|    Jan 17 Tue, 2017 6:17 am
FLASH NEWS

കൊച്ചിയുടെ ചരിത്രകാരന്‍

Published : 29th November 2015 | Posted By: G.A.G

പി എ അബ്ദുല്‍ റഷീദ്


 

 bernard-blurbഫോര്‍ട്ടുകൊച്ചിയില്‍ എത്തുന്ന ചരിത്രാന്വേഷികളുടെ തീര്‍ത്ഥാടനകേന്ദ്രമാണ് സാന്താക്രൂസ് ഹൈസ്‌കൂളിനു കിഴക്കുവശമുള്ള വസതി. തളരാത്ത, തീക്ഷ്ണതയാര്‍ന്ന അന്വേഷണത്വരയുമായി അവിടെ ഒരു മനുഷ്യന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നിറഞ്ഞുനിന്നിരുന്നു. 1902 ഒക്ടോബര്‍ 13നു ജനിച്ച് 1997 ആഗസ്ത് 20നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കെ എല്‍ ബര്‍ണാഡ് മാസ്റ്റര്‍. കൊച്ചിയുടെ ചരിത്രത്തിന്റെ അവസാനവാക്കായിരുന്നു അദ്ദേഹം.
ഇന്നും നാട്ടില്‍ നിന്നും വിദേശത്തു നിന്നുമുള്ള ചരിത്രാന്വേഷികള്‍ സംശയം തീര്‍ക്കാനും കൂടുതല്‍ അറിയാനുമായി ഇവിടെ എത്തിച്ചേരാറുണ്ടെന്ന് മാസ്റ്ററുടെ ഇളയ മകന്‍ ബിജു ബര്‍ണാഡ് പറയുന്നു. തനിക്ക് പിതാവില്‍ നിന്നു പകര്‍ന്നുകിട്ടിയതും തനിക്ക് അറിയാവുന്നതുമായ കാര്യങ്ങള്‍ അവരുമായി പങ്കുവയ്ക്കാന്‍ ഈ യുവാവ് സന്നദ്ധനാണ്. കൊച്ചിയിലെ പൊതുസമൂഹം മാസ്റ്ററുടെ സവിശേഷ വ്യക്തിത്വത്തെ ആദരിച്ചിരുന്നു. എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ജനപ്രതിനിധി തുടങ്ങിയ നിലകളില്‍ മരിക്കുന്നതുവരെ കര്‍മനിരതനായിരുന്ന മാസ്റ്റര്‍ക്ക് ശിഷ്യഗണങ്ങള്‍ നൂറുകണക്കിനാണ്.
കൊച്ചിയുടെ, പ്രത്യേകിച്ച് ഫോര്‍ട്ടുകൊച്ചിയുടെ പൈതൃകത്തെക്കുറിച്ച് മാസ്റ്റര്‍ നടത്തിയ ഗവേഷണത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ കണ്ടെത്തലുകളും അദ്ദേഹം രചിച്ച പുസ്തകങ്ങളും ഇന്നും ചരിത്രാന്വേഷികള്‍ക്ക് മാര്‍ഗദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു.  അക്കാദമിക് തലത്തില്‍ തന്റെ പ്രബന്ധങ്ങളുമായി ഇടിച്ചുകയറാനോ തന്റെ കണ്ടെത്തലുകള്‍ അംഗീകരിപ്പിക്കുന്നതിനു ഭരണതലത്തില്‍ ചരടുവലിക്കാനോ ഈ ചരിത്രാന്വേഷിക്ക് അറിയില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും മാസ്റ്റര്‍ മരിച്ച് എട്ടു കൊല്ലം കഴിഞ്ഞിട്ടും ഒരാളെങ്കിലും സാന്താക്രൂസ് ഗ്രൗണ്ടിനു കിഴക്കുവശത്തുള്ള ആ വീട് തേടിവരാത്ത ഒരു ദിവസവുമില്ല. bernard
1924-1928 കാലഘട്ടത്തില്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതിയാണ് മാസ്റ്റര്‍ സാഹിത്യരംഗത്തേക്കു കടന്നുവന്നത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇന്ത്യന്‍ സ്റ്റോറി ടെല്ലര്‍, മദ്രാസില്‍ നിന്നുള്ള മൈ മാഗസിന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആ രചനകള്‍ക്ക് അന്ന് ഒത്തിരി വായനക്കാരുണ്ടായിരുന്നു. ഫോര്‍ട്ടുകൊച്ചിയിലെ സാന്താക്രൂസ് ഹൈസ്‌കൂളില്‍ 27 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച മാസ്റ്ററെ മാനേജ്‌മെ
ന്റ് പിരിച്ചുവിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍
ട്ടിയുടെ സഹായത്തോടെ ഫോര്‍ട്ടുകൊച്ചി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്
മല്‍സരിച്ചു എന്നതിന്റെ പേരിലായിരുന്നു. അധ്യാപകവൃത്തിയെ ഒരു തപസ്യയായി കണ്ട മാസ്റ്റര്‍ തളര്‍ന്നില്ല. ഫോര്‍ട്ടുകൊച്ചിയില്‍ തന്നെ ഒരു ട്യൂട്ടോറിയല്‍ സ്ഥാപനം തുടങ്ങി. ഒരു റഗുലര്‍ വിദ്യാലയം പോലെ ആ ട്യൂട്ടോറിയല്‍ സ്ഥാപനം കൊച്ചിയുടെ വിദ്യാഭ്യാസരംഗത്ത് വര്‍ഷങ്ങളോളം തിളങ്ങി.
ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ കാലഘട്ടത്തില്‍ മാസ്റ്ററുടേതായി അനവധി സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസിദ്ധീകൃതമായ പുസ്തകങ്ങളും അനവധിയാണ്. ഫഌഷ് ഓഫ് കേരള ഹിസ്റ്ററി, ഹിസ്റ്ററി ഓഫ് ഫോര്‍ട്ടുകൊച്ചി, കേരള ചരിത്രസംഭവങ്ങള്‍, ദി സിനഡ് ഓഫ് ഡയാംപെര്‍, കൂനന്‍ കുരിശ് സത്യം, ജാക്കോമോ ഫെനീഷ്യോ, ദി പോര്‍ച്ചുഗീസ് ഇന്‍ കേരള, ദി ഹിസ്റ്ററി ഓഫ് കൊച്ചിന്‍, കല്‍വത്തി റിവര്‍: എ ഹിസ്റ്റോറിക് ഡ്രാമ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കാപ്പിരി മുത്തപ്പന്റെ കഥ
കല്‍വത്തി റിവര്‍ എന്ന പുസ്തകം മൂന്നോ നാലോ പേരുടെ സായാഹ്നസവാരിക്കിടെ ഉണ്ടാകുന്ന സംഭാഷണത്തിലൂടെ ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രം പറയുന്ന, അക്ഷരാര്‍ഥത്തില്‍ നാടകീയമായ ഒരു കൃതിയാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണമായിട്ടാണ് 1998ല്‍ പുസ്തകമിറങ്ങിയത്. കാപ്പിരി മുത്തപ്പന്റെ കഥയുടെ ചുരുളഴിയുന്നത് ഈ പുസ്തകത്തിലാണ്.
ഫോര്‍ട്ടുകൊച്ചിയിലൂടെ സായാഹ്നസവാരിക്കിറങ്ങിയ കമ്മത്തും ഹസനും അലിയും തമ്മില്‍ നടന്ന സംഭാഷണമാണ് കാപ്പിരി മുത്തപ്പന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്. സ്ട്രീറ്റിലെ ഒരു വീട് ചൂണ്ടിക്കാണിച്ചുകൊണ്ട്, അതൊരു പോര്‍ച്ചുഗീസ് ബംഗ്ലാവ് ആവാമെന്ന് കമ്മത്ത് പറയുന്നു. ചീനവല വലിക്കുന്ന മല്‍സ്യത്തൊഴിലാളികളില്‍ നിന്നു കിട്ടിയ വിവരവും തുടര്‍ന്ന് കമ്മത്ത് പറയുന്നു. ഒരു സന്ധ്യാനേരത്ത് ചീനവല പൊക്കുമ്പോള്‍ ഒരു പ്രകാശം പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. സൂക്ഷിച്ചുനോക്കുമ്പോള്‍ വെളുത്ത സ്യൂട്ടണിഞ്ഞ ഒരു വെള്ളക്കാരന്‍ പ്രത്യക്ഷപ്പെടുകയും ധൃതിയില്‍ ഈ ബംഗ്ലാവിലേക്ക് കയറിപ്പോവുന്നതും കണ്ടിട്ടുണ്ട് പല പ്രാവശ്യം. ബംഗ്ലാവിലേക്ക് കയറിപ്പോകുന്ന വെള്ളക്കാരന്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയും ചെയ്യുന്നു. ഈ അദ്ഭുത കാഴ്ചയുടെ വിവരണവും പിന്നീടുള്ള സംഭാഷണത്തില്‍ നമുക്ക് ലഭിക്കുന്നുണ്ട്.
പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ വരുമ്പോള്‍ തങ്ങളുടെ അടിമകളായ നീഗ്രോകളെയും കൂട്ടത്തില്‍ കൊണ്ടുവരാറുണ്ടായിരുന്നു. ഡച്ചുകാരുടെ വരവോടെ അവര്‍ക്കു മുമ്പില്‍ കീഴടങ്ങാന്‍ വിധിക്കപ്പെട്ട ധനികരായ പല പോര്‍ച്ചുഗീസുകാരും തങ്ങളുടെ സ്വത്ത് ഡച്ചുകാര്‍ കൊള്ളയടിക്കാതിരിക്കാന്‍ കണ്ടെത്തിയ ഉപായം ക്രൂരമായിരുന്നു. തങ്ങളുടെ സ്വര്‍ണവും പണവും മറ്റു വില കൂടിയ ഉപകരണങ്ങളും മതിലില്‍ വലിയ അറകളുണ്ടാക്കി അതിനകത്താക്കി. അതിനു കാവലായി അടിമകളായ നീഗ്രോകളെ കൈനീട്ടി നെഞ്ചു വിരിയിച്ചു നിര്‍ത്തി. പിന്നീട് സ്വത്തുക്കളും അടിമകളെയും കാണാത്ത രീതിയില്‍ മതിലിന്റെ അറകള്‍ മറയ്ക്കുകയും ചെയ്തുവെന്നാണ് ബര്‍ണാഡ് മാസ്റ്റര്‍ പറഞ്ഞത്! തങ്ങളുടെ പിന്‍ഗാമികള്‍ എന്നെങ്കിലും തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് മാത്രമേ ഈ സ്വത്തുക്കള്‍ കൈമാറാന്‍ പാടുള്ളൂ എന്നു സത്യം ചെയ്യിച്ചിട്ടാണേ്രത ഈ പോര്‍ച്ചുഗീസ് പ്രമാണികള്‍ ഡച്ചുകാര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഈ നീഗ്രോ അടിമകളാണ് കാപ്പിരി മുത്തപ്പന്മാര്‍. മുത്തപ്പനു വേണ്ടി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന സ്ഥലങ്ങള്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്ത് ഏതാനും സ്ഥലങ്ങളില്‍ ഇപ്പോഴുമുണ്ട്. makan-biju

മൂടിപ്പോയ തുരങ്കങ്ങള്‍
ഇപ്പോഴത്തെ ഫോര്‍ട്ടുകൊച്ചി ബസ്‌സ്റ്റാന്റിനടുത്ത് രണ്ടു തുരങ്കങ്ങള്‍ ഉണ്ടായിരുന്നുവെന്നതും ഈ പുസ്തകത്തിലെ സായാഹ്നസവാരിക്കാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്. കപ്പല്‍ നിയന്ത്രണം വിട്ട് കരയില്‍ കയറിയപ്പോള്‍ ഉണ്ടായ ഗര്‍ത്തവും തുടര്‍ന്ന് കടപ്പുറത്തിനടുത്തു കണ്ട ഇമ്മാനുവല്‍ കോട്ടയുടെ അവശിഷ്ടത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടിഷുകാരും ഫോര്‍ട്ടുകൊച്ചിയെ തങ്ങളുടെ ഇടത്താവളമാക്കി നൂറ്റാണ്ടുകളോളം അടക്കിവാണതിന്റെ ചരിത്രപരമായ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് മാസ്റ്റര്‍ കടന്നുപോയത്.
പക്ഷേ, അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്ക് കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതര്‍ വേണ്ടത്ര അംഗീകാരം നല്‍കിയില്ല. മറിച്ചായിരുന്നെങ്കില്‍ തുരങ്കങ്ങള്‍ മൂടപ്പെടുമായിരുന്നില്ല. കോട്ടകൊത്തളങ്ങള്‍ സംരക്ഷിക്കപ്പെടുമായിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ എത്തുന്നവര്‍ ഫോര്‍ട്ട് (കോട്ട) അന്വേഷിക്കുമ്പോള്‍ അധികൃതര്‍ക്ക് കൈമലര്‍ത്തേണ്ടിവരുമായിരുന്നുമില്ല.
ഹിസ്റ്ററി ഓഫ് ഫോര്‍ട്ടുകൊച്ചി എന്ന ഗ്രന്ഥത്തില്‍ ഇവിടത്തെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളുമാണ് അനാവരണം ചെയ്യപ്പെടുന്നത്. ജൂതപ്രമുഖനായിരുന്ന എസ് കോഡറുമായി മാസ്റ്റര്‍ക്ക് ഉണ്ടായിരുന്ന ബന്ധം തീവ്രമായിരുന്നു. രണ്ടു പേരും ചരിത്രം ഇഷ്ടപ്പെടുന്നവരും പൈതൃകത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നവരും ആയതുകൊണ്ടായിരിക്കാം അവര്‍ തമ്മില്‍ മാനസികമായി ഏറെ പൊരുത്തപ്പെട്ടിരുന്നത്. അനവധി റഫറന്‍സ് ഗ്രന്ഥങ്ങളുള്ള കോഡറുടെ ലൈബ്രറി മാസ്റ്റര്‍ ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1994ല്‍ കോഡര്‍ മരിക്കുന്നതുവരെ അവര്‍ തമ്മിലുള്ള ഈ ലൈബ്രറിബന്ധം തുടര്‍ന്നു.
1986ല്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മാസ്റ്ററുടെ ചരിത്രരചനകളെ മുന്‍നിര്‍ത്തി ഒരു ചെറിയ ഗ്രാന്റ് അനുവദിച്ചതിനപ്പുറം, ചരിത്രത്തിലൂടെ ഊളിയിട്ട് തന്റെ ജീവിതം തീര്‍ത്ത മാസ്റ്റര്‍ക്കോ കുടുംബത്തിനോ വലിയ സഹായമൊന്നും ലഭിച്ചിട്ടില്ല. റഫറന്‍സ് ഏഷ്യ എന്ന ഒരു അന്താരാഷ്ട്ര പബ്ലിക്കേഷനില്‍ മാസ്റ്ററുടെ പേര് വന്നിട്ടുണ്ട്.
മാസ്റ്ററുടെ 113ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ഹിസ്റ്ററി ഓഫ് കേരളയുടെ പുനഃപ്രകാശനം നടത്തിയത് ഇളയ മകന്‍ ബൈജു ബര്‍ണാഡ് മുന്‍കൈയെടുത്താണ്. കെ എല്‍ ബര്‍ണാഡ് മാസ്റ്റര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം അന്ന് ഉദയം കൊണ്ടു. മാസ്റ്ററുടെ എല്ലാ കൃതികളും പുനഃപ്രസിദ്ധീകരിക്കാനും ചരിത്രഗവേഷകരെ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവ നടത്താനും റിസര്‍ച്ച് സെന്റര്‍ തീരുമാനിച്ചിട്ടുണ്ട്.
പരേതയായ ആനിയാണ് മാസ്റ്ററുടെ ഭാര്യ. മേരിമോള്‍, ആനിമോള്‍, സെബാസ്റ്റിയന്‍ ബര്‍ണാഡ്, ബിജു ബര്‍ണാഡ് എന്നിവരാണ് മക്കള്‍. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക