|    Dec 19 Wed, 2018 8:42 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കൈപ്പത്തി മറയ്ക്കുന്ന കൂപ്പുകൈ

Published : 11th December 2015 | Posted By: SMR

slug-madhyamargamഇന്ത്യയില്‍ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സമ്മതിദായകരില്‍ ഭൂരിപക്ഷവും നിരക്ഷരരായിരുന്നു. എഴുതാനും വായിക്കാനും നിശ്ചയമില്ലാത്തവര്‍ എങ്ങനെ സമ്മതിദാനാവകാശം നീതിപൂര്‍വകം വിനിയോഗിക്കും? അതു പരിഹരിക്കുന്നതിനുവേണ്ടിയാണ് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും സ്ഥിരമായും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകമായും ചിഹ്നം അനുവദിക്കപ്പെട്ടത്.
ഇപ്പോഴും നിരക്ഷരര്‍ ഉള്ളതുകൊണ്ട് ചിഹ്നമില്ലാതെ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. എന്നാല്‍, കേരളത്തില്‍ പേരെഴുതാനും വായിക്കാനും എല്ലാ വോട്ടര്‍മാര്‍ക്കും കഴിയും. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം എന്തിനാണു ചിഹ്നം എന്നു ന്യായമായും ചോദിക്കാം. പക്ഷേ, ആരും ഇതുവരെ അങ്ങനെ ചോദിച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ പേരിലല്ല, ചിഹ്നത്തിലാണ് അറിയപ്പെടുന്നതെന്നതുകൊണ്ടും ബാലറ്റ് പേപ്പറില്‍ പാര്‍ട്ടികളുടെ പേരില്ലാത്തതിനാലും തല്‍ക്കാലം ഈ ചോദ്യം പാര്‍ട്ടികള്‍ ഉന്നയിക്കാനിടയില്ല.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിക്കുന്നവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ചിഹ്നത്തിന് അപേക്ഷ നല്‍കണം. ഒരു പാര്‍ട്ടിക്ക് അനുവദിച്ച ചിഹ്നത്തിനു സാമ്യമുള്ള ചിഹ്നം മറ്റൊരു പാര്‍ട്ടിക്ക് കമ്മീഷന്‍ അനുവദിക്കാറില്ല. അങ്ങനെ കമ്മീഷന്‍ ചിഹ്നം അനുവദിച്ചാല്‍ പരാതി നല്‍കാം. കോടതികളിലും പോവാം.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഇതൊക്കെ അറിയുമെന്നാണ് പൊതുവെയുള്ള ധാരണ. അതു തെറ്റാണെന്ന് സാക്ഷരകേരളത്തില്‍ നിന്നു തന്നെ മനസ്സിലാവുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടിയുടെ പേരും പ്രഖ്യാപിച്ചു. ചിഹ്നം പ്രഖ്യാപിച്ചു. ഇതാണെങ്കില്‍ സ്‌നേഹത്തിന്റെയും ആദരവിന്റെയും ഐക്യത്തിന്റെയും ചിഹ്നമാണെന്നും പതിനായിരങ്ങള്‍ അണിനിരന്ന റാലിയില്‍ പ്രഖ്യാപിച്ചു- കൂപ്പുകൈ.
തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷപോലും സമര്‍പ്പിക്കാതെയാണ് വെള്ളാപ്പള്ളി കൈകൂപ്പിക്കാണിച്ച് ചിഹ്നം പ്രഖ്യാപിച്ചത്. ഇത്രയും കാലം സാമുദായികപ്രവര്‍ത്തനം മാത്രം നടത്തിയ പരിചയത്തിലാണ് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടാവുക. ചിഹ്നം അനുവദിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നു വെള്ളാപ്പള്ളിക്ക് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകനും പുതിയ പാര്‍ട്ടിയുടെ നായകനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് അറിയാതിരിക്കില്ല. സദാസമയവും ലാപ്‌ടോപ്പുമായി നടക്കുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തിരയാതിരിക്കില്ല.
കൂപ്പുകൈയും കൈപ്പത്തിയും തമ്മില്‍ എന്താണു സാദൃശ്യം? കൂപ്പുകൈക്ക് രണ്ടു കൈയും വേണം. കൈപ്പത്തിക്ക് ഒറ്റ കൈ മതി. കൈ കൂപ്പിയാല്‍ പത്തി കാണില്ല. കൈപ്പത്തിയെ മറയ്ക്കുന്നതാണു വാസ്തവത്തില്‍ കൂപ്പുകൈ. അതുകൊണ്ട് കൂപ്പുകൈയും കൈപ്പത്തിയും തമ്മില്‍ ഒരുതരത്തിലും സാദൃശ്യമില്ല. അതിനാല്‍ കൂപ്പുകൈ ചിഹ്നമായി എന്തായാലും ലഭിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി കരുതിയതില്‍ തെറ്റുപറഞ്ഞുകൂടാ. തിരഞ്ഞെടുപ്പ് ആസന്നമാവുമ്പോള്‍ അപേക്ഷ നല്‍കി ചിഹ്നം ഔദ്യോഗികമായി സ്വീകരിക്കാമെന്ന് പാര്‍ട്ടി നായകന്‍ വിചാരിച്ചതാണ്. അപ്പോഴാണ് ആദര്‍ശധീരനായ വി എം സുധീരന്റെ ആക്ഷേപം. സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സുകാരെ തിരഞ്ഞുപിടിച്ചു പുറത്താക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ആക്ഷേപം ബോധിപ്പിച്ചത്. അതു ബോധിപ്പിച്ചതാവട്ടെ കമ്മീഷന് മുമ്പിലല്ല, മാധ്യമങ്ങള്‍ക്കു മുമ്പിലും. കുട്ടിക്കാലം മുതല്‍ മാധ്യമസമക്ഷത്തിലാണ് അദ്ദേഹം സകലതും ബോധിപ്പിക്കുക!
കൈപ്പത്തിയില്‍ വീഴേണ്ട ഈഴവവോട്ടുകള്‍ കൂപ്പുകൈയില്‍, ചിഹ്നം ഒരേപോലെയായതിനാല്‍ തെറ്റിദ്ധരിച്ച് വീണുപോവുമെന്നാണു വി എം സുധീരന്‍ വിശ്വസിക്കുന്നത്. കൂപ്പുകൈ ചിഹ്നമായി അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിട്ടുണ്ട്. കമ്മീഷന്‍ കൂപ്പുകൈ അനുവദിച്ചാല്‍ ഇനി എന്തൊക്കെ ഗുലുമാലാണ് ഇവിടെ നടക്കുക എന്നതു കണ്ടറിയണം.
പോര് മൂക്കുന്നതിനിടയിലാണ് വെള്ളാപ്പള്ളിക്ക് കൂപ്പുകൈ കിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് ദേശീയ ചാനലുകളും ദേശീയ പത്രങ്ങളും അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ കിട്ടിയിട്ടില്ല, ആക്ഷേപം കിട്ടിയിട്ടില്ല, കമ്മീഷന്‍ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ കൂപ്പുകൈ കിട്ടില്ലെന്നു പറയുന്നു! $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss