|    Oct 24 Wed, 2018 10:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൊച്ചിയില്‍ 1000ത്തിലധികം ലക്ഷദ്വീപ് നിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

Published : 3rd December 2017 | Posted By: kasim kzm

കൊച്ചി: ശക്തമായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ആയിരത്തിലധികം ലക്ഷദ്വീപുനിവാസികളാണ് കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നത്. ദ്വീപിലെ ബന്ധുക്കളുടെ വിവരം അറിയാതെ പരിഭ്രാന്തരാണ് എല്ലാവരും. ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്, കൊച്ചി കോര്‍പേറഷനടുത്തുള്ള കൊളംബോ ജങ്ഷനിലെ വിവിധ ലോഡ്ജുകളിലുമായി മൂന്നു ദിവസമായി ഇവര്‍ തങ്ങുന്നു. ഭൂരിഭാഗം പേരും ചികില്‍സയ്ക്കായിട്ടാണ് കൊച്ചിയിലെത്തിയത്.
രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പണം കൈയില്‍ കരുതി തിരികെയുള്ള ടിക്കറ്റുമെടുത്താണ് വന്നത്. കാറ്റ് ആഞ്ഞുവീശിയതോടെ എല്ലാവരുടെയും യാത്ര മുടങ്ങി. ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതോടെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും ഒരറിവുമില്ലാതായി. ഇന്റര്‍നെറ്റ് ഇല്ലാതായതോടെ നാട്ടില്‍നിന്നു പണവും കിട്ടാതെയായി. കൊച്ചിയിലുള്ള സുഹൃത്തുക്കളുടെയും മറ്റു യാത്രക്കാരുടെയും സഹായത്തോടെയാണ് ഇവര്‍ പിടിച്ചുനില്‍ക്കുന്നത്.
കൊച്ചിയില്‍ ഒരുദിവസം തങ്ങുന്നതിന് 200 മുതല്‍ 300 രൂപവരെയെങ്കിലും വേണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അഗത്തി സ്വദേശിയായ അബൂബക്കര്‍ പറഞ്ഞു. കൊച്ചിയില്‍ പെട്ടുപോയ പലരുടെയും വീട് ദ്വീപില്‍ കടലിനോടു ചേര്‍ന്നാണ്. പലരുടെയും വീട്ടില്‍ കൊച്ചുകുട്ടികളും പ്രായമായ അമ്മമാരും മാത്രമാണുള്ളത്. മകളും അവരുടെ ഭര്‍ത്താവുമായിട്ടാണ് കല്‍പ്പേനിയില്‍ നിന്നുള്ള സെയ്തുകോയ കൊച്ചിയില്‍ എത്തിയത്. വീട്ടില്‍ ഭാര്യയും മകനും മാത്രമാണുള്ളത്. ഒന്നാംതിയ്യതി തിരിച്ചുചെല്ലാനാണ് ടിക്കറ്റെടുത്തിരുന്നത്. തീരം ശാന്തമായാലും കടലില്‍ തിര അടങ്ങാന്‍ ഇനിയും ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് 61കാരനായ സെയ്തുകോയ പറഞ്ഞു. അതുവരെ കൊച്ചിപോലൊരു നഗരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പണം കൈയിലില്ലാത്തതാണ് പലരെയും അലട്ടുന്നത്. കടല്‍ക്ഷോഭം മൂലം കപ്പലിന് പോവാന്‍ കഴിഞ്ഞില്ലങ്കില്‍ സാധാരണ ടിക്കറ്റുകാശും ചെലവുകാശും ലക്ഷദ്വീപ് അഡ്മിനിസ്‌േട്രഷന്‍ നല്‍കാറുണ്ട്. എന്നാല്‍, ഇത്തവണ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇതിനെതിരേ ഇവര്‍ പ്രതിഷേധിച്ചതോടെ  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ചാര്‍ജ് നേരിട്ടെത്തി പരാതി കേട്ട് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ്‌നല്‍കി.
അതേസമയം, കൊച്ചിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ ലോഡസ് ഓഫ് ഓഷ്യന്‍  ബോട്ട് ലക്ഷ ദ്വീപില്‍ കരയ്ക്കടുത്തതായി വിവരം ലഭിച്ചു. ബോട്ടില്‍ 12 തൊഴിലാളികളാണ് ഉള്ളത് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനായു മല്‍സ്യതൊഴിലാളികളും തീരസംരക്ഷണ സേനയും ലക്ഷ ദ്വീപിലേക്ക് പുറപ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss