|    Oct 19 Thu, 2017 3:52 am
FLASH NEWS

കൊച്ചി കോര്‍പറേഷന്റെ ആദ്യ റോ-റോ വെസല്‍ നീറ്റിലിറങ്ങി

Published : 10th November 2016 | Posted By: SMR

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ റോ റോ വെസല്‍ ഇന്നലെ നീറ്റിലിറക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. പ്രഫ കെ വി തോമസ് എംപി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സിഎംഡി മധു എസ് നായര്‍, ഫിനാന്‍സ് ഡയറക്റ്റര്‍ ഡി പോള്‍ രഞ്ജന്‍, ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ എന്‍ വി സുരേഷ് ബാബു തുടങ്ങിയവരും ഷിപ്പ്‌യാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നഗരസഭ സ്റ്റാന്റിങ് കമ്മിറ്റിചെയര്‍മാന്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊച്ചി കോര്‍പ്പറേഷന് വേണ്ടി രണ്ട് റോ റോ വെസലുകളാണ് ഷിപ്പ്‌യാര്‍ഡ് നിര്‍മിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ് ഇന്നലെ നീറ്റിലിറക്കിയത്. 3.8 കോടി രൂപയാണ് ഒരു വെസലിന്റെ നിര്‍മാണ ചെലവ്.നാലു ലോറികള്‍ (10 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍ അല്ലെങ്കില്‍ മൂന്നു ലോറികള്‍ (13 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍, അല്ലെങ്കില്‍ 18 കാറുകള്‍, 50 യാത്രക്കാര്‍ എന്ന രീതിയില്‍ വാഹനങ്ങളേയും യാത്രക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റോ റോ വെസലാണിത്. റോ റോ കരയിലേക്ക് അടുപ്പിക്കുന്നതിനായി 7.14 കോടി രൂപ ചിലവ് വരുന്ന ഇന്റര്‍നാഷണല്‍ റോറോ വെസല്‍ ടെര്‍മിനലും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയിലും, വൈപ്പിനിലും ടെര്‍മിനലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും റോറോ സര്‍വീസ് പൂര്‍ണതോതില്‍ ആരംഭിക്കുക. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു റോറോ വെസല്‍ നിര്‍മിക്കുന്നതും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം റോറോ സര്‍വീസ് നടത്തുന്നത്. പശ്ചിമകൊച്ചിയിലെ യാത്രാ ക്ലേശത്തിന് റോറോ സര്‍വീസ് ഒരു പരിഹാരമാകും. നിലവിലെ ജങ്കാര്‍ സര്‍വീസ് ഒരു വശത്തുനിന്നും മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശിക്കുവാനും പുറത്തിറങ്ങാനും സാധിക്കുക. എന്നാല്‍ റോറോ (റോള്‍ ഓണ്‍റോള്‍ ഓഫ്) സര്‍വീസില്‍ ഇരുവശത്തു നിന്നും വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. ഒരു വശത്തുകൂടി വാഹനങ്ങള്‍ക്ക് പ്രവേശിക്കുകയും മറുവശത്ത് കൂടി വാഹനങ്ങള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം. റോറോ സര്‍വീസ് പ്രാവര്‍ത്തികമാകുന്നതോടെ പശ്ചിമകൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോവാന്‍ സാധിക്കും. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതില്‍ ശമനമുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക