|    Dec 19 Wed, 2018 9:16 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കൈരാനയുടെ പ്രധാന പാഠങ്ങള്‍

Published : 13th June 2018 | Posted By: kasim kzm

പി എ എം ഹാരിസ്
ന്യൂഡല്‍ഹിയില്‍ നിന്നു നൂറു കിലോമീറ്ററോളം അകലെ പശ്ചിമ യുപിയിലെ കൈരാന ലോക്‌സഭാ മണ്ഡലത്തിലെ ജനവിധി ഏറെ പാഠങ്ങള്‍ നല്‍കുന്നതാണ്. കിഴക്കന്‍ യുപിയിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ മണ്ഡലങ്ങളിലെ തോല്‍വിക്കു തൊട്ടുപിറകെ കൈരാനയിലും ബിജെപി തോറ്റു. എസ്പിയും കോണ്‍ഗ്രസ്സും പിന്തുണച്ച രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) സ്ഥാനാര്‍ഥി തബസ്സും ഹസനാണ് ജയിച്ചത്. ബിജെപിയെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്തുവെങ്കിലും ബിഎസ്പി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
ബിജെപി എംപി ഹുകുംസിങ് മരിച്ചതു കാരണമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഹുകുംസിങിന്റെ മകള്‍ മൃഗാങ്കസിങിനെ സ്ഥാനാര്‍ഥിയാക്കി സഹതാപതരംഗത്തില്‍ ജയിച്ചുകയറാമെന്നാണ് ബിജെപി കരുതിയത്. ആ ശ്രമം പാളിയെങ്കിലും കൈരാനയുടെ പാഠങ്ങള്‍ വിശദമായി ചര്‍ച്ചാവിധേയമാകണം. 16 ലക്ഷത്തില്‍പരം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്‌ലിംകളും 2.5 ലക്ഷം ദലിതുകളും 1.5 ലക്ഷം ജാട്ടുകളുമാണ്. 2.5 ലക്ഷം ദലിതരില്‍ ഏറെയും മായാവതിയുടെ ബിഎസ്പിക്ക് വോട്ടു നല്‍കുന്ന ജാദവരാണ്. കാശ്യപര്‍ (2 ലക്ഷം), ഗുജ്ജാര്‍ (1.4 ലക്ഷം), സൈനി (1.2 ലക്ഷം) എന്നിവരും ബിജെപിയോട് ആഭിമുഖ്യമുള്ള ബ്രാഹ്മണര്‍, രജ്പുത്രര്‍, ബനിയ സമുദായങ്ങളുമടങ്ങുന്നതാണ് മണ്ഡലം.
ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ എന്നിവ പോലെ പരമ്പരാഗതമായി കൈരാന ബിജെപിയുടെ ഉറച്ച മണ്ഡലമല്ല. 1998ലും 2014ലും മാത്രമാണ് ഇവിടെ ബിജെപി ജയിച്ചത്. 2010ല്‍ ബിഎസ്പി ജയിച്ചു. അതിനു മുമ്പ് രണ്ടു തവണ ആര്‍എല്‍ഡിക്കായിരുന്നു ജയം. 2013ലെ മുസഫര്‍നഗര്‍ കലാപത്തോടെയാണ് ജാട്ട്-മുസ്‌ലിം വോട്ടുകളില്‍ ഭിന്നതയുണ്ടായത്. അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായ ജനരോഷവും കൈരാനയില്‍ നിന്നു ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ച ഇല്ലാക്കഥകളും ചേര്‍ന്ന് ജാട്ട് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കി. മുസ്‌ലിം വോട്ടുകള്‍ ബിഎസ്പിയോടൊപ്പം നിന്നു. ഇതിന്റെ ഫലമായിരുന്നു 33 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 50 ശതമാനത്തിലേറെ വോട്ട് നേടി 2014ല്‍ ലോക്‌സഭയിലേക്ക് ഹുകുംസിങിന്റെ വിജയം.
2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 72ഉം ബിജെപി കൈയടക്കി. സംസ്ഥാനത്തെ 22 കോടി ജനതയില്‍ 18 ശതമാനം വരുന്ന മുസ്‌ലിംകളില്‍ നിന്നുള്ള ഒരു എംപി പോലും യുപിയില്‍ നിന്നു ജയിച്ചുവന്നില്ല. തബസ്സും ഹസന്റെ വിജയത്തോടെ യുപിയില്‍ നിന്ന് ഒരു മുസ്‌ലിം ലോക്‌സഭയിലെത്തിയത് ബിജെപിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പാര്‍ട്ടിയുടെ മുഖ്യ ശക്തിസ്രോതസ്സായിരുന്ന ജാട്ട്-മുസ്‌ലിം സൗഹൃദവും ഐക്യവും തിരിച്ചുവന്നതിലും, 2013ലെ മുസഫര്‍നഗര്‍ സാഹചര്യത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥ തിരിച്ചെത്തിയതിലും അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളിന് ആഹ്ലാദത്തിനു വകയുണ്ട്.
ആര്‍എല്‍ഡി ടിക്കറ്റില്‍ വിജയിച്ച തബസ്സും ഹസന്‍ (47) മണ്ഡലത്തില്‍ പുതുമുഖമല്ല. മുന്‍ ലോക്‌സഭാംഗം മുനവ്വര്‍ ഹസന്റെ പത്‌നിയായ ബീഗം തബസ്സും ഉത്തര്‍പ്രദേശ് രാഷ്ട്രീയരംഗത്തെ പരിചിത മുഖമാണ്. യുപി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് എസ്പിയില്‍ ചേര്‍ന്നു. ഈയിടെയാണ് ആര്‍എല്‍ഡി അംഗമായത്.
കൈരാനയിലെ ഭൂരിപക്ഷം പരിശോധിക്കുമ്പോള്‍ യാഥാര്‍ഥ്യബോധം വേണം. ബിജെപിയുടെ മൃഗാങ്കസിങിനെതിരേ തബസ്സും ഹസന്റെ വിജയം 44,618 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പിനു രണ്ടു നാള്‍ മുമ്പ് രാഷ്ട്രീയ ലോക്ദള്‍ നേതാവ് പ്രഖ്യാപിച്ചത്, കൈരാനയില്‍ ഇനി മത്സരമില്ല, മൂന്നോ നാലോ ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കാമെന്നാണ്. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ ഭൂരിപക്ഷം അര ലക്ഷത്തില്‍ ചുവടെ മാത്രം. തബസ്സും ഹസനു പിന്തുണ പ്രഖ്യാപിച്ച് ലോക്ദള്‍ സ്ഥാനാര്‍ഥിയും ബന്ധുവുമായ കന്‍വാര്‍ ഹസന്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് പിന്‍മാറിയിരുന്നു. ഞങ്ങളുടെ കുടുംബതര്‍ക്കത്തിനിടെ ബിജെപി ജയിച്ചുകയറും. അതു വേണ്ട. ബിജെപിയുടെ ജയം രാജ്യത്തിന് വളരെ മോശം സന്ദേശം നല്‍കുമെന്നും തോല്‍വി ഉറപ്പുവരുത്തുന്നതിനാണ് താന്‍ പിന്‍വാങ്ങിയതെന്നുമായിരുന്നു കന്‍വാറിന്റെ വിശദീകരണം. ഈ വിജയത്തില്‍ ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ പിന്മാറ്റത്തിനു വ്യക്തമായ പങ്കുണ്ട്.
ദലിത് സംഘടന ഭീം ആര്‍മിയും തടവില്‍ കഴിയുന്ന സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന റാവണും വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നുവെന്ന് വോട്ടിങ് വിശകലനം വ്യക്തമാക്കുന്നു. സഹാറന്‍പൂര്‍ കലാപത്തിനു പിറകെ ദലിത് രോഷത്തിന്റെ മുന്‍നിരയെന്ന നിലയിലാണ് ഭീം ആര്‍മി ശ്രദ്ധ പിടിച്ചുപറ്റിയത്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതിനു തൊട്ടുടനെ ദലിത്-രജപുത്ര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മേഖലയാണ് സഹാറന്‍പൂര്‍ ജില്ല. കൈരാന മണ്ഡലത്തില്‍ ബിജെപിയുടെ തോല്‍വിയില്‍ ഗണ്യമായ പങ്കുവഹിച്ചത് ഈ മേഖലയാണ്.
കൈരാനയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ പെടുന്ന സഹാറന്‍പൂര്‍ ജില്ലയിലെ നാകൂര്‍, ഗാംഗോഹ് മണ്ഡലങ്ങളിലായാണ് 2017ലെ വേനല്‍ക്കാലത്ത് മൂന്നു പേര്‍ കൊല്ലപ്പെട്ടതും നൂറിലേറെ ദലിത് കുടുംബങ്ങളുടെ വീടുകള്‍ ചാമ്പലായതും. കൈരാനയില്‍ വിജയം കൊയ്ത തബസ്സും ഹസന്‍ മന്ത്രി ഡോ. ധരംസിങിന്റെ മണ്ഡലമായ നാകൂറില്‍ 28,117 വോട്ടും ഗാംഗോഹില്‍ 12,270 വോട്ടും ഭൂരിപക്ഷം നേടി. മൊത്തം 41,363 വോട്ട് ഭൂരിപക്ഷത്തില്‍ 40,387 വോട്ടും ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നാണ്. ഇതെല്ലാം സഹാറന്‍പൂരിലെ അക്രമങ്ങളുടെ പ്രത്യാഘാതമായിരുന്നുവെന്ന് പ്രാദേശിക ദലിത് നേതാക്കള്‍ വ്യക്തമാക്കുന്നു.
സഹാറന്‍പൂരിലെ സംഘര്‍ഷം ചുരുക്കത്തില്‍ ഇങ്ങനെ: മഹാറാണാ പ്രതാപിന്റെ ജന്മവാര്‍ഷികം പ്രമാണിച്ച് രജപുത്രര്‍ 2017 മെയ് 5ന് സഹാറന്‍പൂരിലെ ശബ്ബിര്‍പൂരില്‍ നിന്നു റാലി സംഘടിപ്പിച്ചു. റാലിയിലുണ്ടായിരുന്ന  ചിലര്‍ വഴിയിലെ ദലിത് കോളനിയിലെ ചില താമസക്കാരുമായുണ്ടായ വാക്കുതര്‍ക്കം കലാപമായി. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ഉന്നതജാതിക്കാരനായ ഒരു യുവാവ് കൊല്ലപ്പെട്ടു. അമ്പതിലേറെ ദലിതുകളുടെ വീടുകള്‍ കത്തിച്ചു. സംഘര്‍ഷങ്ങളില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു.
ശബ്ബിര്‍പൂരില്‍ ബാബാസാഹിബ് അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ദലിതുകളുടെ ശ്രമം ഏപ്രിലില്‍ ചില രജപുത്രര്‍ തടസ്സപ്പെടുത്തിയത് സംഘര്‍ഷത്തിനു കാരണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു മെയ് 5ന്റെ അക്രമങ്ങളെന്നാണ് പോലിസ് രേഖകള്‍.
സഹാറന്‍പൂര്‍ അക്രമം വ്യാപിച്ച സമയത്താണ് യുവ അഭിഭാഷകനായ ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ഭീം ആര്‍മിയുടെ ഉദയം. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതായി പോലിസ് ആരോപിച്ചതോടെ ചന്ദ്രശേഖര്‍ ഒളിവില്‍ പോയി. കൊലപാതകം, അക്രമത്തിനു പ്രേരണ, സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം തുടങ്ങിയ കുറ്റം ചുമത്തി ജൂണ്‍ 8ന് അറസ്റ്റിലായി. ദേശസുരക്ഷാ നിയമം ചുമത്തി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ തടവില്‍ തുടരുകയാണ്. സഹാറന്‍പൂരിലും സമീപ പ്രദേശമായ ശാംലിയിലും മുസഫര്‍നഗറിലും ചന്ദ്രശേഖറിനെ പിന്തുണച്ചും ബിജെപിയെയും യോഗി സര്‍ക്കാരിനെയും എതിര്‍ത്തും ദലിതുകള്‍ തെരുവുകളിലാണ്.
ബാബാ സാഹിബ് അംബേദ്കര്‍ പൗരന്മാര്‍ക്ക് നല്‍കിയ അധികാരം ഉപയോഗപ്പെടുത്തി ബഹുജന്‍ സമാജ് വിരുദ്ധ-സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് ജയിലില്‍ നിന്ന് ചന്ദ്രശേഖറിന്റെ വിശദമായ കത്ത് ഭീം ആര്‍മി ഏകതാ മിഷന്‍ പ്രസിഡന്റ് പ്രവീണ്‍ ഗൗതം സഹാറന്‍പൂരില്‍ വിതരണം ചെയ്തിരുന്നു.
(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss