|    Mar 24 Fri, 2017 11:34 pm
FLASH NEWS

കൊച്ചിയില്‍ കനാലുകളുടെ സംരക്ഷണത്തിന് പുതിയ തുടക്കം

Published : 2nd October 2016 | Posted By: SMR

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിനും ജലമലിനീകരണത്തിനും പ്രതിവിധിയുമായി നഗരസഭ. കനാലുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനമാണ് ഇതിനു പ്രതിവിധിയെന്ന് മനസിലാക്കി അതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് കൊച്ചി നഗരസഭ. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ‘അമൃത് മിഷന്‍’ പദ്ധതിയുടെ ഭാഗമായി 23.58 കോടി രൂപ അനുവദിച്ചതായും മേയര്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി തേവര-പേരണ്ടൂര്‍ കനാലിന്റെ കൃത്യമായ സര്‍വേ നട ത്തുവാനും ഈ കനാലിലേക്ക് എത്തിച്ചേരുന്ന മലിനജല സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും ശാസ്ത്രീയമായി കനാലിന്റെ പുനരുജ്ജീവനത്തിനുവേണ്ട വിവരശേഖരവും മാപ്പ് ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിനായി എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹായം തേടി. 80 ബി-ടെക്ക്, എം.ടെക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് റിമോട്ട് സെന്‍സിങ് വിവരങ്ങളും നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വേ വിവരങ്ങളേയും കനാലിന്റെ ഇരുകരകളിലൂടെ നടന്ന് രേഖപ്പെടുത്തിയ മലിന ജലശ്രോതസ്സുകളുടെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
കൂടാതെ, കനാലിന്റെ പാരിസ്ഥിതിക പുനരുജീവനത്തിനുവേണ്ട നിര്‍ദേശങ്ങളും റിപോര്‍ട്ടിലുണ്ട്. ആകെ 632 കക്കൂസ് മാലിന്യ പൈപ്പുകളാണ് തേവര-പേരണ്ടൂര്‍ കനാലില്‍ എത്തിച്ചേരുന്നത്. പ്രധാനമായും ഈ കക്കൂസ് മാലിന്യങ്ങളാണ് 11 കി.മീ. നീളമുള്ള കനാലില്‍ എത്തുന്നത്. 216 ഓളം ചെറുതും വലുതുമായ കാനകള്‍ കനാലില്‍ മഴവെള്ളത്തോടൊപ്പം കറുത്തിറുണ്ട കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള അഴുക്ക് ജലം എത്തിക്കുന്നു.
ഇങ്ങനെ മലിനജലം എത്തുന്ന കനാലിലെ ജലം കറുത്തിരുണ്ട് ദുര്‍ഗന്ധം വമിച്ച് നിലകൊള്ളുന്നു. ഗിരിനഗര്‍, ഉദയനഗര്‍, തുടങ്ങിയ നിരവധി ഹൗസിങ് കോളനികളില്‍ നിന്നും തേവര മാര്‍ക്കറ്റ്, കടവന്ത്ര മാര്‍ക്കറ്റ് തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നും നിരവധി കശാപ്പുശാലകളില്‍ നിന്നും അനുദിനം എത്തിച്ചേരുന്ന ഖരമാലിന്യങ്ങളും കൂടിച്ചേര്‍ന്ന് കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. യാതൊരുവിധ മലിനീകരണ ശുചീകരണ സംവിധാനങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ കനാലില്‍ എത്തുന്ന മലിന ജലം കനാല്‍ പരിസരങ്ങളിലുള്ളവര്‍ക്ക് പകര്‍ച്ച വ്യാധികളും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. കൂടാതെ, ഈ മലിന ജലം ചാമ്പുപൈപ്പുകള്‍ മുതലായ ഭൂഗര്‍ഭ ജലവുമായി കലരുന്നുണ്ട്.
കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭാഗത്തെ ഭൂഗര്‍ഭജലത്തില്‍ 50 ശതമാനത്തില്‍ പോലും ഈകോളി ബാക്ടീരിയ കാണുന്നതായി കണ്ടെത്തുകയുണ്ടായി. സാധാരണയായി ഭൂഗര്‍ഭ ജലത്തില്‍ ഈകോളീഫോം ബാക്റ്റീരിയ ഒരു കാരണവശാലും കാണപ്പെടുവാന്‍ പാടില്ലാത്തതുമാണ്. കൊച്ചിയിലെ 18 കനാലുകളില്‍ നിന്നും ഭൂഗര്‍ഭത്തിലേക്ക് അനുദിനം അരിച്ചിറങ്ങുന്ന മാലിന്യമാണ് ഈ അവസ്ഥക്ക് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക