|    Jan 24 Tue, 2017 12:51 pm
FLASH NEWS

കൈക്കുഞ്ഞും കൈയില്‍ പുസ്തകങ്ങളുമായി ആദിവാസി സ്ത്രീകള്‍ തുല്യതാ ക്ലാസിലേക്ക്

Published : 29th August 2016 | Posted By: SMR

പനമരം: ആറും ഏഴും മാസം പ്രായമായ കൈക്കുഞ്ഞുങ്ങളുമായി ആദിവാസി സ്ത്രീകള്‍ തുല്യതാ ക്ലാസുകളിലേക്ക്. ജീവിതാഭ്യാസത്തിനിടയില്‍ അക്ഷരവഴികളില്‍ പകച്ചുപോയവര്‍ നടന്നുതുടങ്ങി, സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിലൂടെ.
പനമരം പഞ്ചായത്തിലെ നീര്‍വാരം ചന്ദനക്കൊല്ലിയിലെ ഗോത്രവര്‍ഗ സ്ത്രീകളാണ് കൈക്കുഞ്ഞുങ്ങളുമായി ക്ലാസുകളിലെത്തുന്നത്. പനമരം ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന ക്ലാസിലെ പഠിതാക്കള്‍ ഭൂരിഭാഗവും 25 വയസ്സ് പിന്നിട്ടവരാണ്. ചന്ദക്കൊല്ലി പണിയ കോളനിയിലെ കാഞ്ചനയും കവിതയും നിഷയുമാണ് ഒക്കത്ത് കൈക്കുഞ്ഞുങ്ങളെയുമിരുത്തി അക്ഷരങ്ങളെ താലോലിക്കുന്നത്. പനമരം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം, 50 കഴിഞ്ഞ ഗൗരിയും ഇവിടത്തെ പഠിതാവാണ്. എല്ലാവരും ഒമ്പതാം ക്ലാസില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ വിവാഹക്കാര്യമായിരുന്നു ചര്‍ച്ചയെന്നു പഠിതാക്കളില്‍ ഒരാള്‍ പറഞ്ഞു. നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. സാക്ഷരാതാ പ്രേരക് ശോഭയാണ് തുടര്‍പഠനത്തിന് പ്രചോദനം നല്‍കിയത്. എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പതു മുതല്‍ നാലു വരെയാണ് ക്ലാസ്. മറ്റു ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോവും. കഴിഞ്ഞ ജൂലൈയിലാണ് ക്ലാസ് ആരംഭിച്ചത്. ഇതുവരെയായി ആരുടെയും ഒരു ക്ലാസും മുടങ്ങിയിട്ടില്ല. ആദിവാസി കോളനികളില്‍ കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ഇന്നും തുടരുകയാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്ലാത്തതാണ് കൊഴിഞ്ഞുപോക്ക് തുടരാന്‍ കാരണമെന്നു പഠിതാക്കളിലൊരാളായ സീത പറയുന്നു.
പനമരം ഗവ. ഹൈസ്‌കൂളില്‍ പ്ലസ്‌വണ്‍ തുല്യതാ ക്ലാസിനും തുടക്കമായി. പത്താം തരത്തില്‍ 30ഉം പ്ലസ് വണ്ണിന് 20ഉം പഠിതാക്കളുണ്ട്. പ്ലസ്‌വണ്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, അധാപകന്‍ അനീസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക