|    Oct 20 Fri, 2017 9:02 am
FLASH NEWS

കൊച്ചി മെട്രോ : ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം -ഹൈക്കോടതി

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മെട്രോ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം പൂര്‍ണമായും ലഭിക്കാത്തവര്‍ക്ക് രണ്ട് മാസത്തിനകം അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷം നഷ്ടപരിഹാരം അനുവദിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം വില്‍പന കരാര്‍, ധാരണാ പത്രം എന്നിവയിലൂടെ നഷ്ടപരിഹാരം തീരുമാനിച്ച് നടപ്പാക്കിയെന്നത് 2013ലെ നിയമം നടപ്പാക്കുന്നതിന് തടസ്സമല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പദ്ധതിക്ക് വേണ്ടി നിലവില്‍ സ്ഥലം വിട്ടുകൊടുത്തിട്ടുള്ളവര്‍ക്ക് ആ സ്ഥലത്തിന്‍ മേല്‍ അവകാശമുണ്ടായിരിക്കില്ല. 2013ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം 2014 ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതിന് ശേഷം വിജ്ഞാപനത്തിലൂടെ മെട്രോക്ക് ഭൂമി വിട്ടു നല്‍കിയവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമാണ് തങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചതെന്നും 2013 നിയമം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഭൂവുടമകളായിരുന്ന ബഷീര്‍, ഷാനവാസ്, ഷീരിജന്‍ തുടങ്ങിയവരാണ് ഹരജി സമര്‍പ്പിച്ചത്. ജന്മ സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോവുന്നതിനും കഷ്ട നഷ്ടങ്ങള്‍ക്കും തൃപ്തികരമായ നഷ്ടപരിഹാരം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2013ല്‍ നിയമം കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശരിയായ നഷ്ടപരിഹാരവും ഭൂമി ഏറ്റെടുക്കലിലെ സുതാര്യതയും ഉറപ്പാക്കലാണ് ലക്ഷ്യം. പൊതു പദ്ധതിയുടെ പേരില്‍ തൃപ്തികരമല്ലാത്ത രീതിയില്‍ സ്ഥലമുടമയെ ഇറക്കി വിടാന്‍ സര്‍ക്കാറിന് കഴിയില്ല. പഴയ നിയമപ്രകാരം ഒരാളുടെ സ്ഥലം ഏറ്റെടുത്ത ശേഷം തൊട്ടടുത്ത സ്ഥലം പുതിയ നിയമപ്രകാരം ഏറ്റെടുത്ത് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് ആദ്യത്തയാളുടെ മനുഷ്യാവകാശ ലംഘനമാണ്. ജനിച്ച മണ്ണില്‍ നിന്ന് ഇറങ്ങിയിട്ട് തൊട്ടടുത്ത് അല്‍പം ഭൂമി വാങ്ങാന്‍ സാമ്പത്തികാവസ്ഥ അനുവദിക്കാത്ത അവസ്ഥയിലായവരാണവര്‍. ഈ അവസ്ഥയില്ലാതാവാനാണ് 2013ല്‍ നിയമം കൊണ്ടുവന്നത്. പൗരന്റെ മൗലികാവകാശമായ സ്വത്തവകാശം നിയമപരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 2013ലെ നിയമം വന്നെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ആക്റ്റ് പ്രകാരം ധാരണയിലൂടെയോ വില്‍പന കരാറിലൂടെയോ സ്ഥലം ഏറ്റെടുക്കുന്ന നിലവിലെ നിയമം എടുത്തു മാറ്റിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.പൊതു വികസനത്തിന് സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് ന്യായവും തൃപ്തികരവുമായ നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാറിനും ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മെട്രോക്ക് സ്ഥലം ഏറ്റെടുത്തവര്‍ക്ക് 2013ലെ നിയമം തന്നെയാണ് സംസ്ഥാന സര്‍ക്കാറും നടപ്പാക്കേണ്ടത്. അതിനാല്‍, ഹരജിക്കാര്‍ക്ക് ഈ നിയമ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക