|    Dec 10 Mon, 2018 12:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചി മെട്രോയ്ക്ക് 189 കോടിയുടെ സാമ്പത്തിക സഹായം

Published : 21st November 2018 | Posted By: kasim kzm

കൊച്ചി: കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളിലും മെട്രോ കടന്നുപോവുന്ന പ്രദേശങ്ങളിലും ആധുനിക നടപ്പാതാ നിര്‍മാണത്തിനും മറ്റ് സൗന്ദര്യവല്‍ക്കരണത്തിനും ഫ്രഞ്ച് ഏജന്‍സിയുടെ സഹായം.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 189 കോടി രൂപയാണു ഫ്രഞ്ച് ഏജന്‍സി സഹായമായി നല്‍കുന്നത്. നഗരത്തിലെ മെട്രോ കടന്നുപോവുന്ന പ്രദേശങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണു ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സി നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടാണ് പദ്ധതിക്ക് വായ്പ നല്‍കുന്നതിനുള്ള സന്നദ്ധത അറിയിച്ചത്.
കൊച്ചി മെട്രോ സന്ദര്‍ശിക്കാനെത്തിയ സംഘം ഒന്നാം ഘട്ട നിര്‍മാണത്തില്‍ തൃപ്തി അറിയിച്ചു. രണ്ടാംഘട്ടവും ഒന്നാംഘട്ടത്തിന്റെ തുടര്‍ച്ചയായ എസ് എന്‍ ജങ്ഷനിലേക്കുള്ള മെട്രോയുടെ തുടര്‍നിര്‍മാണത്തിനും പരിഗണന നല്‍കുമെന്നും സംഘം വ്യക്തമാക്കി. ഫ്രഞ്ച് സംഘവുമായുള്ള ചര്‍ച്ച അനുകൂലമായിരുന്നുവെന്നും കൊച്ചി മെട്രോയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് അനുവദിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുകയാണെന്നും കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കൊച്ചി സിറ്റി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എഎഫ്ഡിയുടെ പിന്തുണ കൂടുതല്‍ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പദ്ധതികളുടെ വിശദമായ പരിശോധന നടത്തി. ഇതുവരെയുള്ള നിര്‍മാണ പുരോഗതിയും പദ്ധതികളും കെഎംആര്‍എല്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.
എഎഫ്ഡി മൊബിലിറ്റി ഡിവിഷന്‍ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് ടീം ലീഡര്‍ മാത്യു വെര്‍ഡ്യൂര്‍, എഎഫ്ഡി ന്യൂഡല്‍ഹി ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്ലെമെന്‍സ് വൈഡല്‍ ഡെ ലാബ്ലാച്ച്, പ്രൊജക്റ്റ് ഓഫിസര്‍ രജനീഷ് അഹുജ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. മഹാരാജാസ് കോളജ് മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള മെട്രോ നിര്‍മാണ പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss