|    Feb 27 Mon, 2017 10:18 pm
FLASH NEWS

കൊച്ചിയിലെ കലക്ടറേറ്റ് സ്‌ഫോടനം ; നസീറിന്റെയും രൂപേഷിന്റെയും സംഘങ്ങളെ പ്രതികളാക്കാനും ശ്രമം

Published : 14th November 2016 | Posted By: SMR

മലപ്പുറം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പോലിസിന്റെ സ്ഥിരം ശൈലി കൊച്ചിയിലെ കലക്ടറേറ്റ് സ്‌ഫോടനക്കേസില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തല്‍. 2009 ജൂലൈ 10നാണ് കൊച്ചി കലക്ടറേറ്റില്‍ സ്‌ഫോടനം നടന്നത്. കേസില്‍ ആയിരത്തോളം പേരെ അന്വേഷണസംഘം ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അമോണിയം നൈട്രേറ്റും ഡിറ്റൊണേറ്ററും ബാറ്ററിയും ചേര്‍ത്ത് ബോംബുണ്ടാക്കിയാണ് അഞ്ചാം നിലയിലെ കോണിയോടു ചേര്‍ന്ന് സ്‌ഫോടനം നടത്തിയത്.  കേസിന്റെ ആരംഭത്തില്‍ തന്നെ ലശ്കറെ ത്വയ്യിബയോ മാവോവാദികളോ ആണ് ബോംബ് സ്‌ഫോടനത്തിനു പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചിരുന്നു. അതിനു തെളിവുണ്ടാക്കുന്ന രൂപത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. സ്‌ഫോടനത്തിനു പിന്നില്‍ തടിയന്റവിട നസീറാണെന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സംശയിച്ചിരുന്നത്. ഈ സംഘവുമായി ബന്ധമുണ്ടായിരുന്ന അബ്ദുല്‍ ഹാലിമിനെ പിടികൂടി ഇയാളാണ് കേസിലെ മുഖ്യപ്രതിയെന്നു പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഹാലിം കുറ്റം സമ്മതിക്കാതിരുന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നസീര്‍ കൂട്ടാളികളായ സര്‍ഫറാസ് നവാസ്, പരപ്പനങ്ങാടി സ്വദേശി യൂസുഫ് എന്നിവരാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു നിഗമനം. നസീറും കൂട്ടാളികളും പിടിയിലായതോടെ അന്വേഷണസംഘം ബംഗളൂരുവില്‍ പോയി ഇവരെ ആഴ്ചകളോളം ചോദ്യം ചെയ്തു. കുറ്റകൃത്യം സമ്മതിക്കാന്‍ ഇവര്‍ തയ്യാറാവാതിരുന്നതോടെ ആ നീക്കവും ഉപേക്ഷിക്കുകയായിരുന്നു. തുമ്പില്ലാതെ അന്വേഷണം തുടരുന്നതിനിടെയാണ് മാവോവാദി നേതാക്കളായ രൂപേഷും ഷൈനിയും സംഘവും കോയമ്പത്തൂരില്‍ പിടിയിലായത്. അതോടെ സംഘം കോയമ്പത്തൂരിലെത്തി സംഭവത്തെക്കുറിച്ച് ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും അറിയില്ലെന്നായിരുന്നു അവരുടെ മൊഴി. പിന്നീടാണ് തമിഴ്‌നാട്ടിലെ അല്‍ഉമ്മയുമായി ബന്ധമുള്ള കണ്ണൂരിലെ മരക്കാര്‍കണ്ടി അയ്യൂബിനെ തേടി അന്വേഷണസംഘം നാടു മുഴുവന്‍ അരിച്ചുപെറുക്കിയത്. അയാളെ കണ്ടെത്താന്‍ കഴിയാതായതോടെ ആ നീക്കവും സ്തംഭിച്ചു. അതിനു ശേഷം കൊല്ലത്തും മലപ്പുറത്തും കലക്ടറേറ്റുകളില്‍ സ്‌ഫോടനമുണ്ടായി. അവയിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് സംഘം തടിയന്റവിട നസീറിന്റെയോ രൂപേഷിന്റെയോ തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് പോലിസിലെത്തന്നെ ചിലര്‍ നല്‍കുന്ന വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 361 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day