|    Mar 21 Wed, 2018 8:53 am
Home   >  Todays Paper  >  Page 4  >  

കൈക്കൂലി: നഗരസഭാ എന്‍ജിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Published : 24th July 2016 | Posted By: SMR

വടകര/കുറ്റിയാടി: ബില്‍ഡിങ് പെര്‍മിറ്റ് ശരിയാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട മുനിസിപ്പല്‍ എന്‍ജിനീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വടകര മുനിസിപ്പല്‍ എന്‍ജിനീയര്‍ കൊല്ലം പത്തനാപുരം സ്വദേശി ആര്‍ ശ്രീകുമാറിനെ(55) യാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വടകര പാലോളിപ്പാലത്ത് നിര്‍മിച്ച ഹുണ്ടായ് ഷോറൂമായ റൊട്ടാനയെന്ന കെട്ടിടത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരനായ കായക്കൊടിയിലെ സലീം വിജിലന്‍സിനെ സമീപിച്ചത്. കെട്ടിടം പണിയുന്നതിന് അനുമതി നല്‍കുന്നതിനായി എന്‍ജിനീയറായ ശ്രീകുമാര്‍ 2,10,000 രൂപ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച സലീം പിന്നീട് 1,60,000 രൂപ തരാമെന്ന് സമ്മതിച്ചു. എന്‍ജിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലന്‍സ് സംഘത്തെ അറിയിക്കുകയും ചെയ്തു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് മരുതോങ്കര പഞ്ചായത്തിലെ കണ്ണൂര്‍ റോഡില്‍ വച്ച് സലീം എന്‍ജിനീയര്‍ക്ക് പണം നല്‍കുന്നതിനിടയില്‍ സംഘം ഇദ്ദേഹത്തെ കൈയോടെ പിടികൂടുകയായിരുന്നു. കെട്ടിട ഉടമയുടെ മകനാണ് പരാതിക്കാരന്‍.
നേരത്തേയും ഈ എന്‍ജിനീയര്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ബിഒടി അടിസ്ഥാനത്തില്‍ വടകര നാരായണ നഗറില്‍ നിര്‍മിക്കുന്ന പച്ചക്കറി മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം യഥാസമയം പൂര്‍ത്തീകരിക്കാത്തതിനാല്‍ നിര്‍മാണ കമ്പനിക്ക് 18 കോടിയോളം രൂപ പിഴപ്പലിശ ഒഴിവാക്കി നല്‍കിയ സംഭവത്തില്‍ ഇയാള്‍ക്കും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കെതിരേ മുമ്പ് വിജിലന്‍സ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് വിജിലന്‍സ് ജഡ്ജി മുമ്പാകെ ഹാജരാക്കും. അറസ്റ്റിലായ പ്രതി താമസിക്കുന്ന വടകര എടോടിയിലെ മനയത്ത് ലോഡ്ജിലും, നഗരസഭാ ഓഫിസിലും വിജിലന്‍സ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തി. പരാതിക്കാരന്റെ കെട്ടിടത്തിന്റെ 78 പേജുള്ള ഫയല്‍ വിജിലന്‍സ് സംഘം നഗരസഭാ ഓഫിസില്‍ നിന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐമാരായ വി വി ബെന്നി, വിനോദ്, ഗണേഷ്‌കുമാര്‍, എസ്‌ഐമാരായ പ്രേമാനന്ദ്, രാഘവന്‍, എഎസ്‌ഐ രവീന്ദ്രന്‍, സീനിയര്‍ സിപിഒമാരായ സുജിത്ത്, ശിവാനന്ദന്‍, പ്രകാശന്‍, സുരേഷ്‌കുമാര്‍, നിസാര്‍ എന്നിവരെ കൂടാതെ കോഴിക്കോട് ഗവ. മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രഫ. പി ഹനീഷ്, പൊതുമരാമത്ത് എന്‍ജിനീയര്‍ എന്‍ ശ്രീജിത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss