|    Jul 16 Mon, 2018 10:33 am

കൈത്തറി യൂനിഫോം വിതരണം; കണ്ണൂരില്‍ 5.7 ലക്ഷം മീറ്റര്‍ തുണി നെയ്യും

Published : 23rd September 2017 | Posted By: fsq

 

കണ്ണൂര്‍: അടുത്ത അധ്യയനവര്‍ഷം ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച യൂനിഫോം സൗജന്യമായി നല്‍കുന്നതോടൊപ്പം കൈത്തറി മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള വ്യവസായ കേന്ദ്രം മാനേജര്‍മാരും നെയ്ത്ത് സംഘങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു. കണ്ണൂര്‍ ജില്ലയില്‍നിന്ന് അടുത്ത അധ്യയന വര്‍ഷത്തേക്ക് 3,55,510 ഷര്‍ട്ടിങ്‌സും 2,14,830 മീറ്റര്‍ സ്യൂട്ടിങ്‌സും ഉള്‍പ്പെടെ 5,70,340 മീറ്റര്‍ തുണിയാണ് നെയ്തുനല്‍കുക. ഇതില്‍ ആഗസ്ത് അവസാനം വരെ 4,50,938 മീറ്റര്‍ തുണികള്‍ നെയ്തതായി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ് അറിയിച്ചു. ശേഷിക്കുന്ന തുണികളുടെ നെയ്ത്ത് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 823 തറികളില്‍ നിന്നാണ് ഇതിനാവശ്യമായ തുണികള്‍ നെയ്യുന്നത്. ഇതിനുപുറമെ ഹാന്‍വീവ് ജില്ലയില്‍ 3,75,000 മീറ്റര്‍ തുണി നെയ്തുനല്‍കും. കൈത്തറി യൂനിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയിലെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സൊസൈറ്റികളില്‍ ഉല്‍പാദിപ്പിക്കുന്ന തുണികളുടെ ഗുണനിലവാര പരിശോധനാ റിപോര്‍ട്ട് വൈകുന്നത് കാരണം നെയ്ത്തുകാരുടെ കൂലി വൈകുന്ന സാഹചര്യമും ഉണ്ടാവരുതെന്ന് സഞ്ജയ് കൗള്‍ നിര്‍ദേശം നല്‍കി. യൂനിഫോം നെയ്യുന്നവര്‍ക്ക് സംഘത്തിലെ മറ്റു തൊഴിലാളികളെപ്പോലെ യഥാസമയം കൂലി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും രണ്ടാഴ്ച കൂടുമ്പോള്‍ കൂലി ലഭിക്കുന്നതിന് സംവിധാനമുണ്ടാകണമെന്നും കൈത്തറി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ വി സന്തോഷ് കുമാര്‍ പറഞ്ഞു.പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പ്രകാരമുള്ള ആനുകൂല്യത്തിലും മാറ്റം വേണം. സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തുണി ബെയ്ല്‍ കെട്ടിവയ്ക്കുന്നതിന് 200 രൂപ സംഘങ്ങള്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss