|    Oct 23 Tue, 2018 11:34 pm
FLASH NEWS

കൊച്ചി അഴിമുഖത്ത് മുങ്ങിയ ബോട്ട് ഉയര്‍ത്താന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍

Published : 23rd September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന  ബോട്ട് നീക്കം ചെയ്യുന്നതിന് സ്വകാര്യ ഷിപ്പിങ്ങ് കമ്പനിക്ക് പോര്‍ട്ട് കരാര്‍ നല്‍കി. കൊച്ചി ആസ്ഥാനമായുള്ള ലോട്ട്‌സ് ഷിപ്പിങ്ങ് ഏജന്‍സിക്കാണ് കരാര്‍ നല്‍കിയത്. ഇരുപത്തിയൊമ്പതര ലക്ഷം രൂപക്കാണ് ബോട്ട് നീക്കം ചെയ്യുന്നതിനുള്ള കരാര്‍ കമ്പനി ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് മുതല്‍ നാല് ദിവസത്തിനകം ബോട്ട് കപ്പല്‍ ചാലില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ പണം നല്‍കില്ലെന്നാണ് സൂചന. നേരത്തേ പോര്‍ട്ടിന്റെ വെസ്സല്‍ ബോട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫിഷറീസ് വകുപ്പും ഇതില്‍ നിന്ന് പിന്‍മാറിയതോടെയാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുന്നതിന് പോര്‍ട്ട് ടെണ്ടര്‍ നല്‍കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ബോട്ട് നീക്കം ചെയ്യുന്നതിനുള്ള ജോലികള്‍ ആരംഭിക്കും. ചൊവ്വാഴ്ചയാണ് പുറം കടലില്‍ തകരാറിലായ നീതിമാന്‍ എന്ന ബോട്ട് ഫിഷറീസ് വകുപ്പിന്റെ ബോട്ട് കെട്ടി വലിച്ച് കൊണ്ട് വരുന്നതിനിടയില്‍ അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങി പോയത്. ഇത് കപ്പല്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും വലിയ കപ്പലുകള്‍ പോകുന്നതിന് തടസ്സമായി. അതേസമയം ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവത്തിന് കാരണമെന്നാണ് പോ ര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ അന്തര്‍ ദേശീയ കപ്പല്‍ ചാലിലൂടെ ഇത്തരത്തില്‍ ബോട്ട് കെട്ടി വലിച്ച് കൊണ്ട് വരുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചില്ലന്നാണ് ആക്ഷേപം. പോര്‍ട്ടിന്റെയോ കോസ്റ്റ് ഗാര്‍ഡിന്റേയോ കണ്‍ട്രോല്‍ റൂമില്‍ വിവരം അറിയിച്ചില്ലന്നും ആരോപിക്കുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫിഷറീസ് വകുപ്പിനെതിരെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്,ബോട്ടുടമ എന്നിവര്‍ക്കെതിരെ പോര്‍ട്ട് നിയമ നടപടികള്‍ക്ക് നീങ്ങിയേക്കും. ബോട്ട് നീക്കം ചെയ്യുന്നതിനുള്ള തുകയും ഇതുമായി ബന്ധപ്പെട്ടുണ്ടായ മറ്റ് നഷ്ടങ്ങളും ഇവരില്‍ നിന്ന് ഈടാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പോര്‍ട്ട് ഇവര്‍ക്ക് കത്ത് നല്‍കിയതായാണ് വിവരം. അതേസമയം മല്‍സ്യതൊഴിലാളികളുടെ ജീവനും തൊഴില്‍ ഉപകരണങ്ങളും അപകടത്തി ല്‍പ്പെടുമ്പോള്‍ ഓടിയെത്തുന്ന ഫിഷറീസ് വകുപ്പിനെതിരെയുള്ള പോര്‍ട്ടിന്റെ നീക്കം പ്രതിഷേധം ക്ഷണിച്ച് വരുത്തും. അതിനാല്‍ ഫിഷറീസ് വകുപ്പിനെതിരെയുള്ള നടപടികളില്‍ നിന്ന് പോര്‍ട്ട് പിന്‍മാറണമെന്നാണ് മല്‍സ്യമേഖലയിലുള്ളവര്‍ പറയുന്നത്. ബോട്ട് നീക്കം ചെയ്യുന്ന ജോലികള്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നതിനാല്‍ ജങ്കാര്‍, ബോട്ട് സര്‍വ്വീസുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോര്‍ട്ട് നഗരസഭക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss