|    Dec 18 Tue, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈക്കൂലി ആരോപണംയൂത്ത്‌ലീഗ് നേതാവ് നിയമനടപടി തുടങ്ങി; ആരോപണത്തിലുറച്ച് പ്രതിയുടെ പിതാവ്‌

Published : 1st December 2018 | Posted By: kasim kzm

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസെ ചുമത്തുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ 50 ലക്ഷം രൂപ വാങ്ങിയെന്ന പ്രതിയുടെ പിതാവിന്റെ ആരോപണത്തിനെതിരേ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിയമനടപടി തുടങ്ങി.
ജയിലില്‍ കഴിയുന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി അബൂലൈസിന്റെ പിതാവ് കൊടുവള്ളി സ്വദേശിയും പിടിഎ റഹീമിന്റെ ബന്ധുവുമായ എം പി സി നാസറിനെതിരേയാണ് യൂത്ത് ലീഗ് നേതാവ് വക്കീല്‍ നോട്ടീസ് അയച്ചത്. തനിക്കെതിരേ വ്യാജ ആരോപണവുമായി രംഗത്തുവന്നതിനെ നിയമപരമായി നേരിടുമെന്ന് നജീബ് കാന്തപുരം പറഞ്ഞു. 50 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച സാഹചര്യത്തില്‍ നാസറിന്റെ വരുമാന മാര്‍ഗം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഇടനിലക്കാരന്‍ വഴിയാണു പണം നല്‍കിയതെന്നും എം പി സി നാസര്‍ തേജസിനോട് പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസെ ചുമത്തുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം വഴി 50 ലക്ഷം രൂപ നല്‍കിയെന്നു നാസര്‍ കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. താന്‍ നേരിട്ടു കൊടുത്തിട്ടില്ലെന്നും ഏജന്റ് വഴിയാണ് നല്‍കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നജീബ് കാന്തപുരം വഴി പണം ചന്ദ്രിക ഓഫിസിലാണ് നല്‍കിയത്. യുഡിഎഫ് ഭരണകാലത്ത്് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് അപേക്ഷ ന ല്‍കിയെങ്കിലും ഒഴിവാക്കിയില്ല. പണം വാങ്ങിയവര്‍ ഇപ്പോഴും അതു തിരിച്ചു തന്നിട്ടില്ല. കേസിലെ പ്രതികളായ കാരാട്ട് ഫൈസലിന്റെയും അശ്‌റഫിന്റെയും മേല്‍ കൊഫെപോസെ ചുമത്തുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഒഴിവാക്കിയെന്നും നാസര്‍ ആരോപിച്ചിരുന്നു. അബൂലൈസിന്റെ കൊഫേപോസ കേസ് അവസാനിപ്പിക്കാന്‍ കത്ത് നല്‍കിയ പിടിഎ റഹീം എംഎല്‍എയുടെയും കാരാട്ട് റസാഖ് എംഎല്‍എയുടെയും നടപടി വിവാദമായതിന് തൊട്ട് പിറകെയാണ് യൂത്ത് ലീഗ് നേതാവിനെതിരേ നാസര്‍ ആരോപണവുമായി രംഗത്തുവന്നത്. ഒരു രക്ഷിതാവ് നല്‍കിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ മറുപടി.
പി ടി എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയായത്. അഡ്വ. ഷഹീര്‍ സിങ് മുഖേനയാണ് നജീബ് കാന്തപുരം വക്കീല്‍ നേട്ടീസയച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss