|    Oct 19 Fri, 2018 11:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൈക്കൂലി നല്‍കിയില്ല; രണ്ടു യുവാക്കളെ തല്ലിക്കൊന്നു; പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്

Published : 7th August 2016 | Posted By: SMR

ആഗ്ര: കൈക്കൂലിയായി ആവശ്യപ്പെട്ട നൂറു രൂപ നല്‍കാന്‍ വിസമ്മതിച്ച രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹോംഗാര്‍ഡ് ഉള്‍പ്പെടെ ആറു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിലുള്ള കോസ്മയിലാണ് സംഭവം.
ലോറിയില്‍ ഇഷ്ടിക കൊണ്ടുപോവുകയായിരുന്ന പങ്കജ് യാദവ് (24), ദിലീപ് യാദവ് (22) എന്നിവരെയാണ് നാലംഗ പോലിസ് സംഘം മര്‍ദ്ദിച്ച് കൊന്നത്. യുവാക്കളുടെ മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്നു വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ട്രക്ക് കടത്തി വിടാന്‍ നൂറു രൂപ കൈക്കൂലി നല്‍കണമെന്ന പോലിസുകാരുടെ ആവശ്യം ഡ്രൈവര്‍ നിരസിച്ചതോടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ, ഡ്രൈവറും വാഹനത്തിലെ മറ്റു രണ്ട് തൊഴിലാളികളും ഓടിരക്ഷപ്പെട്ടു. വാഹനത്തില്‍ കുടുങ്ങിയ ദിലീപിനേയും പങ്കജിനേയും പോലിസ് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
രാവിലെ 10.30ഓടെ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള കുളത്തില്‍ നിന്നും നാട്ടുകാര്‍ കണ്ടെടുത്തു. ക്രൂരമായി മര്‍ദ്ദിച്ച് കുളത്തില്‍ തള്ളുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, രക്ഷപ്പെടുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ രണ്ട് പോലിസുകാരെ നാട്ടുകാര്‍ നടുറോഡില്‍ പരസ്യമായി തല്ലി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ രോഷാകുലരായ നാട്ടുകാര്‍ പോലിസ് പോസ്റ്റ് ആക്രമിച്ച് അഞ്ചു പോലിസുകാരെ മര്‍ദ്ദിച്ചു.
യുവാക്കളുടെ മരണത്തില്‍ ആറു പോലിസുകാര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് മെയ്ന്‍പൂരി എസ്പി ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. യുവാക്കള്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss