|    Oct 20 Sat, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചിയിലെ മോഷണ പരമ്പരപ്രതികളെ തെളിവെടുപ്പിനായി കൊച്ചിയിലെത്തിച്ചു

Published : 24th September 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടില്‍ ഇ കെ ഇസ്മയിലിന്റെ വീട്ടില്‍ അതിക്രമിച്ച കടന്നു മോഷണം നടത്തിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. സംഘത്തിലെ പ്രധാനികളും ബംഗ്ലാദേശ് സ്വദേശികളുമായ ഇക്രം (30), സലിം (40), മുഹമ്മദ് ഹാരൂണ്‍ (46) എന്നിവരെയാണ് ഇന്നലെ നോര്‍ത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കൊച്ചിയിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ ഇവരടങ്ങുന്ന ആറംഗ സംഘം ഡല്‍ഹി പ്രീത്‌വിഹാര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട ജി ബ്ലോക്കില്‍ മോഷണം നടത്തുന്നതിനിടെ ഡല്‍ഹി പോലിസിന്റെ പിടിയിലാവുകയായിരുന്നു. കേരളത്തിലെ മോഷണവുമായി പിടിയിലായ പ്രതികളില്‍ മൂന്നു പേര്‍ക്കു ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തൃക്കാക്കര എസ്‌ഐ ഷെബാബ്, നോര്‍ത്ത് എഎസ്‌ഐ റഫീഖ്, ഹില്‍പാലസ് സിപിഒ റോബര്‍ട്ട് എന്നിവര്‍ തിഹാര്‍ ജയിലിലെത്തി പ്രതികളെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കേരളത്തിലേക്കു കൊണ്ടുവരികയായിരുന്നു.
തൂപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയതിനു പിന്നിലും ഇവര്‍ക്കു പങ്കുണ്ട്. കഴിഞ്ഞ ഡിസംബര്‍ 15ന് പുലര്‍ച്ചെ പുല്ലേപ്പടിയിലും പിറ്റേന്ന് പുലര്‍ച്ച് തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലുമാണു കേരളത്തെ ഞെട്ടിച്ച മോഷണ പരമ്പരകള്‍ നടന്നത്. രണ്ടു മോഷണത്തിനു പിന്നിലും ഒരേ സംഘമാണെന്നും ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ആദ്യഘട്ടം നടത്തിയ അന്വേഷണങ്ങളില്‍ ജില്ലാ പോലിസ് മേധാവി എംപി ദിനേശ് രൂപംനല്‍കിയ പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ നിന്നു മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. റോണി, അര്‍ഷാദ്, ഷേക്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിപ്പോള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ബംഗാള്‍, ബംഗ്ലാദേശ് അതിര്‍ത്തി വഴി അനധികൃതമായി ഇടയ്ക്കിടെ ഇന്ത്യയിലെത്തുന്ന പ്രതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നു പോലിസ് പറഞ്ഞു. വീടുകളുടെ ജനല്‍ അപ്പാടെ കുത്തിയിളക്കിയ ശേഷം അകത്തുകടന്നു വീട്ടുകാരെ ബന്ദിയാക്കിയോ, തോക്കു ചൂണ്ടിയോ കവര്‍ച്ച ചെയ്യലാണു പ്രതികളുടെ രീതി. ആവശ്യത്തിനു പണവും സ്വര്‍ണവും കിട്ടിയാല്‍ പ്രതികള്‍ സ്ഥലംവിടും.
പുല്ലേപ്പടിയില്‍ നടന്ന മോഷണത്തില്‍ ഇസ്മയിലിന്റെ ഭാര്യ സൈനബയുടെ മാലയും വളയും അടക്കം അഞ്ചുപവന്‍ സ്വ ര്‍ണം കവര്‍ന്നിരുന്നു. കമ്പിപ്പാരയുമായിട്ടായിരുന്നു ആക്രമണം. സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെ സൈനബയുടെ കൈക്കു മുറിവേറ്റിരുന്നു. ആകെ 11 പേരായിരുന്നു മോഷണ സംഘത്തിലുണ്ടായിരുന്നത്. ഇനി അഞ്ചു പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ക്കായി ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായത്തോടെ നിരീക്ഷണം തുടരുകയാണെന്നു പോലിസ് അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss