|    Apr 26 Thu, 2018 10:52 pm
FLASH NEWS

കൊച്ചിയുടെ പാട്ടെഴുത്തുകാരന്‍

Published : 20th March 2016 | Posted By: G.A.G

COVER-INSIDE

കൊച്ചിയുടെ സിഗ്‌നേച്ചര്‍ ഗാനമായ ‘കായലിനരികെ കൊടികള്‍ പറത്തി,
കുതിച്ചു പൊങ്ങിയ കമ്പനികള്‍’ തുടങ്ങി എച്ച് മെഹബൂബ് അനശ്വരമാക്കിയ
നിരവധി പാട്ടുകളെഴുതിയ മേപ്പള്ളി ബാലനെ ഓര്‍ക്കുന്നു

പി എ അബ്ദുല്‍ റഷീദ്

സൂര്യന്‍ അസ്തമിക്കാന്‍ പോവുന്നു. കൃഷ്ണാനദിയിലെ ഓളങ്ങള്‍ക്ക് ചെഞ്ചായം പൂശിയ പ്രതീതി. കടത്തുബോട്ടില്‍ നിറയെ ജോലി കഴിഞ്ഞു വീടെത്താന്‍ വെമ്പുന്ന ജോലിക്കാര്‍. ആന്ധ്രയിലെ സമുദ്രോല്‍പന്ന സംസ്‌കരണശാലയിലെ ഉദ്യോഗസ്ഥനായ സലീമും കൂട്ടത്തിലുണ്ട്. തന്റെ ചുറ്റും തന്റെ നാട്ടുകാരാരുമില്ലെന്ന തോന്നലില്‍ മനസ്സും ശരീരവും ഏകാന്തസഞ്ചാരം നടത്തുമ്പോഴാണ് യാത്രക്കാരില്‍ ഒരാള്‍ പഴയ ഒരു മലയാളഗാനം മൂളുന്നതു കേള്‍ക്കുന്നത്. സലീം ശ്രദ്ധിച്ചു. കൊച്ചിക്കാരനായ മെഹബൂബിന്റെ പഴയ ഗാനങ്ങളാണ് മൂളുന്നത്. സലീം അടുത്തുകൂടി ‘ഗായകനെ’ പരിചയപ്പെട്ടു. മട്ടാഞ്ചേരിക്കാരനായ ഗഫൂര്‍ക്ക. ജോലിസംബന്ധമായാണ് ഗഫൂറും ആന്ധ്രയിലെത്തിയത്. മെഹബൂബിന്റെ പാട്ടുകള്‍ എഴുതിയവരെ കുറിച്ചായി പിന്നീട് ചര്‍ച്ച. പി ജെ ആന്റണിയുടെ കുറെ പാട്ടുകള്‍ മെഹബൂബ് പാടിയിട്ടുണ്ട്. പിന്നെ, മേപ്പള്ളി ബാലന്‍ എന്നൊരാളുടെ പാട്ടുകളും. ബാലന്‍ കൊച്ചിക്കാരനാണെങ്കിലും ഇപ്പോള്‍ കേള്‍ക്കാനേ ഇല്ല. മരിച്ചിട്ടുണ്ടാവാനാണ് സാധ്യത. ഗഫൂര്‍ക്ക തന്റെ അറിവ് വെളിപ്പെടുത്തി.
BALAN1995ലെ ഒരു സായാഹ്നത്തിലാണ് ബോട്ട്‌യാത്രയിലെ ഈ സംഭാഷണം. ഗഫൂര്‍ക്ക മേപ്പള്ളി ബാലന്റെ മകനോടാണ് മേപ്പള്ളിയെ കുറിച്ചു പറഞ്ഞത്. എല്ലാം കേട്ടിരുന്ന സലീം ബോട്ട് കരയില്‍ അടുക്കാറായപ്പോള്‍ താന്‍ ആരാണെന്നു വെളിപ്പെടുത്തി. പിതാവ് അപ്പോള്‍ തൃപ്പൂണിത്തുറയില്‍ ജീവിച്ചിരിപ്പുണ്ടെന്നു കേട്ടപ്പോള്‍ ഗഫൂര്‍ക്കയ്ക്ക് ആശ്ചര്യം. 2001 ആഗസ്തിലാണ് മേപ്പള്ളി, തൃപ്പൂണിത്തുറയില്‍ വച്ചു മരിക്കുന്നത്. പക്ഷേ, ഒട്ടുമിക്ക കൊച്ചിക്കാരും അതിനുമുമ്പേ അദ്ദേഹം മരിച്ചു എന്നാണ് വിചാരിച്ചിരുന്നത്. കൊച്ചിയിലെ നാടകരംഗത്തും കലാസാഹിത്യ മേഖലയിലുമെല്ലാം അമ്പതുകളിലും അറുപതുകളിലും തിളങ്ങി നിന്ന മേപ്പള്ളി ബാലന്‍ മരിക്കുന്നതിനു മുമ്പേ വിസ്മൃതനായ കലാകാരനാണ്.
ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ കമ്പനിയിലെ വാച്ച്മാനായിരുന്ന വേലുവിന്റെ മകനാണ് ബാലന്‍. കവിയും കഥാകൃത്തും ഗാനരചയിതാവും നാടകനടനും സംവിധായകനുമൊക്കെയായി കലാരംഗത്ത് ദശാബ്ദങ്ങളോളം നിറഞ്ഞുനിന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമ. 1960ല്‍ കൊച്ചിയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റിയതോടെ ബാലന്‍ അക്ഷരാര്‍ഥത്തില്‍ ഉള്‍വലിയുകയായിരുന്നു.
കൊച്ചിയുടെ പ്രിയ ഗായകന്‍ മെഹബൂബ് അരങ്ങു വാണിരുന്ന പഴയ സുവര്‍ണകാലം. ‘കായലിനരികെ കൊടികള്‍ പറത്തി, കുതിച്ചു പൊങ്ങിയ കമ്പനികള്‍, കച്ചവടത്തിന് കച്ചമുറുക്കി കനത്തുനില്‍ക്കും കമ്പനികള്‍, പിയേര്‍സ് ലെസ്ലി, ആസ്പിന്‍വാള്‍, വോള്‍ക്കാര്‍ട്ട്, ബോംബെ കമ്പനി, മധുര കമ്പനി… അങ്ങനെ പല പല കമ്പനികള്‍, നോ വേക്കന്‍സി…’ തൊഴിലില്ലായ്മയുടെ കയ്പുനീരിറക്കി ജീവിതം തള്ളിനീക്കിയ അന്നത്തെ യുവതയുടെ രോദനമായിരുന്നു ആ പാട്ട്. മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും വെല്ലിങ്ടണ്‍ ഐലന്‍ഡിലും കമ്പനികള്‍ അനവധി ഉണ്ടെങ്കിലും നാട്ടുകാര്‍ക്കു മുന്നില്‍ അവര്‍ ‘നോ വേക്കന്‍സി’ ബോര്‍ഡുമായി നിലകൊണ്ടതിനെയാണ് മേപ്പള്ളി ബാലന്‍ ആ ഗാനത്തിലൂടെ വിവരിച്ചത്. ഏറെ ജനപ്രിയം നേടിയ ആ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും പല സ്റ്റേജുകളിലും മുഴങ്ങാറുണ്ട്. ‘അന്നയും റസൂലും’ എന്ന സിനിമയില്‍ ഈ ഗാനം ചിത്രീകരിക്കപ്പെടുകയുണ്ടായി.
പി ജെ ആന്റണിയും മെഹ്ബൂബും അഗസ്റ്റിന്‍ ജോസഫും കൊച്ചിയുടെ അമ്പതുകളെ ഏറെ ധന്യമാക്കിയ കലാകാരന്മാരായിരുന്നു. ഇവരുടെ കൂട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ തലയെടുപ്പോടെ നിലകൊണ്ട കലാകാരനായിരുന്നു മേപ്പള്ളി ബാലന്‍. രണ്ടാം ലോകയുദ്ധകാലത്ത് റോയല്‍ എയര്‍ഫോഴ്‌സിലുണ്ടായിരുന്നപ്പോഴും പിന്നീട് സൊറാബ്ജി കമ്പനിയിലും കൊച്ചിന്‍ ഡോക്ക് ലേബര്‍ ബോര്‍ഡിലും ജോലി ഉണ്ടായിരുന്നപ്പോഴും മേപ്പള്ളിയുടെ മനസ്സ് കലാലോകത്തായിരുന്നു.
1946ലാണ് മേപ്പള്ളിയുടെ ആദ്യകഥയും കവിതയും പ്രസിദ്ധീകൃതമാവുന്നത്. ഫോര്‍ട്ടുകൊച്ചി ബ്രിട്ടോ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ബാലന്റെ കൂടെ കലയുണ്ട്. ‘കളിത്തോഴി’, ‘മാമ്പഴം’, ‘വിഭ്രാന്തി’, ‘ഇന്ദ്രപ്രസ്ഥം’, ‘പ്രൊഡ്യൂസര്‍’ എന്നിവയാണ് ബാലന്റെ നാടകങ്ങള്‍.  പി ജെ ആന്റണി, എഡ്ഡി മാസ്റ്റര്‍, എം കെ അര്‍ജുനന്‍, കെപിഎസി ഖാന്‍, മണവാളന്‍ ജോസഫ് തുടങ്ങിയവരായിരുന്നു അന്ന്  നാടകരംഗത്തെ ബാലന്റെ സഹപ്രവര്‍ത്തകര്‍. എണ്ണമറ്റ വേദികളില്‍ സ്വന്തം കഥയും കവിതയുമായി ബാലന്‍ തന്റെ ജുബ്ബയും പൈജാമയും ബുള്‍ഗാന്‍ താടിയുമായി     പങ്കെടുത്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ ബാലന്റെ ഒത്തിരി കഥകളും കവിതകളും പ്രസിദ്ധീകരിച്ച കാലഘട്ടമാണത്. ചെറുകാടിന്റെ ‘ഒന്നിന് രണ്ട്’ എന്ന കൃതി കഥാപ്രസംഗരൂപത്തില്‍ ബാലന്‍ അവതരിപ്പിച്ചത് ഏറെ  ശ്രദ്ധേയമായിരുന്നു.

ഇന്‍സ്റ്റന്റ് ഗാനങ്ങള്‍
ബാലന്റെ ജീവന്‍ തുടിക്കുന്നതും വശ്യമനോഹരവുമായ വരികള്‍ മെഹബൂബിന്റെ ഹരം പകരുന്ന ശബ്ദത്തിലൂടെ പുറത്തുവന്നപ്പോള്‍ മലയാളത്തിന് മറക്കാനാവാത്ത കുറേയേറെ ഗാനങ്ങള്‍ ലഭിച്ചു. ‘തലമണ്ട പുകയുന്നു,         കരളില്‍ തീയെരിയുന്നു, പിന്നെയും ഈ റെയിലുവണ്ടി’, ‘പെണ്ണുങ്ങള്‍ ഇങ്ങനെയോ പാവം പെണ്ണുങ്ങള്‍ ഇങ്ങനെയോ…’ തുടങ്ങിയ എത്രയോ ഗാനങ്ങള്‍.  കൊച്ചിയിലെ കല്യാണവീടുകളിലെ ഇന്‍സ്റ്റന്റ് കലാകാരന്മായിരുന്നു മെഹബൂബും മേപ്പള്ളിയും. ഒരേ  ഇരിപ്പില്‍ ഒരാള്‍ എഴുതിക്കൊടുക്കും. അടുത്തയാള്‍ അത് തന്റെ സംഗീതവാസനയും സ്വരരാഗസുധയും ഉപയോഗിച്ച് അപ്പോള്‍ തന്നെ ഗാനമാക്കി നടത്തുന്ന ആ കസര്‍ത്ത് കൊച്ചിയിലെ പഴമക്കാര്‍ ഇന്നും അനുസ്മരിക്കാറുണ്ട്. പക്ഷേ, ഇത്തരം ഗാനങ്ങളില്‍ ഭൂരിഭാഗവും റിക്കാഡ് ചെയ്യപ്പെട്ടിട്ടില്ല.
ദുരന്ത പ്രണയകഥകളില്‍ എന്നും ജ്വലിച്ചുനില്‍ക്കുന്ന ‘ചെമ്മീന്‍’ തകഴി എഴുതിക്കൊണ്ടിരിക്കുന്ന കാലം. പള്ളുരുത്തില്‍ ഒരു സംഘടനയുടെ പരിപാടിയില്‍ തകഴിയെത്തി. മെഹബൂബും കൂട്ടുകാരും ചേര്‍ന്ന് ഒരു പാട്ടുപാടി തകര്‍ക്കുകയാണ്.
‘തുഴ വലിക്കും കൂട്ടരേ,
നീട്ടി നീട്ടി തുഴയുമോ,
പടിഞ്ഞാറന്‍ കാറ്റടിക്കണ കാത്തിരിക്കാതെ,
ദൂരെ പച്ചവച്ച കരയടുക്കണ നേരത്ത്,
അവിടെ നമ്മടെ കണ്‍മണികള്‍
കാത്തിരിക്കണ നേരത്ത്…’

അറബിക്കടലിന്റെ ആരവം അലയടിക്കുന്ന രീതിയില്‍ ഈ ഗാനം പൊങ്ങി വന്ന് ചിതറിത്തീരുമ്പോള്‍ തകഴി അന്വേഷിക്കാന്‍ തുടങ്ങിയത് ഈ പാട്ടെഴുതിയ ആളെയാണ്. കടലും തിരയും കരയിലെ അതിന്റെ ആശ്രിതരും മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ തകഴിയുടെ മനസ്സില്‍. സ്റ്റേജില്‍ കയറി മെഹബൂബിനോട് ത െന്നയാണ് ഈ പാട്ടെഴുതിയത് ആരെന്ന് തകഴി ചോദിച്ചത്.  പാട്ടിനിടയില്‍ ‘തെയ് തെയ് തെയ് തിത്തിമി’ പാടിനിന്നിരുന്ന ചെറുപ്പക്കാരനായ ബാലനെ മെഹബൂബ് ചൂണ്ടിക്കാണിച്ചു. തകഴി ഓടിവന്ന് ബാലനെ കെട്ടിപ്പിടിച്ച് വീര്‍പ്പുമുട്ടിച്ചതിനു സാക്ഷിയായ ചിലരെങ്കിലും കൊച്ചിയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്‍ എസ് മാധവന്റെ ‘ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍’ എന്ന പ്രശസ്തമായ നോവലില്‍ മെഹബൂബിനെക്കുറിച്ചും മേപ്പള്ളി ബാലനെക്കുറിച്ചും പരാമര്‍ശമുണ്ട്.
കൊച്ചി വിട്ട് തൃപ്പൂണിത്തുറയിലേക്കു താമസം മാറ്റിയപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ട പ്രതീതിയാണ് തനിക്കനുഭവപ്പെട്ടതെന്ന് മേപ്പള്ളി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രോഗവും ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെട്ട ഈ കാലഘട്ടത്തിലാണ് ‘വാര്‍ധക്യപുരാണം’  ബാലന്‍ ഭായി എഴുതിയതെന്നാണ് അനുമാനം. തന്റെ വീട്ടില്‍ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുമ്പോള്‍ പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടോ എന്നു ചോദിച്ചു വന്ന ജഗദമ്മയോടാണ് ബാലന്‍, പുരാണം വിളമ്പുന്നത്. ‘എന്റെയീ കോലം കണ്ടോ, വേണ്ടെനിക്കൊന്നും വില, എന്നെ നിന്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പൊയ്‌ക്കോളൂ വേഗം, മതിയായെനിക്കെന്റെ ജീവിതം, കിടന്നോളാം മൃതനായ് ഭാവിച്ച് ഞാന്‍ നിന്റെയീ ചാക്കിനുള്ളില്‍’ അദ്ദേഹം എഴുതി. ജീവിതാവസാനം വരെ മേപ്പള്ളി ബാലന്‍ നിരീശ്വരവാദിയായിരുന്നു.  ഗാനങ്ങളും കവിതകളും നാടകങ്ങളും കഥകളുമായി ഒട്ടേറെ സൃഷ്ടികള്‍ക്ക് ജന്മം കൊടുത്ത ബാലന് തന്റെ ജീവിതകാലത്ത് അവ പുസ്തകമാക്കാന്‍ സാധിച്ചില്ല.
അദ്ദേഹത്തിന്‍െ ഒന്നാം ചരമവാര്‍ഷികത്തില്‍ മകള്‍ കാഞ്ചന മുന്‍കൈയെടുത്ത് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഗാനങ്ങളുടെയും കവിതകളുടെയും ഒരു സമാഹാരം ‘കെട്ടിലമ്മ’ എന്ന പേരില്‍ പുറത്തിറക്കിയത് ബാലന് ഒതു നിത്യസ്മാരകം തെന്നയാണ്. അദ്ദേഹത്തിന്റെ കഥകള്‍ പുസ്തകരൂപത്തിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മകന്‍ സലീം പറയുന്നു.
പരേതയായ സുന്ദരിയാണ് മേപ്പള്ളി ബാലന്റെ ഭാര്യ. കവിത, കാഞ്ചന, കാര്‍ട്ടൂണിസ്റ്റ് ടെന്‍സിങ്, സലീം, സുലേഖ, പരേതയായ ബേബി എന്നിവര്‍ മക്കളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss