|    Jun 19 Tue, 2018 8:10 pm
FLASH NEWS

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മേയര്‍

Published : 1st December 2016 | Posted By: SMR

കൊല്ലം:നഗരസഭാ പരിധിയിലെ അനധികൃത േൈകയറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മേയര്‍ വി രാജേന്ദ്രബാബു കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. തൃക്കടവൂര്‍ മേഖലയില്‍ നിര്‍ത്തിവെച്ച ഒഴിപ്പിക്കല്‍ ഉടന്‍ പുനരാരംഭിക്കും. റയില്‍വേസ്റ്റേഷന് മുന്നിലുള്ള അനധികൃത കടകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടപ്പാക്കട, കലക്ടറേറ്റ് പരിസരം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെയെല്ലാം അനധികൃത കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കും. അനധികൃതമായി ബങ്കുകള്‍ സ്ഥാപിച്ചിട്ട് മറ്റ് തൊഴില്‍ ചെയ്യുന്നവരും ബങ്കുകള്‍ വാടകയ്ക്ക് നല്‍കുന്നവരുമുണ്ട്. പെട്ടിക്കടകളുടെ മറവില്‍ പാന്‍മസാല, മയക്കുമരുന്ന് കച്ചവടവും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. തൃക്കടവൂര്‍ സോണല്‍ മേഖലയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരായ എംഎസ് ഗോപകുമാര്‍, പ്രശാന്ത് എന്നിവരാണ് ഒഴിപ്പിക്കല്‍ പ്രശ്‌നം കൗണ്‍സിലില്‍ ഉയര്‍ത്തിയത്. ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ അറിയാതെയാണ് തൃക്കടവൂരില്‍ ഒഴിപ്പിക്കല്‍ നടത്തിയതെന്നായിരുന്നു ഗോപകുമാറിന്റെ ആരോപണം. പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പൊളിച്ചവ പുനസ്ഥാപിക്കുമെന്നായിരുന്നു പ്രശാന്തിന്റെ ഭീഷണി. കൈയേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടി ആര്‍ സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. അനധികൃത കൈയേറ്റം വ്യാപകമായതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ വിഎസ് പ്രിയദര്‍ശന്‍ വ്യക്തമാക്കി. സ്റ്റിയറിങ് കമ്മിറ്റിയും സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു. തേവള്ളി, ഹൈസ്‌കൂള്‍ ജങ്ഷന്‍, തൃക്കടവൂര്‍ ഭാഗങ്ങളിലും കലക്ടറേറ്റിന് ചുറ്റുമുള്ള കൈയേറ്റങ്ങളും ഇതിനകം ഒഴിപ്പിച്ചു. തൃക്കടവൂര്‍ മേഖലയില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സമ്പന്നരുടേതെന്നോ പാവപ്പെട്ടവരുടേതെന്നോ ഉള്ള വ്യത്യാസമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പക്ഷഭേദമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും വ്യക്തമാക്കി. സ്വകാര്യബസുകളുടെ മല്‍സര ഓട്ടം നിയന്ത്രിക്കണമെന്ന് അറുനൂറ്റിമംഗലം ഡിവിഷന്‍ കൗണ്‍സിലര്‍ എസ് പ്രസന്നന്‍ ആവശ്യപ്പെട്ടു. കടപ്പാക്കടയില്‍ ബസ്‌ബേയില്‍ നിര്‍ത്താതെ സിഗ്‌നല്‍ ലൈറ്റിന് സമീപം ബസ് നിര്‍ത്തി നടുറോഡില്‍ യാത്രക്കാരെ ഇറക്കുന്നതും സിഗ്‌നല്‍ വീണാല്‍ തോന്നിയിടത്ത് നിര്‍ത്തുന്നതും പതിവാണെന്ന് അംഗം ചൂണ്ടിക്കാട്ടി. ചിന്നക്കട ട്രാഫിക് റൗണ്ടിലും ഇത് തന്നെയാണ് സ്ഥിതി. നഗരത്തില്‍ ദിശാസൂചക ഫലകങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാത്തതിനാല്‍ അന്യസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കടപ്പാക്കട ഡിവിഷന്‍ കൗണ്‍സില്‍ എന്‍ മോഹനന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ട്രാഫിക് ഉപദേശകസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ ഉറപ്പുനല്‍കി.അയത്തില്‍-മേവറം ബൈപാസില്‍ തെരുവുവിളക്കുകള്‍ കത്താത്തത് അപകടങ്ങള്‍ക്കും തെരുവുനായ് ശല്യത്തിനും കാരണമാകുന്നതായി പാലത്തറ ഡിവിഷന്‍ കൗണ്‍സിലര്‍ എസ് ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. നവകേരള മിഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എംഎ സത്താര്‍ പറഞ്ഞു. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ശുചീകരണവുമായി ബന്ധപ്പെട്ട് ഓരോ പ്രോജക്ടുകള്‍ നടപ്പാക്കുമെന്ന് മേയര്‍ അറിയിച്ചു. ആശ്രാമം മൈതാനം എല്ലാവരുടേയും സഹകരണത്തോടെ ഡിസംബര്‍ 10ന് വൃത്തിയാക്കും.  വരള്‍ച്ചയെ നേരിടാനായി ജലഅതോറിട്ടി, ഭുജല വകുപ്പ്, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായം തേടും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡു വിതരണം ഇന്ന് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്നും മേയര്‍ അറിയിച്ചു. ആദ്യഘട്ടമായി 1422 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 42.66 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 21.33 കോടി രൂപ കേന്ദ്രവിഹിതവും 7.11 കോടി രൂപ സംസ്ഥാനവിഹിതവും 7.41 കോടി രൂപ നഗരസഭാവിഹിതവും 6.81 കോടി രൂപ ഗുണഭോക്തൃവിഹിതവുമാണ്. രണ്ടാംഘട്ടമായി 400 ഓളം അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതായും മേയര്‍ പറഞ്ഞു.എസ് മീനാകുമാരി, എ നിസാര്‍, കരുമാലില്‍ ഉദയാ സുകുമാരന്‍, തൂവനാട്ട് വി സുരേഷ്‌കുമാര്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss