|    Sep 24 Mon, 2018 9:44 pm
FLASH NEWS

കൈതക്കാടുകള്‍ അപ്രത്യക്ഷമാവുന്നു ; തഴപ്പായ നെയ്്ത്തിനെ വീട്ടമ്മമാര്‍ കൈവിടുന്നു

Published : 13th May 2017 | Posted By: fsq

 

വൈക്കം: നാട്ടിന്‍പുറങ്ങളില്‍ നിന്ന് കൈതക്കാടുകള്‍ അപ്രത്യക്ഷമായതോടെ തഴപ്പായ നെയ്ത്തും കുറഞ്ഞു. തോടിന്റെ കരയിലും പറമ്പുകളുടെ അതിരുകള്‍ തിരിച്ചും പാടശേഖരങ്ങളുടെ ബണ്ടുകളിലും നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കൈതകള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. പടുകൂറ്റന്‍ കെട്ടിടങ്ങളും റോഡുകളും വന്നതോടെയാണു കൈതക്കാടുകളില്ലാതായത്. പുരയിടങ്ങളിലും പാടത്തിന്റെ വരമ്പുകളിലുമെല്ലാം കൈതകള്‍ക്കു പകരം വേലിപ്പത്തലുകളും മറ്റു ചെടികളുമെല്ലാമാണ് പലരും വച്ചുപിടിപ്പിക്കുന്നത്. ഒരുകാലത്ത് നാട്ടിലെ സ്ത്രീകളുടെ ഒരു വരുമാനമാര്‍ഗമായിരുന്നു തഴപ്പായ നെയ്ത്ത്. എന്നാല്‍, കൈത കിട്ടാതായതോടെ പലയിടങ്ങളിലും വീട്ടമ്മമാര്‍ തഴപ്പായ നെയ്ത്തിനെ കൈവിടുകയാണ്. അതേസമയം, വൈക്കത്ത് തലയാഴം, തോട്ടകം, വെച്ചൂര്‍, ഇടയാഴം, കൊതവറ, മാരാംവീട്, വിയറ്റ്‌നാം, പുതുക്കരി, ചെട്ടിക്കരി മേഖലകളില്‍ പ്രതിസന്ധികള്‍ക്കിടയിലും തഴപ്പായ നെയ്ത്തും തഴയോലകളുടെ നിര്‍മാണവുമെല്ലാം സജീവമാണ്. തലയോലപ്പറമ്പ് ചന്തയെ ഇന്നും സജീവമാക്കുന്നതില്‍ പ്രധാനപങ്ക് തഴപ്പായകള്‍ക്ക് തന്നെയാണ്. 50നും 80നുമിടയിലുള്ള വീട്ടമ്മമാരാണ് ഇപ്പോഴും ഈ മേഖലയെ അന്യംനിന്നു പോവാതെ കാത്തുസൂക്ഷിക്കുന്നത്. പലരും തലയോലപ്പറമ്പ് മാര്‍ക്കറ്റില്‍ നേരിട്ടെത്തിയാണ് ഇപ്പോള്‍ പായകള്‍ വില്‍ക്കുന്നത്. ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കാനാണ് വീട്ടമ്മമാര്‍ നേരിട്ട് മാര്‍ക്കറ്റിലെത്തുന്നത്. കൈതകളില്‍നിന്ന് വെട്ടിയെടുക്കുന്ന തഴയോലകള്‍ കീറിമിനുക്കി വട്ടത്തില്‍ മെനഞ്ഞെടുത്ത് വെയിലിലുണക്കിയശേഷമാണ് തഴപ്പായയുടെ പ്രാഥമികഘട്ടം ആരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ വൈക്കത്തെ എല്ലാ വീടുകളും തഴയോലകളും തഴപ്പായ നിര്‍മാണവും വ്യാപപകമായിരുന്നു. ഇതൊരുക്കുന്നതിന് പ്രത്യേകരീതിയിലുള്ള തഴക്കത്തികളുമുണ്ടായിരുന്നു. തഴപ്പായകള്‍ക്ക് ഇന്നും ആവശ്യക്കാരേറെയാണ്. ഒരുദിവസം രണ്ട് പായകള്‍വരെ നെയ്യുന്ന വീട്ടമ്മമാരുണ്ട്. വലിയ പായകള്‍ക്ക് 150 മുതല്‍ 200 രൂപ വരെ ലഭിക്കും. ചെറിയ പായകള്‍ക്ക് 80 മുതല്‍ 160 രൂപ വരെയും വിലയുണ്ട്. തഴയോലകളുടെ നിറത്തിനും പായകളുടെ ആകര്‍ഷണത്തിനുമാണ് വില. തഴയോലകളൊരുക്കി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഈ മേഖലയിലുണ്ട്. ഇവരെയെല്ലാം ആശങ്കയിലാക്കുന്നത് കൈതകളുടെ കുറവാണ്. കൈത ഓലകള്‍ നിറഞ്ഞുനില്‍ക്കുന്ന പുരയിട ഉടമകള്‍ക്കു നല്ല വരുമാനമാണ് ലഭിക്കുന്നത്. പുരയിടങ്ങളിലെ കൈതകള്‍ക്ക് വില നിശ്ചയിച്ച് വീട്ടമ്മമാര്‍ ചെത്തിയെടുക്കുകയാണ് ചെയ്യാറ്. തഴയോലകള്‍ പായ നിര്‍മാണത്തിനു പുറമെ പടക്കനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ പോലും ആയുര്‍വേദ ചികില്‍സാ ശാലകളിലെത്തുമ്പോള്‍ കിടന്നുറങ്ങാന്‍ ആവശ്യപ്പെടുന്നതു തഴപ്പായകളാണ്. തഴപ്പായനിര്‍മാണ മേഖലയെ സജീവമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നിരവധി സൊസൈറ്റികളും സംഘങ്ങളുമുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss