|    Oct 21 Sat, 2017 11:17 pm
FLASH NEWS

കൊച്ചി മെട്രോ : ഉദ്ഘാടന വേദി മാറിയതില്‍ ആലുവക്കാര്‍ക്ക് അമര്‍ഷം

Published : 16th June 2017 | Posted By: fsq

 

ആലുവ: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദി കൊച്ചിയിലേക്ക് മാറിയതില്‍ ആലുവക്കാര്‍ക്ക് അമര്‍ഷം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ട് അവസാന ഘട്ടത്തില്‍ ആലുവ അവഗണിക്കപ്പെട്ടതില്‍ നാട്ടുകാര്‍ കടുത്ത നിരാശയിലാണ്. കേരളത്തിന്റെ തന്നെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ ആലുവയില്‍ വച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. നിയമസഭയില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്തിരുന്നതാണ്. എന്നാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ഉദ്ഘാടന വേദി കലൂരിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വിവിധ വേദികള്‍ പരിശോധിച്ച ശേഷമാണ് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് പുറത്തുള്ള സ്ഥലത്ത് ഉദ്ഘാടന പരിപാടി നടത്താന്‍ അനുമതി നല്‍കിയത്. നാളെയാണ് ഉദ്ഘാടനം. ആലുവക്ക് പുറമെ കളമശ്ശേരി സെന്റ്. പോള്‍സ് ഗ്രൗണ്ടും ചടങ്ങിനായി പരിഗണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനും കെഎംആര്‍എല്ലിനുമെല്ലാം താല്‍പര്യം ആലുവയില്‍ നടത്തുന്നതിനോടായിരുന്നു. ആലുവ നഗരസഭയും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അന്നേ ദിവസം ബസുകള്‍ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കാമെന്ന് നഗരസഭ കെഎംആര്‍എല്ലിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ഠ സ്ഥലത്തിന് ചുറ്റും വന്‍കിട കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വേദി കലൂരിലേക്ക് മാറ്റിയത്. ആശയപരമായും രാഷ്ട്രീയമായും ഭിന്നതയുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഒരു ചടങ്ങ് ആലുവയില്‍ നടക്കണമെന്ന് ആലുവക്കാര്‍ ഏറെ ആഗ്രഹിച്ചിരുന്നു. മാത്രമല്ല, ഈ ചടങ്ങ് ആലുവക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായിരുന്നു. ചടങ്ങ് കൊച്ചിയിലേക്ക് മാറിയതില്‍ തങ്ങള്‍ക്കുള്ള അമര്‍ഷവും നിരാശയും  എല്ലാ രാഷ്ട്രീയക്കാരും സംഘടനകളും പരസ്യമാക്കിയിട്ടുണ്ട്.ആലുവയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയും യൂറയുമെല്ലാം മെട്രോ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ബാന്റ്് മേളവും ചെണ്ടയുമെല്ലാം ഇതിനകം ബുക്ക് ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക