|    Nov 15 Thu, 2018 8:11 pm
FLASH NEWS

കൊച്ചി നഗരസഭയിലെ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ മരുന്ന് ക്ഷാമം

Published : 13th November 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ അധീനതയിലുള്ള ഹോമിയോ ഡിസ്‌പെന്‍സറികളില്‍ മരുന്നില്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഡിസ്‌പെന്‍സറികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറത്തേക്ക് മരുന്ന് എഴുതി കൊടുക്കുന്നത് മൂലം വലിയ വില നല്‍കി ഇവ വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. കൊച്ചി നഗരസഭ പരിധിയില്‍ 31 ഡിസ്‌പെന്‍സറികളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ മരുന്ന് വാങ്ങുന്നതിന് ഒരു മാസത്തേക്ക് ഡിസ്‌പെന്‍സറി ഒന്നിന് അയ്യായിരം രൂപ വീതമാണ് അനുവദിച്ചിരുന്നത്. ഇത് ഒരു സൊസൈറ്റിയില്‍ നിന്നാണ് വാങ്ങിയിരുന്നത്. എന്നാല്‍ കൂടിയ വിലക്കാണ് മരുന്ന് വാങ്ങുന്നതെന്ന ആക്ഷേപം ഉയരുകയും ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ ഹോംകോയില്‍ നിന്ന് കുറഞ്ഞ വിലയില്‍ മരുന്ന് വാങ്ങാന്‍ തീരുമാനിച്ചതോടെയാണത്രേ മരുന്ന് ക്ഷാമം രൂക്ഷമായത്. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ഹോംകോയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ആവശ്യമുള്ള മരുന്നിന്റെ വിവരങ്ങളും ഇതിനായുള്ള പണവും അടച്ചെങ്കില്‍ മാത്രമേ മരുന്ന് ഉല്‍പ്പാദിപ്പിക്കൂ. ഇത് യഥാ സമയം നല്‍കാതെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. നേരത്തേ ഉണ്ടായിരുന്ന രീതിയില്‍ മരുന്ന് വിതരണം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അത് വഴി അഴിമതിക്ക് കളമൊരുക്കുകയാണ് ഉദ്ദേശമെന്നും പരാതിയുണ്ട്. ഹോമിയോ ഡിസ്‌പെന്‍സറികളുടെ ചുമതല നഗരസഭ ഹെല്‍ത്ത് വിഭാഗത്തിനാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. എന്നാല്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഡോക്ടര്‍മാര്‍ ഡിസ്‌പെന്‍സറികളില്‍ കാണണമെങ്കിലും പലപ്പോഴും ഇതുണ്ടാകാറില്ല. ഭൂരിഭാഗം ഡിസ്‌പെന്‍സറികളിലും അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനമാണത്രേ. നഗരസഭ സെക്രട്ടറിയായിരുന്ന അജിത്ത് പാട്ടീല്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ ആറ് മാസത്തെ ശമ്പളം നല്‍കാതെ പോയ സാഹചര്യവുമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പുതിയ രീതിയില്‍ മരുന്ന് വാങ്ങാന്‍ തുടങ്ങിയിട്ട് അവസാനമായി ലഭിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. അതിന് ശേഷം ഇത് വരെ മരുന്ന് ലഭിച്ചിട്ടില്ല. ഇനി മരുന്ന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് നാല് മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. ഇപ്പോള്‍ പല ഡിസ്‌പെന്‍സറികളിലും കൗണ്‍സിലര്‍മാര്‍ തന്നെ പുറത്ത് നിന്ന് മരുന്ന് ലഭ്യമാക്കുന്നുണ്ടെങ്കിലും അത് പരിഹാരമാകുന്നില്ല. ചിലയിടങ്ങളില്‍ ഡോക്ടര്‍മാര്‍ കയ്യില്‍ നിന്ന് പണമെടുത്ത് മരുന്ന് വാങ്ങുന്നുണ്ട്. മരുന്ന് ക്ഷാമം രൂക്ഷമാക്കി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കി നിലവിലെ സംവിധാനം അട്ടിമറിച്ച്  അഴിമതിക്ക് കളമൊരുക്കുകയെന്ന ഉദ്ദേശമാണ് ഉദ്യോഗസ്ഥ ലോബിക്കുള്ളതെന്നാണ് ആക്ഷേപം ശക്തമായിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss