|    Jan 19 Thu, 2017 3:48 am
FLASH NEWS

കൈക്കൂലിയാരോപണം; മൂന്നാം തവണയും ബഹളത്തില്‍ മുങ്ങി നഗരസഭാ കൗണ്‍സില്‍; ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി

Published : 12th July 2016 | Posted By: SMR

തൊടുപുഴ: നഗരസഭാ പരിധിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെ നികുതി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചതായുള്ള ആരോപണം തുടര്‍ച്ചയായി മൂന്നാം തവണയും കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി. വിഷയം സംബന്ധിച്ച എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ബിജെപി കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തി.
സാധാരണക്കാരുടെ വിവിധ ആനുകൂല്യങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്യാനുള്ള നിരവധി അജണ്ടകള്‍ ഉള്ള സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ബാബു പരമേശ്വരന്റെ നേതൃത്വത്തില്‍ വാക്കൗട്ട് നടത്തിയത്. യുഡിഎഫ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കൈക്കൂലി ആരോപണം ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ചൂണ്ടിക്കാട്ടിയത്.
കെട്ടിടനികുതി നിര്‍ണയിക്കാന്‍ നിയോഗിച്ചിരുന്ന അഞ്ചു ഉദ്യോഗസ്ഥരില്‍ ഒരാള്‍ നികുതി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ കെട്ടിട ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു ആരോപണം. ഇത് തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെല്ലാം സംശയത്തിന്റെ നിഴലിലാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്ക് വസ്തുത തെളിയിക്കേണ്ട ബാധ്യതയുണ്ടെന്നും ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു.
ഭരണപക്ഷത്തെ എ എം ഹാരിദ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരും ഇതിനെ പിന്തുണച്ചു.ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ആര്‍ ഹരി മറുപടിയായി രംഗത്തെത്തിയതോടെ വാഗ്വാദങ്ങളായി.ഒരു ജീവനക്കാരനെയും ജനമധ്യത്തില്‍ മോശക്കാരനാക്കാന്‍ താല്‍പര്യമില്ലെന്നും അഴിമതി നടന്നുവെന്ന കാര്യം ചെയര്‍പേഴ്‌സന്റെ ചേംബറില്‍ ചെന്ന് ഉദ്യോഗസ്ഥന്റെ പേര് സഹിതം ചെയര്‍പേഴസ്‌നെ അറിയിച്ചതാണെന്നും ആര്‍ ഹരി ആരോപിച്ചു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ അതു നിഷേധിച്ചതോടെ വീണ്ടും ബഹളമായി.
ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്നു മാത്രമാണ് ആര്‍ ഹരി പറഞ്ഞതെന്നും ആരുടെയും പേരു പ്രത്യേകം എടുത്തു പറഞ്ഞില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.ആരോപണം തെളിയിക്കാന്‍ തെളിവ് കൗണ്‍സില്‍ മുമ്പാകെ ഹാജരാക്കാന്‍ ഭരണപക്ഷം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എന്നാല്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഇരയോടപ്പമല്ല വേട്ടക്കാരനോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞുവെന്നും അതിനാല്‍ വിഷയത്തില്‍ കൃത്യമായ എല്ലാ രേഖകളും സഹിതം സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ ഹരി വ്യക്തമാക്കി.നടപടിയെടുത്തില്ലെങ്കില്‍ അന്വേഷണത്തിനായി വിജിലന്‍സിനെ സമീപിക്കുമെന്നും ഹരി കൗണ്‍സിലിനെ അറിയിച്ചു.
ഇവിടെ അഴിമതി ആരോപണമുയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എ എം ഹാരീദ് ആരോപിച്ചതോടെ വീണ്ടും ബഹളത്തിനിടയായി.യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിതന്റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുറ്റംതെളിഞ്ഞാല്‍ പേര് വെളിപ്പെടുത്താമെന്ന് സെക്രട്ടറി കൗണ്‍സിലില്‍ അറിയിച്ചു.
ബഹളം ഒതുങ്ങി അജണ്ടയിലേയ്ക്കു കടന്നുവെങ്കിലും വെങ്ങല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റില്‍ നിന്നും പിടിച്ചെടുത്ത സിമന്റ് ചാക്കുകള്‍ 15000 രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതിനെച്ചൊല്ലി വീണ്ടും ബഹളമായി. പിടിച്ചെടുത്ത സിമന്റു ചാക്കുകള്‍ നശിച്ചു പോകുമെന്നതിനാലാണ് ഉടമസ്ഥര്‍ക്കു പിഴ ഈടാക്കി വിട്ടു നല്‍കിയതെന്നും സംഭവത്തില്‍ പോലിസ് കേസ് നിലവിലുണ്ടെന്നും വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ വ്യക്തമാക്കി.
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതകള്‍ പല കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. ഉടനടി എല്ലാ വാര്‍ഡിലും തെരുവിളിക്കിന്റെ അറ്റുകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരെ ചെയര്‍പേഴ്ണന്റെ കൗണ്ടറില്‍ വിളിച്ച് വി—ശദീകരണം ചോദിക്കണമെന്നുള്ള രാജീവ് പുഷ്പാംദഗന്റെ ആവശ്യം അംഗീകരിച്ചതോടെ ഇതില്‍ പരിഹാരമായി. ഇതിനിടെ കഴിഞ്ഞ ദിവസത്തെ 25 അജന്‍ഡകളും ചര്‍ച്ചക്കെടുത്തുങ്കിലും അത് നിര്‍ത്തിവെച്ച് നഗരസഭയിലെ പിഎംഎവൈ ഭവനപദ്ധതിയുടെ സപെഷല്‍ കൗണ്‍സിലും അടിയന്തരമായി ചേര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക