|    Jul 21 Fri, 2017 8:04 am
FLASH NEWS

കൊച്ചി മെട്രോ : പാലാരിവട്ടം-മഹാരാജാസ് ആദ്യ ട്രയല്‍ റണ്‍ ഇന്ന്‌

Published : 14th July 2017 | Posted By: fsq

 

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രൊയുടെ ആദ്യ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ആദ്യ ഘട്ട ഉദ്ഘാടനം പിന്നിട്ട് ഒരു മാസം തികയുമ്പോഴാണ് മഹാരാജാസിലേക്കുള്ള ആദ്യ ട്രയല്‍ റണ്ണിനായി കൊച്ചി മെട്രൊ തയാറെടുക്കുന്നത്. ഇന്ന് രാവിലെ 10.30 ന്് കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലുളള സ്റ്റേഷനില്‍ നിന്നായിരിക്കും ട്രെയിന്‍ ട്രയല്‍ റണ്‍ ആരംഭിക്കുന്നത്.ഇതിനുള്ള അന്തിമ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി. ട്രാക്കുകളും സിഗ്‌നല്‍ സംവിധാനങ്ങളും പൂര്‍ണ സജ്ജമായി കഴിഞ്ഞതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. മെട്രൊയുടെ ആദ്യ ഘട്ട ഉദ്ഘാടനം മഹാരാജാസ് വരെയാക്കണമെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തിയാകാതെ വന്നതോടെയാണ് മെട്രൊ ഉദ്ഘാടനം ആലുവ മുതല്‍ പാലാരിവട്ടം വരെയാക്കി ചുരുക്കിയത്. തുടര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ മഹാരാജാസ് വരെയുള്ള സര്‍വീസിനു മെട്രൊ തയാറെടുക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് മെട്രൊ ആദ്യ പരീക്ഷണ ഓട്ടത്തിനു തയാറെടുക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ രണ്ടു മുതല്‍ നാലു മാസങ്ങള്‍ക്കുള്ളില്‍ മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രൊ സര്‍വീസിനു സജ്ജമാകുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.  ആദ്യ ട്രയല്‍ എന്ന നിലക്ക് ഇന്ന് ഒരു ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും സര്‍വീസ്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ വേഗത കൂട്ടി അടുത്ത ദിവസം വീണ്ടും പരീക്ഷണം നടത്തും. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ട്രെയ്‌നുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം. ഇതും വിജയിച്ചാല്‍ മാത്രമേ ട്രെയിനില്‍ ഭാരം കയറ്റി ട്രയല്‍ റണ്‍ നടത്തു. ഇതിനു ശേഷം റെയില്‍വെ സുരക്ഷാ അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനു വേണ്ടി അപേക്ഷ നല്‍കും. ആദ്യ പരീക്ഷണ ഓട്ടത്തിനായി പാലാരിവട്ടത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ സ്റ്റേഡിയം, കലൂര്‍, ലിസി, നോര്‍ത്ത്, കച്ചേരിപ്പടി സ്റ്റേഷനുകളില്‍ എത്തിയ ശേഷമായിരിക്കും  എംജി റോഡ് വഴി മഹാരാജാസിലെത്തുക. ട്രാക്കുകളുടെ തകരാറുകള്‍ കണ്ടെത്തുന്നതിനായി വേഗത കുറച്ചായിരിക്കും ആദ്യ യാത്ര.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക