|    Mar 25 Sun, 2018 11:07 am
FLASH NEWS
Home   >  Editpage  >  Editorial  >  

കൈത്തറി മേഖലയെ സംരക്ഷിക്കണമെങ്കില്‍

Published : 10th August 2016 | Posted By: SMR

ആഗസ്ത് 7നു കൈത്തറിദിനമായിരുന്നു. കൈത്തറിദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ കൈത്തറിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അതിവാചാലമായി സംസാരിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ തങ്ങളുടെ വസ്ത്രങ്ങളില്‍ അഞ്ചുശതമാനമെങ്കിലും കൈത്തറിയാക്കിയാല്‍, കൈത്തറിവസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദുരിതങ്ങള്‍ അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഖാദി-കൈത്തറി മേഖലയെ പുനരുദ്ധരിക്കണമെന്ന് അദ്ദേഹം തീവ്രമായി അഭിലഷിക്കുന്നു എന്നു വ്യക്തം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രധാനമന്ത്രിയാണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന കാര്യം നാം വിസ്മരിക്കുക. പ്രധാനമന്ത്രിയടക്കമുള്ള ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങള്‍ കൈത്തറിക്കും ഖാദിക്കും ഇത്തിരിയെങ്കിലും പ്രോല്‍സാഹനം നല്‍കിയാല്‍ അതുളവാക്കുന്ന മാറ്റം വിസ്മയാവഹമായിരിക്കും എന്നു തീര്‍ച്ചയാണ്.
കേരളത്തില്‍ തന്നെ അഞ്ചുലക്ഷത്തോളം കൈത്തറിത്തൊഴിലാളികളുണ്ട്. മിക്ക കൈത്തറി സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കത്താണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള സംഘങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയാണു ലഭിക്കുന്നത്. ബ്രാന്റഡ് ഉല്‍പന്നങ്ങളോട് വിപണിയില്‍ മല്‍സരിക്കാന്‍ കൈത്തറിത്തുണിക്ക് സാധിക്കുന്നില്ല. ഈ പരിതാപകരമായ അവസ്ഥയില്‍ എങ്ങനെയാണ് പിടിച്ചുനില്‍ക്കുക എന്നാണ് ആലോചിക്കേണ്ടത്. സര്‍ക്കാര്‍ സബ്‌സിഡികള്‍ വഴി ഒരു വ്യവസായത്തെ എക്കാലത്തേക്കും നിലനിര്‍ത്താന്‍ സാധിക്കുകയില്ല. നെയ്ത്തുപകരണങ്ങള്‍ക്കും മറ്റും യഥാകാലത്ത് നല്‍കിയിരുന്ന സബ്‌സിഡി ഇപ്പോള്‍ കൃത്യമായി ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് പ്രസക്തമാണ്- കൈത്തറി ശീലമാക്കുക. എങ്കില്‍ ഈ മേഖലയെ ഒരളവോളം രക്ഷപ്പെടുത്താന്‍ സാധിക്കും.
എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വല്ലതും ചെയ്യുന്നുണ്ടോ? രാജ്യത്തുടനീളം ലക്ഷക്കണക്കിന് സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളിലെ യൂനിഫോം കൈത്തറിയാക്കിയാല്‍ എന്താണു കുഴപ്പം? സര്‍ക്കാേരാഫിസുകളില്‍ ശിപായിമാര്‍ക്ക് യൂനിഫോം ഉണ്ട്. മറ്റു ചില മേഖലകളിലും യൂനിഫോം നിര്‍ബന്ധമാണ്. ഈ യൂനിഫോം എന്തുകൊണ്ട് കൈത്തറിത്തുണികൊണ്ടാക്കിക്കൂടാ? സര്‍ക്കാേരാഫിസിലെ മേശവിരികളും ജാലകത്തിരശ്ശീലകളും കൈത്തറിത്തുണികള്‍കൊണ്ടാവാമല്ലോ. കൈത്തറിയുടെ സാധ്യതകള്‍ ഇമ്മട്ടില്‍ ഉപയോഗപ്പെടുത്താനൊന്നും പക്ഷേ സര്‍ക്കാരുകള്‍, കേന്ദ്രമായാലും കേരളമായാലും മെനക്കെടാറില്ല. പ്രസ്താവനകള്‍ മാത്രം മതി എന്ന നിലപാടാണ് സര്‍ക്കാരുകള്‍ക്ക്. ഉത്തരവാദിത്തം ജനങ്ങളുടേതാണ് എന്ന തരത്തിലുള്ള ഈ സമീപനം നമ്മെ ഒരിടത്തും എത്തിക്കുകയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss