|    Jan 23 Mon, 2017 2:03 am
FLASH NEWS

കൈക്കൂലി നല്‍കാത്തതിന് ഭവന നിര്‍മാണാനുമതി നിഷേധിച്ചു; കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസ്

Published : 8th October 2016 | Posted By: Abbasali tf

തൃശൂര്‍: കൗണ്‍സിലര്‍ ആവശ്യപ്പെട്ട ഒരുലക്ഷം രൂപ കൈകൂലി  നല്‍കാത്തതിന്റെ പേരില്‍ നിയമവിധേയമായ ഭവനനിര്‍മാണാനുമതി നിഷേധിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കൗണ്‍സിലര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ്, വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.കിഴക്കുമ്പാട്ടുകര ഡിവിഷനിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ബൈജു വര്‍ഗീസ്, കോര്‍പറേഷന്‍ സെക്രട്ടറി കെ എം ബഷീര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് കേസെടുത്തത്. സ്ഥലം ഉടമയായ സൈമണ്‍ കെ ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ത്വരിതാന്വേഷണത്തിനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവനുസരിച്ച് അന്വേഷണം നടത്തി അഴിമതിക്ക് തെളിവില്ലാത്തതിനാല്‍ പരാതി തള്ളികളയണമെന്ന വിജിലന്‍സ്  റിപ്പോര്‍ട്ട് നിരാകരിച്ചുകൊണ്ട് കുറ്റാരോപിതര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് ജഡ്ജി സി ജയചന്ദ്രന്‍ നായരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ വിജിലന്‍സ് പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. പരാതിക്ക് അടിസ്ഥാനമില്ലെന്ന വിജിലന്‍സിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച എണ്ണിയെണ്ണി രേഖപ്പെടുത്തികൊണ്ടായിരുന്നു വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ്.കിഴക്കുമ്പാട്ടുകര ഡിവിഷനിലെ നിര്‍മല ഗാര്‍ഡന്‍സിലെ പ്ലോട്ടില്‍ വീട് നിര്‍മിക്കാനായി 2013 ജൂലൈയിലാണ് സൈമണ്‍ അപേക്ഷ നല്‍കിയത്. അനുമതി ലഭിക്കാന്‍ ഡിവിഷന്‍ കൗണ്‍സിലറെ കാണാന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍ ഉടമയോട് ആവശ്യപ്പെട്ടു. കൗണ്‍സിലറെ കണ്ടപ്പോള്‍ പെര്‍മിറ്റ് നല്‍കാന്‍ കൗണ്‍സിലര്‍ ഒരു ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍, മാസ്റ്റര്‍ പ്ലാനില്‍ സ്ഥലം കൃഷിഭൂമിയാണെന്ന പേരില്‍ കോര്‍പറേഷന്‍ അനുമതി നിഷേധിച്ചു. ഉടമ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയനുസരിച്ച് സെക്രട്ടറിയോട് അന്വേഷിച്ച നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും കൃഷിഭൂമിയെന്ന പേരില്‍ വീണ്ടും നിഷേധിച്ചു. സ്ഥലം കൃഷി ഭൂമിയല്ലെന്നും ചുറ്റും വീടുകളുള്ള ഹൗസിങ് കോളനിയാണെന്നുമായിരുന്നു ഉടമയുടെ വാദം. ഹൈക്കോടതി വീണ്ടും അന്വേഷണത്തിനു കൃഷി ഓഫിസറെ നിയോഗിച്ചു. സ്ഥലം കൃഷിഭൂമിയല്ലെന്നായിരുന്നു കൃഷി ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് നല്‍കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. എന്നാല്‍ കോര്‍പറേഷന്‍ മാനിച്ചില്ല. സ്ഥലം നികത്താന്‍ പെര്‍മിറ്റ് ഇല്ല എന്ന പേരിലായിരുന്നു നിഷേധം. തുടര്‍ന്ന് ഉടമ കോടതിയലക്ഷ്യ നോട്ടിസ് നല്‍കിയപ്പോഴാണ് പെര്‍മിറ്റ് ലഭിച്ചത്. മാത്രമല്ല പലതരത്തിലും കോര്‍പറേഷന്‍ സ്ഥലം ഉടമയെ ബുദ്ധിമുട്ടിക്കുകയും ചെയ്തു.തുടര്‍ന്നുള്ള നടപടിയിലായിരുന്നു ത്വരിത പരിശോധനക്ക് വിജിലന്‍സ് ജഡ്ജ് ഉത്തരവ് നല്‍കിയത്. വസ്തുതകള്‍ പരിശോധിച്ച ശേഷം പെര്‍മിറ്റ് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഉത്തരവ് മാനിക്കാതെ മുര്‍ക്കടമുഷ്ടിയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ കാട്ടിയതെന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷണത്തില്‍ പരാതിക്കാരന്റെ ആരോപണങ്ങള്‍ പരിശോധിക്കാതെ, തല്‍പ്പരകക്ഷികളായ ഉദ്യോഗസ്ഥരുടെ മാത്രം മൊഴി രേഖപ്പെടുത്തി തെളിവില്ലെന്ന വിലയിരുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥനെ കോടതി ഉത്തരവില്‍ വിമര്‍ശിച്ചു. കൗണ്‍സിലര്‍ കൈകൂലി ആവശ്യപ്പെട്ടതായുള്ള പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സാഹചര്യം വിലയിരുത്തി അന്വേഷണം നടത്താതിരുന്നതിനെ ജഡ്ജി വിമര്‍ശിച്ചു. പാടം നികത്തി വീട് നിര്‍മിക്കുന്നതിനെതിരെ ഷണ്‍മുഖാനന്ദ ഭട്ടതിരി എന്നൊരാള്‍ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. ഷണ്‍മുഖാനന്ദ ഭട്ടതിരി ഭാവനാസൃഷ്ടിയാണെന്നും അങ്ങിനെയെരാള്‍ ജീവിച്ചിരിപ്പില്ലെന്നും ഹരജിക്കാരന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടിയതും അന്വേഷിച്ചിട്ടില്ല. ഭട്ടതിരി നല്‍കിയ പരാതിയിലേയും കൗണ്‍സിലര്‍ ബൈജു പെര്‍മിറ്റ് നല്‍കുന്നതിനെതിരെ നല്‍കിയ പരാതിയലേയും വാചകങ്ങള്‍ ഒന്നുതന്നെയാണെന്ന സൈമണിന്റെ പരാതി അടിസ്ഥാനമുള്ളതാണെന്നും ഉത്തരവില്‍ പറഞ്ഞു. ഷണ്‍മുഖാനന്ദ ഭട്ടതിരിയെപറ്റി അന്വേഷിക്കാതിരുന്നതു അന്വേഷണ ഉദ്യോഗസ്ഥന്റെ കടുത്ത വീഴ്ചയായി ജഡ്ജി വിലയിരുത്തി. പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനില്‍ പ്രസ്തുത  നിലം   അല്ല. മിക്‌സസ് സോണ്‍ ആണ്. പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് നല്‍കിയ രേഖകളിലും വിജിലന്‍സ് പരിശോധന ഉണ്ടായിട്ടില്ല. കോടതി ഇടപെടലിന് ശേഷം “”പെര്‍മിഷന്‍ മെ ബി ഗ്രാന്‍ഡ് എന്ന എഴുതിയ അസി. എക്‌സി. എന്‍ജിനീയര്‍ പിന്നീട് മെ ബിക്ക് ഇടയില്‍ നോട്ട് എന്ന് എഴുതി ചേര്‍ത്ത്”മെനോട്ട് ബി ഗ്രാന്‍ഡ് എന്ന് ആക്കിയതിനെ  കാണാതെപോയതു അന്വേഷണ ഉദ്യോഗസ്ഥന്റെ ഗുരുതര വീഴ്ചയായി കോടതി വിലയിരുത്തി. അന്വേഷണത്തിലെ കണ്ടെത്തലനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് പ്രതിസ്ഥാനത്തുള്ളവരെ ഒഴിവാക്കുകയോ കൂടുതല്‍ പ്രതികളെ കൂട്ടി ചേര്‍ക്കുകയോ ചെയ്യാമെന്നും വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഹരജിക്കാരന് വേണ്ടി അഡ്വ.എന്‍ കെ ഉണ്ണികൃഷ്ണന്‍, അഡ്വ.പി രാധാകൃഷ്ണന്‍ എന്നിവരായിരുന്നു കേസില്‍ ഹാജരായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക