകളില്‍ രാവിലെ മുതല്‍ മെട്രോയുടെ പരീക്ഷണ ഓട്ടം കാണാന്‍ ആളുകള്‍ സ്ഥാനം പിടിച്ചിരുന്നു. പലയിടത്തും ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് കേരളത്തിന്റെ പുതിയ ഗതാഗത സംവിധാനത്തെ വരവേറ്റത്. യാത്രക്കാര്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടും മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിനു സാക്ഷികളായി.
ഫെബ്രുവരി 27നായിരുന്നു ട്രാക്കിലൂടെയുള്ള ആദ്യ പരീക്ഷണം. അന്ന് മണിക്കൂറില്‍ അഞ്ചു മുതല്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍ മുട്ടം യാര്‍ഡില്‍ നിന്ന് കളമശ്ശേരി വരെയായിരുന്നു ഓടിയത്. ആദ്യഘട്ടത്തില്‍ ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സോഫ്റ്റ്വെയര് സംബന്ധമായ തകരാറുകളാണ് ഇതില്‍ പ്രധാനം. യാര്ഡിലൂടെയുള്ള നിരന്തര പരീക്ഷണങ്ങളിലൂടെ ഇവ പൂര്‍ണമായും പരിഹരിക്കാനായതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെ പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ട്രാക്കുകള്‍ വീണ്ടും പരിശോധിച്ചു. മൂന്നാം ഘട്ട പരീക്ഷണ ഓട്ടം മെയ് ആദ്യ വാരത്തില്‍ നടക്കും. മുട്ടം മുതല്‍ പാലാരിവട്ടം വരെയായിരിക്കും മൂന്നാം ഘട്ടം പരീക്ഷണ ഓട്ടം. ജൂലൈ മാസം മഹാരാജാസ് ഗ്രൗണ്ട് വരെ പരീക്ഷണം നീട്ടുമെന്നും അധികൃതര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.