|    Oct 21 Sat, 2017 2:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചിയില്‍ ഭിന്നലിംഗക്കാരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published : 4th July 2016 | Posted By: SMR

കൊച്ചി: കൊച്ചിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് ഭിന്നലിംഗക്കാരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വളഞ്ഞമ്പലത്ത് റോഡരികില്‍ അമ്മയെ കാത്തുനില്‍ക്കുകയായിരുന്ന കൊല്ലം സ്വദേശിനിയായ പൂര്‍ണ (23)യെയും സുഹൃത്ത് എറണാകുളം സ്വദേശിനി അയിഷ(25)യെയുമാണ് പോലിസ് മര്‍ദ്ദിച്ചത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന പൂര്‍ണയെ പത്തോളം വരുന്ന പോലിസുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സ്ത്രീയാണെന്ന് പറഞ്ഞെങ്കിലും പോലിസ് മര്‍ദ്ദനം തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ ഭിന്നലിംഗക്കാരിയായ സുഹൃത്ത് അയിഷയേയും പോലിസ് സംഘം മര്‍ദ്ദിച്ചു. അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ പൂര്‍ണയുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുകയും കാലു കൊണ്ട് തൊഴിക്കുകയും ചെയ്തു.
വനിതാ പോലിസുകാരുടെ സാന്നിധ്യമില്ലാതെ പോലിസുകാര്‍ ഇരുവരുടെയും വസ്ത്രമഴിച്ച് പരിശോധിച്ചതായും അയിഷ തേജസിനോട് പറഞ്ഞു. ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസുകാര്‍ക്കെതിരേ പരാതി നല്‍കിയതായി സുഹൃത്ത് അയിഷ പറഞ്ഞു.
അതേസമയം, ഭിന്നലിംഗക്കാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു. പോലിസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കി.
കഴിഞ്ഞദിവസം പരാതി നല്‍കാന്‍ എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ എത്തിയ മലയാളികളായ 11 ഭിന്നലിംഗക്കാരെ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് മര്‍ദ്ദിച്ചതായും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചതായും മനുഷ്യാവകാശ പ്രവര്‍ത്തകയും ഭിന്നലിംഗക്കാരിയുമായ ശീതള്‍ ശ്യാം ആരോപിച്ചു.
ഉത്തരേന്ത്യക്കാരായ ഭിന്നലിംഗക്കാരെന്ന് അവകാശപ്പെടുന്ന റെയില്‍വെ സ്റ്റേഷനില്‍ മലയാളികളായ ഭിന്നലിംഗക്കാരെ അക്രമിച്ചെന്ന പരാതിയുമായാണ് ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിക്കാരെ എസ്‌ഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം. ഇവര്‍ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക