|    Mar 28 Tue, 2017 6:07 am
FLASH NEWS

കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും ജനസമ്പര്‍ക്കം നടത്താനും കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ റവന്യൂ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ എത്രയുംവേഗം ഒഴിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ സെക്രട്ടറി മേല്‍നോട്ടംവഹിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവിമാരുടെയും വാര്‍ഷിക അവലോകനയോഗത്തിലാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുമേധാവിമാരുമായി വകുപ്പ് മന്ത്രിമാര്‍ ചര്‍ച്ചനടത്തി. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ ഭരണനൈപുണി കാട്ടണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വാസയോഗ്യമായ ഭൂമി കണ്ടെത്തി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല ജില്ലകളില്‍ ഗുണഭോക്താക്കള്‍ക്കു പട്ടയം ന ല്‍കിയെങ്കിലും ഭൂമി ലഭ്യമാക്കിയിട്ടില്ല. ഇതു പരിഹരിക്കണം. നവംബര്‍ ഒന്നിന് നടപ്പാക്കാനിരിക്കുന്ന ഭവനനിര്‍മാണം, ഹരിതകേരളം തുടങ്ങിയ പദ്ധതികളുടെ ഏകോപനം ജില്ലകളിലാണു നടക്കേണ്ടത്. ഇക്കാര്യത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും ജില്ലാ കലക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.
ദേശീയപാത, റെയില്‍പാത, വിമാനത്താവളം തുടങ്ങിയവയ്ക്കായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് വേഗം കൂട്ടണം. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം എന്നിവ കര്‍ശനമായി നടപ്പാക്കണം.  തരിശുനിലങ്ങള്‍ കൃഷിചെയ്യാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കണം. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക താല്‍പര്യം കാട്ടണമെന്നും ചുവപ്പുനാടക്കുരുക്കുകള്‍ അഴിക്കാന്‍ ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇവയ്ക്കു പരിഹാരം കാണാവുന്നതേയുള്ളൂ. കലക്ടറേറ്റ് കയറിയിറങ്ങി മടുക്കുന്നവരാണ് സെക്രേട്ടറിയറ്റിലേക്കു വരുന്നതില്‍ അധികവും. ഇവരുടെ പ്രശ്‌നങ്ങള്‍ പരമാവധി കലക്ടറേറ്റില്‍ തന്നെ തീര്‍പ്പാക്കാന്‍ അധികൃതര്‍ക്കാവണം. അങ്ങിനെ സംഭവിക്കാത്തതുകൊണ്ടാണ് മന്ത്രിമാര്‍ക്ക് ജനസമ്പര്‍ക്കം നടത്തേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day