|    Jan 23 Mon, 2017 4:03 am
FLASH NEWS

കൈവശഭൂമിക്ക് നികുതി സ്വീകരിക്കണമെന്ന് ആവശ്യം; മിച്ചഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

Published : 19th October 2016 | Posted By: Abbasali tf

മാനന്തവാടി: പാരിസണ്‍സ് എസ്‌റ്റേറ്റില്‍ ജെസിയിലെ മിച്ചഭൂമി അളന്നുതിരിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സര്‍വേ നമ്പര്‍ 4 മുതല്‍ 111 വരെയുള്ള 489 ഏക്കര്‍ സ്ഥലമാണ് മാനന്തവാടി വില്ലേജില്‍ മിച്ചഭൂമിയായി കണ്ടെത്തിയത്. ഇതിനു പുറമെ തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട് വില്ലേജുകളില്‍ ഉള്‍പ്പെടെ ആകെ 649 ഏക്കര്‍ ഭൂമിയാണ് അളന്നുതിരിക്കാനുള്ളത്. ഈ ഭൂമികളില്‍ 1970 മുതല്‍ പട്ടയം ലഭിച്ച് വീടുവച്ച് താമസിക്കുന്ന 200ഓളം കുടുംബങ്ങളുണ്ട്. കൂടാതെ വര്‍ഷങ്ങളായി കൃഷിയിറക്കി ഭൂമി കൈവശം വച്ചുവരുന്നവരുമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവരുടെ നികുതി സ്വീകരിച്ചിരുന്നെങ്കിലും നാലുമാസം മുമ്പ് നിലച്ചു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പാരിസണ്‍ കമ്പനി ഹൈക്കോടതിയിലുള്‍പ്പെടെ കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും അനൂകൂല വിധി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സബ് കലക്ടര്‍ ഭൂമി അളന്നുതിരിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി താഹസില്‍ദാര്‍മാരായ കൃഷ്ണപ്പന്‍, എം ജെ അഗസ്റ്റിന്‍, മാനന്തവാടി വില്ലേജ് ഓഫിസര്‍ സി സുജിത്ത് ജോസ്, റീസര്‍വേ സര്‍വേയര്‍മാരായ കെ ആര്‍ രാജേഷ്, കെ സി ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍, വര്‍ഷങ്ങളായി വീടുവച്ചും കൃഷിചെയ്തും കൈവശം വച്ചുവരുന്ന ഭൂമിക്ക് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഭൂമി അളന്നുതിരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത്. മിച്ചഭൂമിയായി പാരിസണ്‍ കമ്പനി നല്‍കിയ ലിസ്റ്റില്‍ അപാകതയുള്ളതായും തങ്ങളുടെ സ്ഥലം മാത്രം ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് കമ്പനി നല്‍കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ വി ജുബൈര്‍, മുജീബ് കൊടിയോടന്‍, ഇ ജെ ബാബു, ജോണി മറ്റത്തിലാനി, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക