|    Nov 17 Sat, 2018 5:40 am
FLASH NEWS

കൈയേറ്റം ഒഴിപ്പിക്കല്‍: തോട് ജലാശയ സര്‍വേയുമായി നഗരസഭ

Published : 9th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: നഗരത്തിലെ തോടുകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനായി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനമായി. 1929നു ശേഷമുള്ള ആദ്യത്തെ സര്‍വേയാണ് നടക്കുന്നത്. നഗരത്തിലൂടെ ഒഴുകുന്ന മൂന്നു തോടുകളും, പതിനഞ്ചോളം പൊതുകുളങ്ങളും സര്‍വേ ചെയ്യാന്‍ റവന്യൂ അധികൃതരുമായി ചേര്‍ന്ന് നഗരസഭ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.
പാതായ്ക്കര കോരക്കുളത്തില്‍ നിന്നുല്‍ഭവിച്ച് ചിരട്ടമണ്ണ പുളിക്കല്‍ ചിറവരെയുള്ള എട്ട് കിലോമീറ്റര്‍ നീളത്തിലുള്ള പ്രധാന തോടും അമ്മിനിക്കാടന്‍ മലനിരകളില്‍ നിന്നുല്‍ഭവിച്ച് പൊന്ന്യാകുര്‍ശി വഴി ബൈപാസിലെ ചിരട്ടമണ്ണയില്‍വച്ച് ഈ തോടുമായി ബന്ധിക്കുന്ന അഞ്ച്് കിലോമീറ്റര്‍ നീളമുള്ള നമ്പ്യാറതോടും കൊല്ലക്കോട് മുക്കില്‍ നിന്നുല്‍ഭവിച്ച് ആലുംകുട്ടം വരെ എത്തുന്ന അഞ്ച്് കിലോ മീറ്റര്‍ നീളത്തിലുള്ള കുന്നപ്പള്ളി തോടും വിവിധ വാര്‍ഡുകളിലുള്ള 15 പൊതുകുളങ്ങളുമാണ് നഗരസഭയ്്ക്കകത്തെ പ്രധാന ജല സ്രോതസുകള്‍. നഗരത്തിന്റെ ജല വിഭവ സംരക്ഷണവും പ്രകൃതി രൂപപ്പെടുത്തിയെടുത്ത ഈ ജലപാതയുടെ ആഴവും വിതിയും കൃത്യമായി സംരക്ഷിക്കുക വഴി വിദൂര ഭാവിയിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടുമില്ലാതെ ഏതു പെരുമഴയത്തും നഗരത്തെ സംരക്ഷിക്കാനുള്ള പദ്ധതിയും ഉള്‍ചേര്‍ന്നതാണ് ഈ ജലാശയങ്ങളുടെ സംരക്ഷണം. കൃഷി കുറഞ്ഞതോടെ ജലാശയങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കുറയുകയും അതുവഴി വ്യാപക കൈയേറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഇത് ക്രമേണ ജലാശയങ്ങളെ നശിപ്പിക്കാനും വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തു കയും ചെയ്യും.
ഈ വര്‍ഷം ഈ മൂന്നു തോടുകളും കൃത്യമായി മാലിന്യ മുക്തമാക്കുകയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരങ്ങള്‍ വൃത്തിയാക്കുകയും ചെയ്തതിന്റെ ഭാഗമായി കനത്ത മഴയുണ്ടായിട്ടും നഗരത്തിലെ ഒരു പ്രദേശവും വെള്ളം മൂടിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം കുറഞ്ഞ മഴയത്തു പോലും പല ഭാഗങ്ങളിലും വെള്ളം മൂടിയിരുന്നു.
ജുലൈ ഏഴിന് ചേര്‍ന്ന ആദ്യഘട്ട യോഗത്തില്‍ നഗരസഭ ചെയര്‍മാനും തഹസില്‍ദാര്‍ ജനറല്‍ എന്‍ എം മെഹറാലി, എല്‍ആര്‍ തഹസില്‍ദാര്‍ കെ ലത, സര്‍വേയര്‍മാരായ പി അനൂപ്, സി സൂരജ് എന്നിവര്‍ ചേര്‍ന്ന് സര്‍വേ ഘട്ടങ്ങള്‍ തീരുമാനിച്ചു. പിന്നിടത് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. സര്‍വേയുടെ ആദ്യഘട്ടമെന്ന നിലയില്‍ പാതായ്ക്കര കോരക്കുളം മുതല്‍ പുത്തുര്‍ ശിവക്ഷേത്രത്തിനു സമീപം നായാട്ടുപാലം വരെയുള്ള സര്‍വേ നടപടികള്‍ 13ന് രാവിലെ 9.30ന് ആരംഭിക്കും. അതിന്റെ മുന്നോടിയായി ഈ സര്‍വേ നടക്കുന്ന 10, 11, 12, 13, 14, 15, 26, 31 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തോടിന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകളുടെയും ജനകീയ സഹായസമിതി രൂപീകരണ യോഗം 10ന് വൈകീട്ട് അഞ്ചിന്് പാതയ്ക്കര മദ്രസയില്‍ ചേരും.
ഈ ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്്ക്ക് തുടര്‍ഘട്ടങ്ങളിലായി ഓരോ ഭാഗത്തേയും ജനകീയ സഹായ സമിതികള്‍ ചേര്‍ന്ന് സര്‍വേ നടപടി തുടരും. ഒക്ടോബര്‍ 30നകം സര്‍വേ നടപടികള്‍ പൂര്‍ത്തികരിക്കും. സര്‍വേയ്ക്ക് താലൂക്ക് സര്‍വേയര്‍മാര്‍ക്കു പുറമെ റിട്ട. ഡപ്യൂട്ടി ജില്ല സര്‍വേയര്‍ എം എം അബ്ദുല്‍ കരീം, റിട്ട. തഹസില്‍ദാര്‍ സി എച്ച് മുസ്തഫ, നഗരസഭയിലെ പ്രോജക്ട് സെല്ലിലെ രണ്ട്് ഓവര്‍സിയര്‍മാര്‍ സഹായികളായി നാലു കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരടങ്ങിയ വികസന കാര്യ സ്ഥിരസമിതി ചെയര്‍മാന്‍ കെ സി മൊയ്തീന്‍കുട്ടി കണ്‍വീനറായി സര്‍വേ സപോര്‍ട്ടിങ് ടീമിന് നഗരസഭ രൂപം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ഫീസും ചെലവുകളും നഗരസഭ വഹിക്കും. സര്‍വേ ചെയ്തു കിട്ടുന്ന അളവ് പ്രകാരം തല്‍സമയം തന്നെ സര്‍വേ കല്ലുകള്‍ നാട്ടും. തോടും ജലാശയങ്ങളുമടങ്ങുന്ന ഈ പൊതുസ്വത്ത് കൈയേറിയിട്ടുണ്ടെങ്കില്‍ നഗരസഭ ഒഴിപ്പിച്ചെടുക്കും. കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss