|    Mar 23 Thu, 2017 5:57 pm
FLASH NEWS

കൊച്ചി മെട്രോ: മിനിമം നിരക്ക് 15 രൂപ

Published : 5th August 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് 15 രൂപയും ആലുവ മുതല്‍ പേട്ട വരെ  65 രൂപയും ഈടാക്കാമെന്ന നിര്‍ദേശത്തോടെ മെട്രോ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ശുപാര്‍ശ ബംഗളൂരുവിലെ ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്(കെഎംആര്‍എല്‍) സമര്‍പ്പിച്ചു. കെഎംആര്‍എല്ലിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ നിരക്കുകള്‍ ചര്‍ച്ച ചെയ്യും. ബോര്‍ഡ് യോഗത്തിന് ശേഷമേ നിരക്കുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ തിരക്കുള്ള സമയത്തും തിരക്കില്ലാത്ത സമയത്തും മെട്രോയില്‍ വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക. രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും  ആലുവ-പേട്ട യാത്രയ്ക്ക് 15 മുതല്‍ 65 രൂപ വരെ നല്‍കേണ്ടിവരുമെന്നാണ് നിര്‍ദേശത്തിലുള്ളത്. എന്നാല്‍, ഇതിനിടെയുള്ള സമയങ്ങളില്‍ ആലുവ മുതല്‍ പേട്ട വരെയെത്താന്‍ 50 രൂപ മതിയാവും. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്നോട്ട് വച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇളവുകളൊന്നും മെട്രോയിലുണ്ടാവില്ല.
ആലുവ മുതല്‍ പേട്ട വരെയുള്ള 25.612 കിലോമീറ്ററിനെ ആറ് ഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനാണ് 15 രൂപ. രണ്ട് മുതല്‍ 5 കിലോമീറ്റര്‍, 5 മുതല്‍ 10 കിലോമീറ്റര്‍, 10 മുതല്‍ 15 കിലോമീറ്റര്‍, 15 മുതല്‍ 20 കിലോമീറ്റര്‍ 20 മുതല്‍ 25 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മെട്രോയുടെ ടിക്കറ്റായി സ്മാര്‍ട്ട് കാര്‍ഡാണ് ഉദ്ദേശിക്കുന്നത്.
മെട്രോയ്ക്ക് അനുബന്ധമായി നടത്തുന്ന വാട്ടര്‍മെട്രോയ്ക്കും ഫീഡര്‍ സര്‍വീസിലുമെല്ലാം ഈ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാനാവും. ഇതിനായി പ്രത്യേകം പണം നല്‍കേണ്ട. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് തുടര്‍യാത്രയ്ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാവും. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആനുകൂല്യം. രാജ്യത്തെ മറ്റ് മെട്രോകളിലെയും ഗതാഗത സംവിധാനങ്ങളിലെയും നിരക്കുകള്‍ പഠിച്ച ശേഷമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  നിരക്ക് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചത്.

(Visited 526 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക