|    Jul 21 Fri, 2017 4:27 pm
FLASH NEWS

കൊച്ചി മെട്രോ : മഹാരാജാസ് ഗ്രൗണ്ട് വരെ ട്രയല്‍ റണ്‍ ആരംഭിച്ചു

Published : 15th July 2017 | Posted By: fsq

 

കൊച്ചി: രണ്ടാം ഘട്ട ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ച് കൊച്ചി മെട്രൊ മഹാരാജാസ് ഗ്രൗണ്ട് വരെ ട്രയല്‍ റണ്‍ നടത്തി. ഇന്നലെ രാവിലെ 10.50നു പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ആദ്യ ട്രയല്‍ റണ്ണിനു വേഗം 10 കിലോമീറ്ററായിരുന്നു. രണ്ടാം ട്രയല്‍ മുതല്‍ വേഗത 10 കിലോമീറ്റര്‍ വീതം വര്‍ധിപ്പിച്ച് 80 ല്‍ എത്തി. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കെഎംആര്‍എല്‍ പ്രൊജക്റ്റ് ഡയറക്റ്റര്‍ തിരുമന്‍ അര്‍ച്ചുനന്‍, ഡിഎംആര്‍സി പ്രൊജക്റ്റ് ഡയറക്റ്റര്‍ ഡാനിതോമസ് എന്നിവര്‍ ട്രെയിനില്‍ സഞ്ചരിച്ചു. കൊച്ചി മെട്രൊയുടെ ആദ്യ ഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായി ആലുവ മുതല്‍ മഹാരാജാസ് വരെയാണ് പരിഗണിച്ചിരുന്നതെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാനാവാത്തതിനെ തുടര്‍ന്ന് ഉദ്ഘാടനം ആലുവ പാലാരിവട്ടം റൂട്ടില്‍ നിജപ്പെടുത്തുകയായിരുന്നു. ഓണത്തിനു ശേഷം മഹാരാജാസ് വരെ സര്‍വീസ് ആരംഭിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് കെഎംആര്‍എല്‍. ആദ്യ പടിയെന്ന നിലയില്‍ ഇന്നലെ ഒരു ട്രെയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയ്‌നുകള്‍ പരീക്ഷണ ഓട്ടം നടത്തും. നാല് മെട്രൊ സ്റ്റേഷനുകളാണ് പാലാരിവട്ടത്തിനും മഹാരാജാസിനും ഇടയിലുള്ളത്. പാലാരിവട്ടത്തു നിന്നു യാത്ര ആരംഭിച്ച് അഞ്ചു കിലോ മീറ്ററിനിടെ സ്റ്റേഡിയം, കലൂര്‍, ലിസി ജങ്ഷന്‍, എംജി റോഡ്, എന്നീ സ്റ്റേഷനുകളാണുള്ളത്. ഇന്നലെ രാത്രി എട്ട് വരെ പരീക്ഷണ ഓട്ടം തുടര്‍ന്നു. ഓണത്തിനു ശേഷം മഹാരാജാസ് വരെ മെട്രൊ സര്‍വീസ് തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേഷനുകളുടെ പണികള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാവുന്ന മുറയ്ക്കായിരിക്കും സര്‍വീസ് ദീര്‍ഘിപ്പിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക