|    Aug 20 Sun, 2017 9:00 pm
FLASH NEWS

കൊച്ചി-ധനുഷ്‌കോടി ദേശീയപാത : നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള നടപടി നിലച്ചു

Published : 7th August 2017 | Posted By: fsq

 

മൂന്നാര്‍:  കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം നിലച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു ദേശിയപാത 49ല്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പോലിസ് തുടക്കമിട്ടത്. നൂറോളം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് മേഖലയെ പോലിസ് നിരീക്ഷണത്തില്‍ കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ജനവാസമില്ലാത്ത നേര്യമംഗലം വനമേഖലയില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ പുറത്തറിയാന്‍ വൈകുന്നതും വനമേഖല കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും ആയിരുന്നു കാമറകള്‍ സ്ഥാപിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ പദ്ധതിക്കായുള്ള ചില പ്രാഥമിക ജോലികള്‍ നടന്നതൊഴിച്ചാല്‍ പദ്ധതി പാടെ നിലച്ച മട്ടാണ്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഭാഗമായി കെല്‍ട്രോണിന്റെ സഹകരണത്തോടെ മൂന്നാര്‍ ടൗണിന്റെ വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് തുടര്‍നടപടികള്‍ ഉണ്ടാവാത്തതാണ് പദ്ധതി നിലക്കാന്‍ ഇടയാക്കിയത്. മൂന്നാര്‍ ഡിവൈഎസ്പിയുടെയും അടിമാലി സിഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന പൂര്‍ത്തിയാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ദേശിയപാതയിലെ പ്രധാന ടൗണുകള്‍, വനമേഖല, കൊടും വളവുകള്‍ എന്നിവിടങ്ങളില്‍ കാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. പക്ഷേ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം പദ്ധതി പൂര്‍ത്തീകരണത്തിനുള്ള നീക്കങ്ങളൊന്നും ഉണ്ടാവാതെ പോയതാണ് പദ്ധതി ഫയലില്‍ ഉറങ്ങാനുള്ള പ്രധാന കാരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക