|    Jan 24 Tue, 2017 2:45 pm
FLASH NEWS

കൈരാന, മഥുര സംഭവങ്ങള്‍: യുപി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 11th July 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ വിവിധ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക റിപോര്‍ട്ട്, യുപി ഗവര്‍ണര്‍ രാംനായിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ചു. മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തുവെന്ന ആരോപണം, മഥുരയിലെ ജവഹര്‍ബാഗിലെ ഭൂമി കൈയേറ്റക്കാരും പോലിസും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍, ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം കൊലപ്പെടുത്തിയത് എന്നിവയെക്കുറിച്ചുള്ള പ്രത്യേക റിപോര്‍ട്ടാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്കു കൈമാറിയത്. സംസ്ഥാനത്ത് വിവാദമായ മൂന്നു വിവാദവിഷയങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവര്‍ണര്‍ക്കു കൈമാറിയത്.
2013ലെ മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് ക്രമസമാധാനനില തകര്‍ന്നതിനാല്‍ കൈരാന മേഖലയിലെ ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുവെന്ന പ്രസ്താവനയുമായി ബിജെപി എംപി ഹുക്കും സിങ് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപി വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. സംഭവത്തില്‍ കേന്ദ്രം, സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 28നാണ് ഗോമാംസം കഴിക്കുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന 52കാരനെ വീട്ടില്‍ കയറി അക്രമികള്‍ അടിച്ചുകൊന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി താമസം തുടങ്ങിയവരും ഒഴിപ്പിക്കാനെത്തിയ പോലിസും തമ്മില്‍ മഥുരയില്‍ ജൂണ്‍ 2നാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ രണ്ടു പോലിസുകാരടക്കം 29 പേര്‍ മരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക