|    Jul 26 Wed, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കൊച്ചി മെട്രോ: അതിവേഗ പരീക്ഷണ ഓട്ടം ആരംഭിച്ചു

Published : 25th July 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പാതയിലൂടെയുള്ള കൊച്ചി മെട്രോ ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം ആരംഭിച്ചു. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി സ്റ്റേഷന്‍ വരെയുള്ള പാതയില്‍ കൊച്ചി മെട്രോയുടെ പരമാവധി വേഗമായ മണിക്കൂറില്‍ 80 കിലോമീറ്ററിലാണ് മെട്രോ ട്രെയിന്‍ ഓടിയത്. പുതിയ കോച്ചുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. നേരത്തെ 35 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് പരീക്ഷണ ഓട്ടം നടത്തിയിട്ടുള്ളത്. രണ്ടാംഘട്ട അതിവേഗ പരീക്ഷണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. കളമശ്ശേരിക്കും മുട്ടത്തിനും ഇടയില്‍ ഇരു ദിശകളിലേക്കും 80 കിലോമീറ്റര്‍ വേഗത്തില്‍ പലവട്ടം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയതായി ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.
പരമാവധി വേഗത്തില്‍ ഓടിച്ച സമയത്ത് സാങ്കേതിക സംവിധാനങ്ങളും സിഗ്‌നലിങ് അടക്കമുള്ള കാര്യങ്ങളുമൊക്കെ കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ തുടങ്ങിയ പരീക്ഷണ ഓട്ടം രാത്രി 10 വരെ നീണ്ടു. ആഗസ്ത് 12 വരെ പരീക്ഷണ ഓട്ടം തുടരും. ഈ മാസം എട്ടിനാണ് രണ്ടാം സെറ്റ് കോച്ചുകള്‍ ശ്രീസിറ്റിയിലെ ആല്‍സ്റ്റോം നിര്‍മാണ കമ്പനിയില്‍ നിന്ന് കൂറ്റന്‍ ട്രെയിലര്‍ വഴി കൊച്ചിയിലെത്തിച്ചത്. ആകെ രണ്ടു സെറ്റ് കോച്ചുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. സപ്തംബറിനകം മുഴുവന്‍ കോച്ചുകളും കൊച്ചിയിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം.
25 ട്രെയിനുകളാണ് മെട്രോ സര്‍വീസിന്റെ ആദ്യ ഘട്ടത്തിലുണ്ടാവുക. റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) പരിശോധനയ്ക്കുള്ള ട്രയല്‍സിനായി പുതിയ കോച്ചുകള്‍ തന്നെ ഉപയോഗിക്കും. പരീക്ഷണ ഓട്ടത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെ മെട്രോ പരീക്ഷണ ഓട്ടം നടത്തും. പിന്നീട് ഇത് മഹാരാജാസ് വരെ എത്തിക്കും. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായാല്‍ യാത്ര സര്‍വീസ് തുടങ്ങാനാവും. യാത്ര സര്‍വീസിനു മുന്നോടിയായി റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഒട്ടേറെ പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം മാത്രമേ യാത്രാ സര്‍വീസിന് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളു. ആര്‍ഡിഎസ്ഒക്ക് പുറമേ കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയുടെയും അനുമതി യാത്രാ സര്‍വീസിന് ആവശ്യമാണ്. നേരത്തെ നിര്‍മാണം പൂര്‍ത്തിയായ ആദ്യ സെറ്റ് കോച്ചുകള്‍ ജനുവരി ആദ്യം കൊച്ചിയിലെത്തിച്ചിരുന്നു. ഫെബ്രുവരി 27നു നടന്ന ആദ്യഘട്ട പരീക്ഷണ ഓട്ടത്തില്‍ മുട്ടത്തെ 1.25 കിലോമീറ്റര്‍ നീളംവരുന്ന ട്രാക്കിലും മുട്ടം മുതല്‍ ഇടപ്പള്ളി വരെ റോഡിനു മധ്യത്തിലെ പാലത്തിനു മുകളിലൂടെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തിലും ഈ ട്രെയിനുകള്‍ രണ്ടു ഘട്ടങ്ങളിലായി പരീക്ഷണം ഓട്ടം നടത്തുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക