|    Oct 19 Thu, 2017 11:57 pm

കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചിട്ട് മൂന്നരവര്‍ഷം ; അധികൃതരുടെ നിഷ്‌ക്രിയത്വം സ്‌കൂള്‍ വികസനത്തിന് വിലങ്ങുതടി

Published : 26th October 2016 | Posted By: SMR

കാട്ടാക്കട: നാളുകള്‍ നീണ്ട നിയമപോരാട്ടങ്ങളിലൂടെ സ്‌കൂള്‍ ഭൂമി തിരിച്ചുപിടിച്ചെങ്കിലും വികസനത്തിന് തടസ്സമായി തുടര്‍നടപടികളുടെ അഭാവം. പൂവച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് നടപടികളിലെ അനാസ്ഥ വിലങ്ങുതടിയാവുന്നത്. സ്‌കൂളിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന വിപുലമായ ചടങ്ങില്‍ സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഹൈടെക് സ്‌കൂള്‍ ആക്കുമെന്ന് ഉദ്ഘാടകനായെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളിനെ അന്തര്‍ദേശിയ നിലവാരത്തില്‍ ആക്കുമെന്ന് ശബരിനാഥ് എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമീപവാസികള്‍ കൈവശപ്പെടുത്തിയ ഭൂമി ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ തിരികെ ലഭ്യമാക്കിയിട്ടും തുടര്‍ നടപടികള്‍ ഒന്നുമാവാതെ കിടക്കുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍ക്കു വെല്ലുവിളിയാവുന്നത്. മൂന്നരവര്‍ഷം മുമ്പുവരെ സ്‌കൂളിനു സമീപമുള്ള ചില വ്യക്തികള്‍ സ്‌കൂള്‍ ഭൂമി കൈവശപ്പെടുത്തിവച്ചിരുന്നു. 2013 ഏപ്രില്‍ 30നാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവുപ്രകാരം മൂന്നേമുക്കാല്‍ ഏക്കറോളം വരുന്ന ഈ ഭൂമിയില്‍ നിന്നും കൈയേറ്റം ചെയ്യപ്പെട്ട 1.36 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചത്. എന്നാല്‍ തുടര്‍നടപടികള്‍ കാര്യക്ഷമമാവാത്തതു മൂലം ഇപ്പോഴും ഈ ഭൂമി സമീപവാസികളില്‍ ചിലര്‍ തന്നെ അനുഭവിക്കുകയാണ്. നെടുമങ്ങാട് സര്‍വേ സൂപ്രണ്ട്, തഹസില്‍ദാര്‍, അഡിഷനല്‍ തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്തു സെക്രട്ടറി, സൂപ്രണ്ട്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്‌ഐ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥലം അളന്നുതിരിച്ചു സ്‌കൂളിന് വേണ്ടി ഓംബുഡ്‌സ്മാന്‍ ജില്ലാ പഞ്ചായത്തിന് കൈമാറിയത്. ഭൂമി കൈവശപ്പെടുത്തിയിരുന്നവര്‍ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടത് അനുവദിക്കുകയും ഒമ്പതു കുടുംബങ്ങളില്‍ ഏഴെണ്ണം ഈ കാലയളവില്‍ മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു കുടുംബങ്ങള്‍ സ്വന്തം ഭൂമി ഇല്ലാത്തതിനാല്‍ ഒഴിഞ്ഞുപോ—യില്ല. ഇതിനു പരിഹാരമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പുറമ്പോക്കുഭൂമിയില്‍ നിന്നും സ്ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട ത്രിതല പഞ്ചായത്തുകള്‍ ഇതിന് തയ്യാറായിട്ടില്ല. രേഖകളില്‍ ഈ സ്ഥലം സ്‌കൂളിനായി ലഭിച്ചെങ്കിലും ഒഴിഞ്ഞുപോയവര്‍ അടക്കമുള്ളവര്‍ ഇതേ പുരയിടത്തിലെ തെങ്ങ്, റബ്ബര്‍, വാഴ, പ്ലാവുകള്‍ എന്നിവയുടെ ആദായം ഇപ്പോഴും കൈവശപ്പെടുത്തിവച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് നിലവില്‍ സ്ഥലപരിമിതി ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്‍എസ്എസ്സും സ്‌കൗട്ട് ആന്റ് ഗൈഡും അടക്കം 40ഓളം ക്ലബ്ബുകള്‍ സ്‌കൂളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുെണ്ടങ്കിലും ഇവയ്ക്കു വേണ്ടുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഹാളോ മറ്റു സൗകര്യങ്ങളോ ഇല്ല. ഇടവേളകളില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഇവിടെ കുറവാണ്. ക്ലാസ് മുറികളുടെ ശോചനീയാവസ്ഥയും സ്‌കൂള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മന്ത്രിയുടെയും എംഎല്‍എയുടെയും പ്രഖ്യാപനം വന്നതോടെ പരാതീനതകള്‍ക്കെല്ലാം പരിഹാരമാവുമെന്ന ആശ്വാസത്തിലായിരുന്നു പിടിഎയും നാട്ടുകാരും. ത്രിതല പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് അനുകൂല നടപടി സ്വീകരിച്ചാല്‍ മാത്രമേ സ്‌കൂളിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക