|    Dec 15 Sat, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊച്ചിയില്‍ ഗോവന്‍ കാര്‍ണിവല്‍

Published : 12th November 2018 | Posted By: kasim kzm

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: ഗോവയെ വീഴ്ത്തി കാണിക ളുടെ മുന്നില്‍ മാനം കാക്കാന്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. സ്വന്തം തട്ടകത്തില്‍ ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോറ്റോടിയത്. മുന്നേറ്റനിരതാരം ഫെറാന്‍ കോറോമിനസിന്റെ ഇരട്ടഗോളും (11,45) രണ്ടാം പകുതിയില്‍ മന്‍വീര്‍ സിങിന്റെ (67) ഗോളിലുമാണ് ഗോവ ബ്ലാസ്റ്റേഴ്‌സിനെ തുരത്തിയത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ക്രിസ്‌മോറോവിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആശ്വാസഗോ ള്‍ നേടി.
ഇതോടെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകണമെങ്കില്‍ കാര്യമായി അധ്വാനിക്കേണ്ടിവരും. ജയത്തോടെ 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ചില സുപ്രധാന മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജെയിംസ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിനെ അവതരിപ്പിച്ചത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രതിരോധനിരയിലേക്ക് മലയാളിതാരം അനസ് ഇടത്തൊടിക മടങ്ങിയെത്തിയതാണ് അതില്‍ ഏറെ നിര്‍ണായകമായത്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അനസിന്റെ അരങ്ങേറ്റംകൂടിയായി മല്‍സരം. സികെ വിനീതിന്റെ അഭാവമാണ് ടീമില്‍ നിഴലിച്ചത്. 4-4-2 ശൈലിയില്‍ അണിനിരത്തിയ ടീമില്‍ മുന്നേറ്റ നിരയില്‍ സ്റ്റോജനോവിക് – പോപ്ലാറ്റ്‌നിക്ക് കൂട്ട് കെട്ടാണ് ആക്രമണം നയിച്ചത്. ഫെറാന്‍ കോറോമിനസിനെയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനെയും മുന്നേറ്റ നിരയില്‍ അവതരിപ്പിച്ച് 4-4-2 ശൈലിയില്‍ തന്നെയാണ് ഗോവന്‍ നിരയും ഇറങ്ങിയത്.
ഗോവ മാത്രം
ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കെതിരെ പതിയെ തുടങ്ങിയ ഗോവ പത്തുമിനിറ്റിനുള്ളില്‍ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയേയും ഡിഫന്‍സിലേക്ക് വഴിമാറിയ മധ്യനിരയേയും നോക്കിനിര്‍ത്തി കോറോയും എഡു ബേഡിയയും പടനയിച്ചു. 11-ാം മിനിട്ടിനുള്ളില്‍ ഗോവയുടെ വകയായിരുന്നു ആദ്യപ്രഹരം. വലതുവിങ്ങില്‍ നിന്നുള്ള അഹമ്മദ് ജാഹോയുടെ ക്രോസില്‍ തലവെച്ച കോറൊയുടെ ലക്ഷ്യം പിഴച്ചില്ല.
ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. ഒരു ഗോളിന്റെ ലീഡില്‍ പിന്നെയും മഞ്ഞപ്പടയെ എതിരാളികള്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രമാണ് ഗോവന്‍ ബോക്‌സിലേക്ക് പന്തെത്തിയത്. ചില ഒറ്റയാന്‍ മുന്നേറ്റങ്ങളിലൂടെ സ്റ്റോജനോവികും പോപ്ലാറ്റ്‌നിക്കും കളിച്ച് നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല.
രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ കോറോമിനസ് രണ്ടാം ഗോളും കണ്ടെത്തിയതോടെ കാര്യമായെന്നും ചെയ്യാനില്ലാതെ ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. ഒത്തിണക്കതോടെ മനോഹര ഫുട്‌ബോള്‍ കാഴ്ചവച്ച ഗോവയെ കൂടുതല്‍ ഗോളുകള്‍ അടുപ്പിക്കാതെ തോല്‍വിയുടെ ഭാരം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. ഹോളിചരണ്‍ നാര്‍സറിയെ പിന്‍വലിച്ച് സിറില്‍ കാലിക്ക് രണ്ടാം പകുതിയില്‍ ഡേവിഡ് ജെയിംസ് അവസരം നല്‍കി. എങ്കിലും കാര്യമുണ്ടായില്ല. ഇടതടവില്ലാതെ വീണ്ടും ഗോവന്‍ ആക്രമണങ്ങള്‍. 67ാം മിനിട്ടില്‍ വീണ്ടും ആതിഥേയരുടെ ഗോള്‍ വലകുലുങ്ങി. ഇക്കുറി മന്‍വീര്‍ സിങിന്റെ വകയായിരുന്നു ഷോക്ക് ട്രീറ്റ്‌മെന്റ്.
മൂന്ന് ഗോള്‍ വഴങ്ങിയതോടെ പിന്നീട് കൂവി വിളികളോടെയാണ് ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനെ വരവേറ്റത്. പകരക്കാരന്റെ റോളില്‍ സികെ വിനീതും കളത്തിലേക്ക്. കളി തീരാന്‍ മിനിട്ടുകളുള്ളപ്പോള്‍ ചില തിരിച്ചടികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഗോവന്‍ പ്രതിരോധനിര വിലങ്ങുതടിയായി. ഒടുവില്‍ ക്യാപ്റ്റന്‍ ജിങ്കന്‍ തന്നെ വേണ്ടിവന്നു രക്ഷയ്ക്ക്. മുന്നിലേക്ക് കയറി കളിച്ച ജിങ്കന്റെ ക്രോസ് ക്രിസ്‌മോറോവിക് കാലുവച്ച് തട്ടി വലയ്ക്കകത്ത് കയറ്റി. ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും സ്വന്തം കാണികളുടെ മുന്നില്‍ തലകുനിച്ചാണ ഡേവിഡ് ജെയിംസും കൂട്ടരും മടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss