|    Jun 28 Wed, 2017 2:30 am
FLASH NEWS

കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കു പിഡബ്ല്യൂഡി നോട്ടീസ്‌

Published : 21st April 2017 | Posted By: fsq

 

പേരാമ്പ്ര: കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ടു ചക്കിട്ടപാറയിലെ പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കു പൊതുമരാമത്ത് റോഡ് വിഭാഗം പേരാമ്പ്ര അസി.എന്‍ജിനീയര്‍ നോട്ടീസ് നല്‍കി. കമ്പനി ചെയര്‍മാന്റെ പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചക്കിട്ടപാറ സ്വദേശിയായ താലൂക്ക് വികസന സമിതി അംഗം രാജന്‍ വര്‍ക്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് ഓരത്താണ് പ്രൊഡ്യൂസര്‍ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ മതിലിനു മുന്നിലെ നിര്‍മാണങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പൊതുമരാമത്ത് റോഡിനെ മുട്ടിച്ച് ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും സ്ഥാപിച്ചിട്ടുണ്ട്. ചട്ടമനുസരിച്ച് റോഡില്‍ നിന്നു മൂന്നു മീറ്റര്‍ വിട്ടു മാത്രമെ നിര്‍മാണം പാടുള്ളു. അതിവിടെ ലംഘിച്ചിരിക്കുകയാണ്.സുമാര്‍ 75 മീറ്റര്‍ നീളമുള്ള കെട്ടിടത്തില്‍ നിന്നു വീഴുന്ന മഴവെള്ളം റോഡിലേക്കു പതിച്ചു ഒഴുകുന്ന വിധത്തില്‍ ചരിച്ചാണ് ഇന്റെര്‍ലോക്കു കട്ടകള്‍ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിര്‍മാണങ്ങള്‍ നടത്തുന്നതിനു അപേക്ഷ നല്‍കുകയോ അനുവാദം വാങ്ങുകയോ കമ്പനി ചെയ്തിട്ടില്ലെന്നു പിഡബ്ല്യുഡി അധികൃതര്‍ പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ ചട്ടം നിലവിലുള്ള ഗ്രാമപഞ്ചായത്താണ് ചക്കിട്ടപാറ. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കിയിട്ടില്ല. പിന്‍വാതിലിലൂടെ നമ്പര്‍ നല്‍കിയത് പിന്‍വലിക്കുകയും ഇതിനുത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കുകയും ചെയ്ത പശ്ചാത്തലം ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലുണ്ട്. കമ്പനിയുടെ മുന്‍വശത്തുള്ള പഞ്ചായത്തു റോഡും കെട്ടിടവും മതിലും തമ്മിലുള്ള അകലം പാലിക്കുന്നതില്‍ ലംഘനം നടന്നതായി സംശയമുണ്ട്. പൊതു റോഡ് ഓരത്ത് കെട്ടിടം നിര്‍മിച്ചതില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നറിയാന്‍ താലൂക്കു സര്‍വേയറുടെ സേവനം പിഡബ്ല്യൂഡി രേഖാമൂലം തേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക