|    Oct 23 Mon, 2017 7:03 pm
FLASH NEWS

കൈയേറ്റമൊഴിപ്പിക്കല്‍: ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡിഎഫ്ഒ

Published : 19th October 2016 | Posted By: Abbasali tf

മാനന്തവാടി: അമ്പുകുത്തിയിലെ വനം കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അമ്പുകുത്തിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് ഡിഎഫ്ഒ അറിയിച്ചതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടി വില്ലേജിലെ അമ്പുകുത്തിയിലെ ഭൂമി പാവപ്പെട്ടവരും കൂലിപ്പണിക്കാരുമായ സാധാരണക്കാര്‍ വര്‍ഷങ്ങളായി കൈവശം വച്ചു വരുന്നതാണ്. 1989-90 കാലഘട്ടത്തില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി 155ല്‍ 118 പേര്‍ക്ക് കൈവശരേഖ നല്‍കിയിട്ടുള്ളതാണ്. 2013ല്‍ വെരിഫിക്കേഷന്‍ നടത്തുകയും കൈവശക്കാരുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതുമാണ്. ഈ ഭൂമിയില്‍ യാതൊരു വിധ പുതിയ കൈയേറ്റവും നടത്തിയിട്ടില്ലെന്നു ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ 319 കുടുംബങ്ങളിലായി 1,500ഓളം പേരുണ്ട്. മാനന്തവാടി ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ കൈവശഭൂമിയിലെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങള്‍ നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഈ ഭൂമിക്ക് രേഖ ലഭിക്കാന്‍ വേണ്ട അനുകൂല സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആളുകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും അധികാരികളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ചില സംഘടനകളുടെ ശ്രമം. ഈ വിഷയത്തില്‍ ഡിഎഫ്ഒയെ കാണുകയും അമ്പുകുത്തി കൈവശഭൂമി വനംവകുപ്പിന്റെ ഒഴിപ്പിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ എം അബ്ദുല്‍ ആസിഫ്, പെരുപ്പില്‍ അപ്പച്ചന്‍, ടി കെ പ്രശാന്ത്, കെ എം അബ്ദുല്‍ സലീം, പി കെ അസൈനാര്‍, വക്കച്ചന്‍, വി ജി ജോസ്, ടി എം ജോണ്‍സണ്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക